Friday, 22 Nov 2024

വ്യാഴ, ശനി ദോഷങ്ങൾ തീരുന്ന ഗുരുവായൂർ ഭൂലോക വൈകുണ്ഠം

ഡോ. ആർ.ശ്രീദേവൻ
വ്യാഴം, ശനി ഗ്രഹങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ടെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗുരുവായൂർ മഹാക്ഷേത്രം. ഗുരുവിന്റെയും വ്യാഴത്തിന്റെയും തിരുസന്നിധിയാണ് ഭൂലോക വൈകുണ്ഠം എന്ന് ഭുവന പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം. ഗുരു എന്നാൽ വ്യാഴം; വായു എന്നാൽ ശനി. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആധാരമായ ശക്തിയുടെ ഉറവിടമായ വ്യാഴത്തിന്റെയും പ്രാണശക്തി പഞ്ചപ്രാണ വായുക്കളായി ശരീരത്തിൽ നിലനിർത്തി ഓരോ ശരീരത്തിന്റെയും എല്ലാ രീതിയിലുമുള്ള പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ശനിയുടെയും ഊര് അഥവാ സ്ഥലം എന്നാണ് ഗുരുവായൂർ എന്ന പദത്തിന്റെ അർത്ഥം. ഈ വാക്കിനെ പിരിച്ച് എഴുതിയാൽ: ഗുരു+വായു+ഊര്= ഗുരുവായൂർ.

എല്ലാ മഹാക്ഷേത്രങ്ങളും ഗ്രഹങ്ങളുടെ ശക്തി പ്രബലമാകുന്ന ഭൂഭാഗങ്ങളിലാണ് കുടികൊളളുന്നത് എന്ന പരമാർത്ഥം പലർക്കും അറിയില്ല. അഥവാ ആരും അത് അന്വേഷിക്കാനും മന‌സിലാക്കാനും ശ്രമിക്കാറില്ല. ഷിർദ്ദി സായിബാബയുടെ ക്ഷേത്രസ്ഥാനത്തു നിന്നും ഏതാണ്ട് 70 കിലോമീറ്റർ അകലെ ശനി ശിങ്കണാപൂർ എന്നൊരു സ്ഥലമുണ്ട്. അവിടെ പ്രസിദ്ധമായ ഒരു ശനീശ്വരക്ഷേത്രവുമുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്തിലാണ് ശിങ്കണാപൂർ ഗ്രാമം. അവിടുത്തെ പ്രത്യേകത ഈ ഗ്രാമത്തിലെ ഒരു വീടുകൾക്കും വാതിലുകളില്ല എന്നതാണ്. കാരണം അവിടെ കള്ളന്മാരില്ല. അക്രമികളില്ല. പ്രായമായ പെൺകുട്ടികൾ താമസിക്കുന്ന വീടുകൾക്കുപോലും അടച്ചുറപ്പില്ല. ഒരാളും ഒരു അക്രമവും ചെയ്യുന്നില്ല. അതിനു കാരണമായി ഭക്തർ വിശ്വസിക്കുന്നത് ശനിദേവന്റെ അവിടുത്തെ സാന്നിദ്ധ്യമാണ്. അവിടെ ശനിയുടെ ശക്തി അത്ര അധികമാണെന്നും ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്യാൻ ശ്രമിച്ചാൽ മതി ഉടൻ അവരുടെ കാഴ്ചശക്തി നഷ്ടപ്പെടുമെന്ന് വിശ്വാസം. ഒരു വീടിനും വാതിലുകളില്ലാത്ത കാര്യം നേരിൽ കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടു പോകും.. തണുപ്പുകാലത്ത് ഒരു ബ്‌ളാങ്കറ്റ് അല്ലെങ്കിൽ ചാക്ക് വാതിലിനു മുമ്പിൽ തൂക്കിയിടും; അത്ര തന്നെ. അപ്പോൾ ഒന്നു വ്യക്തം. ശനി അത്ര ശിക്ഷകനാണ് ; ഒരു നല്ല അദ്ധ്യാപകനാണ്. മനുഷ്യരെ നേരായ മാർഗ്ഗത്തിൽ നടത്തിക്കുന്നതിന് കഴിവുള്ളവനുമാണ്. ശനി ശിങ്കണാപൂരിൽ ശനിയുടെ പ്രതിഷ്ഠയിലോ ക്ഷേത്രത്തിലോ ഒന്നുമല്ല ഭക്തർ ആരാധന നടത്തുന്നത്. ഒരു കരിങ്കല്ലിന്റെ പാളി ഉയർത്തി നിർത്തിയിരിക്കുന്നു. അതു മാത്രമേ അവിടുള്ളു. അതിൽ ഭക്തർ എള്ളെണ്ണ അഭിഷേകം ചെയ്യുന്നു.

ഗുരുവായൂർ ക്ഷേത്രത്തിന്റെ ശാസ്ത്രീയമായ ശക്തി ചൈതന്യം മന‌സിലാക്കുമ്പോൾ പല കാര്യങ്ങളും നമുക്ക് വളരെ ആഴത്തിൽ അറിയാൻ കഴിയും.അതിനാലാണ് ആശ്രിതവത്സലനായ ഗുരുവായൂരപ്പനിൽ വിശ്വസിക്കുന്നവരുടെ സംഖ്യ അനുദിനം വർദ്ധിക്കുന്നത്. ലോകത്തിൽ ഇത്ര ചൈതന്യമുള്ള വേറൊരു ക്ഷേത്രം ഉണ്ടെന്നു തോന്നുന്നില്ല. വിഷ്ണു വൈകുണ്ഠത്തിൽ പൂജിച്ചിരുന്ന അഞ്ജനക്കല്ലിലുളള വിഗ്രഹമാണത്രേ ഇത്. അതുകൊണ്ടാണ് അഞ്ജന ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ എന്ന് ഗുരുവായൂരപ്പനെ ഭജിക്കുന്നത്. ബ്രഹ്‌മാവ്, സുതപസ്, കശ്യപ പ്രജാപതി എന്നിവർ വഴി കൈമാറി അത് വസുദേവരുടെ പക്കലെത്തി. അങ്ങനെ ശ്രീകൃഷ്ണ ഭഗവാൻ അത് ദ്വാരകയിൽ വച്ച് പൂജിച്ചു പോന്നു. ദ്വാരക പ്രളയത്തിൽ മുങ്ങിയപ്പോൾ ജലോപരിതലത്തിൽ പ്രത്യക്ഷപ്പെട്ട വിഗ്രഹം ഉദ്ധവർ ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. കലിയുഗത്തിൽ സകലർക്കും ആരാധിച്ച് മുക്തി നേടാൻ കഴിയുന്ന സ്ഥലത്ത് വിഗ്രഹം പ്രതിഷ്ഠിക്കണമെന്ന് ബൃഹസ്പതിയെ അറിയിക്കണമെന്ന് ഭഗവാൻ തന്നെ ഉദ്ധവരോട് നേരത്തേ പറഞ്ഞിരുന്നു. അതനുസരിച്ച് വിഗ്രഹം ഗുരുവും വായുദേവനും കൂടി ഗുരുവായൂരിൽ എത്തിച്ചു പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ആദിശങ്കരാചാര്യരാണ് ഗുരുവായൂരിലെ പൂജാക്രമങ്ങൾ ചിട്ടപ്പെടുത്തിയത്. യാതൊരു ലോപവും വരാതെ അത് പാലിക്കപ്പെടുന്നതാണ് ക്ഷേത്രത്തിന്റെ സകല വിധ ചൈതന്യത്തിനും അഭിവൃദ്ധിക്കും കാരണം.വ്യാഴം, ശനി ഗ്രഹങ്ങൾ കാരണമുണ്ടാകുന്ന എല്ലാ വിധ ദോഷപരിഹാരത്തിനും ഗുരുവായൂരപ്പനെ വിളിച്ച് പ്രാർത്ഥിച്ചാൽ മതി. വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശി അതി വിശേഷമാണ്. എന്തായാലും മിക്ക മഹാക്ഷേത്രങ്ങൾക്കും ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ശക്തി വിശേഷമാണുള്ളത്. ഗ്രഹശക്തികളുമായുള്ള ബന്ധത്തിന്റെ ഉദാഹരണമാണ് ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ അടയ്ക്കുന്നത്. എല്ലാ ക്ഷേത്രങ്ങളും സൂര്യനും ചന്ദ്രനുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ആണ് ഉത്സവങ്ങളും വിശേഷങ്ങളും ആചരിക്കുന്നത്. ഏകാദശി, അഷ്ടമിരോഹിണി, മകരസംക്രമം എന്നിവയെല്ലാം സൂര്യചന്ദ്രന്മാരെ അടിസ്ഥാനമാക്കി തന്നെയാണ് ആചരിക്കുന്നത്. വൈകുണ്ഠത്തിൽ മഹാവിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം എല്ലാ ചൈതന്യത്തോടെയും ഉള്ളത് കൊണ്ടാണ് ഗുരുവായൂർ ഭൂലോക വൈകുണ്ഠം ആകുന്നത്. ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്തിനായി കഴിയുന്ന നേരത്തെല്ലാം പ്രാർത്ഥിക്കാം : ഓം നമോ നാരായണായ,
ഓം നമോ ഭഗവതേ വാസുദേവായ.

ഡോ. ആർ.ശ്രീദേവൻ, കാർഡ്, കൊച്ചി.
+91 9446006470

error: Content is protected !!
Exit mobile version