വ്യാഴദോഷം തീരാൻ സുദര്‍ശന മന്ത്ര ജപം
സുദര്‍ശന ചക്രത്തെ ആരാധിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി ആഗ്രഹസാഫല്യം നേടാന്‍ ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മാലാമന്ത്രം. വ്യാഴദോഷ പരിഹാരത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് സുദര്‍ശന മന്ത്രജപം.
വിഷ്ണുവിന് പ്രധാനം വ്യാഴാഴ്ചകളായതിനാൽ അന്ന് സുദര്‍ശന മന്ത്രം ചൊല്ലുന്നത് ശ്രേഷ്ഠമാണ്. തിരക്ക് ഏറെയുള്ളവര്‍ക്ക് എല്ലാ ദിവസവും ചൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ വ്യാഴാഴ്ചകളിലെങ്കിലും ചൊല്ലേണ്ടതാണ്. കുറഞ്ഞത് 108 തവണ ചൊല്ലിയാൽ അത്യുത്തമം. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഇതിന്റെ നേര്‍പകുതി 54 തവണ, ചൊല്ലിയാൽ മതി. പക്ഷെ വ്യാഴാഴ്ചകളില്‍ 108 തവണ തന്നെ ചൊല്ലണം. വിഷ്ണു പ്രീതിക്ക് ഏറ്റവും നല്ലത് സുദര്‍ശന ചക്രത്തെ പ്രീതിപ്പെടുത്തുകയാണ്. ഹോമം നടത്തുമ്പോള്‍ വിഷ്ണുവിന് പൂജയും സുദര്‍ശന ചക്രത്തിന് ഹോമവുമാണ് ചെയ്യുന്നത്.രാവിലെ കുളികഴിഞ്ഞ് അലക്കിയ വസ്ത്രം ധരിച്ചുവേണം മന്ത്രം ചൊല്ലേണ്ടത്. മന്ത്രജപസമയത്ത് മനസും ശരീരവും ശുദ്ധമായിരിക്കണം. പീഠത്തില്‍ ഇരുന്നുവേണം ചൊല്ലാന്‍. ഹോമം നടത്തുന്നവര്‍ക്ക് വൈകുന്നേരം ചൊല്ലാം.
വിഷ്ണു പ്രീതി കുറവാണെന്ന് അനുഭവങ്ങളിലൂടെ തോന്നുന്നവര്‍ക്ക് ദോഷം അകറ്റാൻ ഉത്തമ പരിഹാരമാണ് സുദര്‍ശന മന്ത്രം ജപം, ഹോമം തുടങ്ങിയവ.
ആത്മവിശ്വാസക്കുറവ്, നിരാശ, ഉത്കണ്ഠ, ഭയം, സാമ്പത്തിക ഞെരുക്കം, ധൂർത്ത്, തൊഴിൽ പരാജയം, കടം, ഭാഗ്യമില്ലായ്മ, കഫരോഗം, പ്രമേഹം, കരൾരോഗം തുടങ്ങിയവയാണ് വ്യാഴം പിഴച്ചു നിൽക്കുന്നതിനാൽ വിഷ്ണുവിന്റെ അനുഗ്രഹം കുറയുന്നതിന്റെ ലക്ഷണങ്ങൾ. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, പാലക്കാട് മംഗലത്തെ അഞ്ചുമൂര്‍ത്തി ക്ഷേത്രം- ഇവിടെ പ്രധാന പ്രതിഷ്ഠ സുദര്‍ശന വിഗ്രഹമാണ്, ആലപ്പുഴയിലെ തുറവൂര്‍ ക്ഷേത്രം- ഇവിടെ നരസിംഹവും സുദര്‍ശന വിഗ്രഹവുമാണ് പ്രധാന പ്രതിഷ്ഠ, തിരൂരിലെ ശ്രീനാരായണത്തുകാവ് സുദര്‍ശന ക്ഷേത്രം എന്നിവയാണ് കേരളത്തിലെ പ്രധാന സുദര്‍ശന ക്ഷേത്രങ്ങള്‍.
സുദർശന മന്ത്രം:
ഓം ക്‌ളീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര തന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട് സ്വാഹ