Monday, 8 Jul 2024

വ്യാഴാഴ്ച പൂരം ഗണപതി; ബാല ഗണപതി അഷ്‌ടൈശ്വര്യം സമ്മാനിക്കുന്ന സുദിനം

ജ്യോതിഷരത്നം വേണു മഹാദേവ്
ഗണപതി ഭഗവാന് ചിങ്ങത്തിലെ വിനായകചതുര്‍ത്ഥി പോലെ സുപ്രധാന ദിനമാണ് മീനമാസത്തിലെ പൂരം. ഗണേശ്വരനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന
വിശേഷ ദിവസമായ പൂരം ഗണപതി 2022 മാർച്ച് 17 വ്യാഴാഴ്ചയാണ്. ചിങ്ങ മാസത്തിലെ വിനായക ചതുർത്ഥി, തുലാമാസത്തിലെ തിരുവോണം ഗണപതി, മീന മാസത്തിലെ പൂരം ഗണപതി, വിദ്യാരംഭ ദിവസമായ വിജയദശമി, എല്ലാ മാസത്തെയും ആദ്യ വെള്ളിയാഴ്ച എന്നിവ ഗണപതി ഭഗവാന് ഏറെ വിശേഷമാണ്. പൂരം ഗണപതി ദിവസം ഭഗവാനെ ഉണ്ണി ഗണപതിയായി സങ്കല്പിച്ച് പുജയും വഴിപാടും നടത്തുന്നത് എല്ലാ തടസങ്ങളും അകറ്റി അഷ്‌ടൈശ്വര്യങ്ങളും നൽകും.

ആശ്രിതരെ ഒരിക്കലും കൈവെടിയാത്ത ഗണേശ ഭാവമായ ബാലവിനായകനെ ഉപാസിക്കുന്നതിന് ഏറ്റവും നല്ല ദിവസമായ പൂരം ഗണപതി നാളിൽ ചെങ്കണപതി ഹോമം വഴിപാട് നടത്തണം. വീട്ടിലും ചെങ്കണപതി ഹോമം ലളിതമായി ചെയ്യാം. രാവിലെ കുളിച്ച് ശുദ്ധമായി അടുപ്പു കത്തിച്ച്, അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്പം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുകയാണ് വേണ്ടത്. ചകിരിത്തൊണ്ടില്‍ തീ കത്തിച്ചു ചെങ്കണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോള്‍ ഗണേശന്റെ മൂലമന്ത്രമായ ഓം ഗം ഗണപതയേ നമ: കഴിയുന്നത്ര തവണ ജപിക്കണം. വ്യക്തിയും കുടുംബവും നേരിടുന്ന വിഘ്‌നങ്ങളെല്ലാം ഇതിലൂടെ അകറ്റാം. ഗൃഹത്തിൽ ഐശ്വര്യവും സമൃദ്ധിയും വന്നു കയറുകയും ചെയ്യും.

പൂരം ഗണപതി ദിനത്തില്‍ ശ്രീഗണേശദ്വാദശ മന്ത്രമോ ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രമോ ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം ജപിച്ചാല്‍ ഇഷ്ടകാര്യലബ്ധി, വിഘ്‌നനിവാരണം, പാപമോചനം എന്നിവയാണു ഫലം. 108 തവണ ജപിക്കുന്നതു ശ്രേഷ്ഠമാണ്. എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകര്‍മ്മം ആരംഭിക്കുമ്പോഴും വിഘ്നേശ്വരനായ ഗണപതി ഭഗവാനെയാണ് ആദ്യം വന്ദിക്കുന്നത്. ഏതു പ്രവൃത്തിയുടെയും ആരംഭത്തിന് മുന്‍പും ഗണപതി ഭഗവാനെ വന്ദിച്ചാല്‍ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും എന്നാണ് പരമ്പരാഗത വിശ്വാസം. അതിനാലാണ് ഭഗവാന് വിഘ്നേശ്വരന്‍ എന്ന പേര് സിദ്ധിച്ചത്. ശിവഭഗവാന്റെയും പാര്‍വതിയുടെയും പ്രഥമ പുത്രനാണ് ഗണനാഥനായ ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമാണ് ഭഗവാൻ.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഭഗവാൻ ബാലഗണപതി ഭാവത്തിലാണ് കുടികൊള്ളുന്നത്. തെക്കോട്ട് ദർശനം. സ്വർണ്ണവർണ്ണം. രണ്ടുകൊമ്പുകൾ. നാല് തൃക്കൈകൾ. വിഗ്രഹത്തിന്റെ കഴുത്തിൽ രണ്ടു മടക്കിലുള്ള സ്വർണ്ണ രുദ്രാക്ഷമാല. തിരുനെറ്റിയിൽ സ്വർണ്ണപ്പതക്കം – ഇതാണ് കൊട്ടാരക്കരയിലെ ബാലഗണപതിയുടെ രൂപം. കൊട്ടാരക്കര ഗണപതിയെ വിളിച്ചു പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ലെന്നാണ് വിശ്വാസം. രോഗങ്ങൾ മാറിയവരും പരീക്ഷയിൽ വിജയം നേടിയവരും ഉൾപ്പെടെ കൊട്ടാരക്കര ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിച്ച എത്രയോ ആയിരങ്ങൾ വീണ്ടും വീണ്ടും ഈ ക്ഷേത്രത്തിലെത്തുന്നു.

ശ്രീഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണ പിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോദരായ നമ:
ഓം വികടായ നമ:
ഓം വിഘ്ന രാജായ നമ:
ഓം ധ്രൂമ്ര വർണ്ണായ നമ :
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:

ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രം

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം
വിനായകം ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം

ലംബോധരം പഞ്ചമം ച ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്‌നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം

നവമം ഫാലചന്ദ്രം ച ദശമം തു വിനായകം

ഏകാദശം ഗണപതീം ദ്വാദശം തു ഗജാനനം

(വക്രതുണ്ഡൻ, ഏകദന്തൻ, കൃഷ്ണപിംഗാക്ഷൻ, ഗജവക്ത്രൻ, ലംബോധരൻ, വികടൻ, വിഘ്‌നരാജൻ, ധൂമ്രവർണ്ണൻ, ഫാലചന്ദ്രൻ, വിനായകൻ, ഗണപതി, ഗജാനൻ എന്നീ പന്ത്രണ്ട് നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിക്കുന്നവർക്ക് വിഘ്നഭയമുണ്ടാകില്ല. എല്ലാ സിദ്ധികളും ലഭിക്കും. വിദ്യാർത്ഥിക്ക് വിദ്യ, ധനാർത്ഥിക്ക് ധനം, പുത്രാർത്ഥിക്ക് പുത്രൻ, മോക്ഷാർത്ഥിക്ക് മോക്ഷവും ലഭിക്കും. ആറുമാസം ജപിച്ചാൽ ഫലവും ഒരു വർഷം കൊണ്ട് സിദ്ധിയും ലഭിക്കും)

ശ്രീഗണേശ ഗായത്രി

1
ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

2
തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

3
ലംബോദരായ വിദ്മഹേ
മഹോദരായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

4
മഹോത്കടായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

5
തത്കരാടായ വിദ്മഹേ
ഹസ്തിമുഖായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: importance of Pooram Ganapathy

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version