Friday, 5 Jul 2024

വ്യാഴാഴ്ച ഈ മന്ത്രങ്ങൾ ജപിച്ചാൽ എന്ത് മോഹവും സഫലമാകും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച പുണ്യദിനമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണ ജയന്തി. 2020 സെപ്തംബർ 10 വ്യാഴാഴ്ചയാണ് ഇത്തവണ അഷ്ടമി രോഹിണി.

ഈ ദിവസം വ്രതശുദ്ധിയോടെ ശ്രീകൃഷ്ണ ഭഗവാനെ ആരാധിച്ചാൽ എന്ത് മോഹവും സഫലമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
സാമ്പത്തികാഭിവൃദ്ധി, കർമ്മപുഷ്ടി, സന്താനഭാഗ്യം,
ശത്രുതാനിവാരണം, ദാമ്പത്യസുഖം, വ്യവഹാരവിജയം,
കലാസാഹിത്യ വിജയം, വിദ്യാവിജയം, ആപത്‌രക്ഷ,
ദാമ്പത്യകലഹ മോചനം, പ്രണയസാഫല്യം രാഷ്ട്രീയവിജയം, ഭരണനൈപുണ്യം, തൊഴിൽ ദുരിത ശമനം, വിദ്യാവിഘ്‌നം, കടബാദ്ധ്യതാമുക്തി, പാപമുക്തി തുടങ്ങി ഏത് കാര്യത്തിനും
അഷ്ടമിരോഹിണി വ്രതാനുഷ്ഠാനം ഉതകും. മത്സ്യ മാംസാദികൾ ത്യജിച്ച് ശാരീരിക ബന്ധം ഉപേക്ഷിച്ച് വേണം വ്രതമെടുക്കേണ്ടത്. ഈ ദിവസം ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന മന്ത്രങ്ങളും സ്‌തോത്രങ്ങളും നിഷ്ഠയോടെ ജപിക്കണം. ബുധദശ സമയത്ത് പുലയും വാലായ്മയും ഇല്ലെങ്കിൽ അഷ്ടമിരോഹിണി വ്രതം തീർച്ചയായും അനുഷ്ഠിക്കണം. ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ് അഷ്ടമി രോഹിണി. അന്ന് പറ്റിയില്ലെങ്കിൽ ബുധൻ, വ്യാഴം ദിവസങ്ങൾ ജപാരംഭത്തിന് സ്വീകരിക്കാം. ഗുരുപദേശം നേടി ജപിച്ചാൽ വേഗം ഫലസിദ്ധി ലഭിക്കും. കൃഷ്ണപ്രീതിക്ക് ജപിക്കാൻ പറ്റിയ ചില മന്ത്രങ്ങളും ഫലസിദ്ധിയും:

ശ്രീകൃഷ്ണ മൂലമന്ത്രം

ഓം ക്ലീം കൃഷ്ണായ നമ: എന്ന ഭഗവാന്റെ മൂലമന്ത്രം വ്രതദിവസം രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുന്നത് ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അതിവിശേഷമാണ്. നിത്യ ജപത്തിനും ഉത്തമം.

ദ്വാദശാക്ഷ മഹാമന്ത്രം
അത്യത്ഭുതകരമായ അനുഗ്രഹശക്തിയുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ദ്വാദശാക്ഷ മഹാമന്ത്രമായ ‘ഓം നമോഭഗവതേ വാസുദേവായ’ 144 പ്രാവശ്യം വീതം അഷ്ടമിരോഹിണി ദിവസം രാവിലെയും വൈകിട്ടും ജപിക്കുന്നത് ഇഷ്ടകാര്യലബ്ധിക്കും പാപശാന്തിക്കും നല്ലതാണ്. ഈ മന്ത്രം 1008 പ്രാവശ്യം 48 ദിവസം തുടർച്ചയായി ജപിച്ചാൽ സർവ്വപാപങ്ങളും അകലും. വ്രതമെടുത്ത് നിഷ്ഠയോടെ ബ്രാഹ്മമുഹൂർത്തത്തിൽ ജപിച്ചാൽ ഈശ്വരസാന്നിദ്ധ്യവും അറിയാനാകും.

ഭാഗവത പാരായണം
ജന്മാഷ്ടമി ദിവസം ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത,വിഷ്ണുസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ്. മന:ശാന്തിക്ക് രാവിലെയാണ് പാരായണം ചെയ്യേണ്ടത്. ശ്രീകൃഷ്ണാവതാരം നടന്ന അർദ്ധരാത്രിയിൽ ഭാഗവതം പാരായണം ചെയ്യുന്നത് ഏറ്റവും ഫലപ്രദമാണ്.

ഗോവിന്ദസൗഭാഗ്യ മന്ത്രം
കലകളിൽ അഭിമാനകരമായ വിജയത്തിന് ഗോവിന്ദ സൗഭാഗ്യ മന്ത്രജപം തുടങ്ങേണ്ടത് അഷ്ടമി രോഹിണി ദിവസമാണ്. മന്ത്രം ചുവടെ ചേർക്കുന്നു. ദിവസവും മുടങ്ങാതെ 18 തവണ വീതം ജപിക്കണം. അത്ഭുതകരമായ വശ്യശക്തിയുള്ളതാണ് ഈ മന്ത്രം. അഭിനയം, സംഗീതം, നൃത്തം, രാഷ്ട്രീയം രംഗത്ത് അപാരമായ പ്രശസ്തിക്കും ജനസമ്മതിക്കും ഇത് ഉപകാരപ്പെടും. എത്ര ജപിക്കാമോ അത്ര നല്ലത്. അഷ്ടമി രോഹിണി ദിവസം ജപം തുടങ്ങാൻ സാധിച്ചില്ലെങ്കിൽ ഒരു ബുധനാഴ്ച അല്ലെങ്കിൽ വ്യാഴാഴ്ച ശുഭ്രവസ്ത്രം ധരിച്ച് ജപം തുടങ്ങേണ്ടതാണ്:

ഓം ക്ലീം നമ: കാമദായിനെ
വിശ്വമോഹായ വിശ്വശാന്തിദായിനെ
അന്തർഗ്ഗളായ
നിത്യായ നിരവദ്യായ നിശ്ചിന്തായ നിത്യസ്വരൂപായ ക്ലീം ക്ലീം
ബ്രഹ്മജ്ഞാന പ്രദായിനേ നമ:

രാജഗോപാല മന്ത്രം
അഷ്ടമിരോഹിണി ദിവസം ഗോപാലകൃഷ്ണനെ
ധ്യാനിച്ച് രാജഗോപാല മന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാൽ ആർക്കും തന്നെ സ്വർഗീയ സുഖവും ഐശ്വര്യവും വശീകരണ നൈപുണ്യവും ലഭിക്കും. ശത്രുദോഷവും ദൃഷ്ടിദോഷവും മാറും:

കൃഷ്ണകൃഷ്ണ മഹായോഗിൻ
ഭക്താനാമഭയങ്കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനയ സ്വാഹ

വിദ്യാരാജഗോപാലമന്ത്രം
വിദ്യാരാജഗോപാല മന്ത്രജപം അഷ്ടമിരോഹിണി
ദിവസം ആരംഭിക്കുന്നത് നല്ലതാണ്. നിത്യവും 8 പ്രാവശ്യം വീതം രണ്ട് നേരവും ജപിച്ചാൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിക്കും. ഇത് പരീക്ഷാവിജയത്തിന് ഉത്തമമാണ്.

ഓം കൃഷ്ണ കൃഷ്ണ
ഹരേകൃഷ്ണ
സർവ്വജ്ഞത്വം പ്രസീദമെ
രമാരമണ വിശ്വേശ
വിദ്യാമാശുപ്രയശ്ചമെ

സുശ്യാമ മന്ത്രം
പ്രേമസാഫല്യത്തിനും ദാമ്പത്യസൗഖ്യത്തിനും ദാമ്പത്യ ഭദ്രതയ്ക്കും വേണ്ടിയുള്ള സുശ്യാമ മന്ത്രം അഷ്ടമി രോഹിണി ദിവസമാണ് ജപിച്ചു തുടങ്ങേണ്ടത്. ഈ
മന്ത്രം 48 തവണ വീതം ദിവസവും രണ്ട് നേരം
ജപിച്ചാൽ അതിശക്തമായ ദാമ്പത്യകലഹം പോലും അകലും. എല്ലാ തട‌സങ്ങളും നീങ്ങി പ്രേമസാഫല്യം ഉണ്ടാകും.

സുശ്യാമകോമളം ദേവം
ഗോപീമാനസസുന്ദരം
കാമ ദേവസമാനാഭം
ശ്രീകൃഷ്ണം പ്രണതോസ്മ്യഹം

നവനീത ഗോപാലമന്ത്രം
കുട്ടികളുടെ ഭയം മാറ്റാനുള്ള വിശിഷ്ട മന്ത്രമാണ് ശ്രീകൃഷ്ണ നവനീത ഗോപാലമന്ത്രം. ഈ മന്ത്രം ജപിക്കുമ്പോൾ കുഞ്ഞുങ്ങളുടെ ഉത്സാഹക്കുറവും രോഗാരിഷ്ടതകളും ദു:സ്വഭാവങ്ങളും ആത്മവിശ്വാസക്കുറവും മാറും. അഷ്ടമി രോഹിണി ദിവസമാണ് മന്ത്രജപം ആരംഭിക്കേണ്ടത്. 48 പ്രാവശ്യം വീതം രണ്ട് നേരം ജപിക്കണം. ഈ മന്ത്രം ശിശുക്കളെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപ്പിച്ച് കത്തിച്ചുവച്ച നെയ് വിളക്കിന് മുന്നിൽ തൊഴുകൈകളോടെ ഇരുത്തി അമ്മമാർ പറഞ്ഞുകൊടുത്ത് ചൊല്ലിക്കണം.

ഓം ക്ലീം ക്ലീം ഗോപാലമൂർത്തയെ
നവനീത പ്രിയായ
നവരത്‌നാലംകൃതായ
ചക്രശേഖര പ്രിയയായ
ക്ലീം ശ്രീം നമോനമ:

ദേവകീപുത്രമന്ത്രം
അഷ്ടമിരോഹിണി ദിവസം ജപം തുടങ്ങാവുന്ന മറ്റൊരു മന്ത്രമാണ് സന്താന സൗഭാഗ്യത്തിന് ഉത്തമമായ ദേവകീപുത്രമന്ത്രം. അഷ്ടമിരോഹിണി ദിവസം വ്രതശുദ്ധിയോടെ ഈ മന്ത്രം ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് 108 പ്രാവശ്യം ജപിക്കണം. ഇത് 12 ദിവസം ചിട്ടയോടെ തുടരണം. കന്നി മാസത്തിലും രോഹിണി നക്ഷത്രത്തിൽ തുടങ്ങി ഇതുപോലെ 12 ദിവസം ജപിക്കണം. തുലാം മാസവും ഇപ്രകാരം തുടരണം. എല്ലാ തട‌സങ്ങളും നീങ്ങി ഇഷ്ടസന്താന സൗഭാഗ്യം ലഭിക്കും. സൽസ്വഭാവികളായ കുട്ടികളിയിരിക്കും ജനിക്കുന്നത്.

ഓം ക്ലീം ഗോവല്ലഭായ
ക്ലീം കൃഷ്ണായ
ദേവകീ പുത്രായ ഹുംഫട്

ബലരാമമന്ത്രം
ഭൂമിസംബന്ധമായ വ്യവഹാരങ്ങൾ, തർക്കങ്ങൾ
എന്നിവ അകന്ന് വിജയം ലഭിക്കുന്നതിനായി ബലരാമനെ പ്രീതിപ്പെടുത്തുന്ന മന്ത്രമാണ് ബലരാമമന്ത്രം. ഭവന സംബന്ധമായ ദോഷശാന്തിക്കും സ്ഥലദോഷ നിവാരണത്തിനും ബലരാമപ്രീതി ആവശ്യമാണ്. ഈ മന്ത്ര ജപം അഷ്ടമിരോഹിണി ദിവസം ആരംഭിക്കണം. 28 പ്രാവശ്യം രണ്ട് നേരവും ഈ മന്ത്രം ജപിക്കണം. മത്സ്യമാംസാദികൾ ത്യജിച്ച് വ്രതനിഷ്ഠയോടെ 41 ദിവസം ജപിച്ചാൽ അത്ഭുതകരമായ അനുഭവങ്ങളുമുണ്ടാകും.

ഓം ബലപ്രമഥായ രൂപായ
രാമായാനന്ദരൂപിണെ
മഹാസന്തോഷരൂപായ
രോഹിണി പ്രിയകാമദ
രാം രാമായ രാമായ
വിശ്വശാന്തി പ്രദായിനേ
സർവ്വസൗഖ്യം ദദാതെ
ശാന്തി പ്രദായക
ഓം ശ്രീം ഹലായുധായനമ:

ലക്ഷ്മീശമന്ത്രം
ധനാഭിവൃദ്ധിക്ക് ധനാകർഷണത്തിനും പറ്റിയ
മന്ത്രമാണ്. ലക്ഷ്മീശമന്ത്രം. ഇതും അഷ്ടമി
രോഹിണി ദിവസം ജപിച്ച് തുടങ്ങണം. കടബാദ്ധ്യത ഇല്ലാതാക്കാൻ ഈ മന്ത്രജപം സഹായിക്കും. 108 തവണ വീതം ദിവസവും രണ്ട് നേരം ജപിക്കുക. 21 ദിവസം കൊണ്ട് കടബാദ്ധ്യതയകന്ന് ധനലബ്ധിയുണ്ടാകാം. ഇവിടെ നൽകുന്ന രണ്ടു മന്ത്രങ്ങളിൽ ഒരെണ്ണം സ്വീകരിക്കാം :
1
ഓം ക്ലീം കൃഷ്ണായ നമ:
തേജോരൂപിണേ
യോഗീശ്വരായ ശ്രീം നമ:
2
കാലപുരുഷായ യോഗാത്മനെ
ലക്ഷ്മീനാഥായ
ധനദായിനെ ശ്രീ ധനാദ്ധ്യക്ഷായ
കമലാപ്രിയായ ശ്രീം നമ:

സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

1 thought on “വ്യാഴാഴ്ച ഈ മന്ത്രങ്ങൾ ജപിച്ചാൽ എന്ത് മോഹവും സഫലമാകും

Comments are closed.

error: Content is protected !!
Exit mobile version