ശക്തി ഗണപതിയെ ഉപാസിച്ചാൽ
എവിടെയും ജയിക്കാം; ഭയം അകറ്റാം
ജോതിഷരത്നം വേണു മഹാദേവ്
അത്ഭുതകരമായ ശക്തി വിശേഷമുള്ള ഒരു ഗണപതി ഭാവമാണ് ശക്തി ഗണപതി. ഭഗവാന്റെ പ്രസിദ്ധമായ 32 ഭാവങ്ങളിൽ അഞ്ചാമത്തേതാണ് ഇത്. ശക്തി എന്നാൽ കരുത്ത് എന്നർത്ഥം. പക്ഷേ ഇവിടെ ഉദ്ദേശിക്കുന്നത് ശക്തി ദേവിയെയാണ്. ശക്തിയോടൊത്ത് ഇരിക്കുന്ന ഗണേശ ഭഗവാൻ ശക്തി ഗണേശൻ. ഗണേശന്റെ ഇടത് മടിത്തട്ടിലാണ് തന്റെ ദേവിയായ ശക്തി ഇരിക്കുന്നത്. സർവ ജീവജാലങ്ങൾക്കും ശക്തിചൈതന്യം നൽകുക ഈ ശക്തി ദേവിയാണ്. ഇവിടെ താന്ത്രിക ഭാവത്തിൽ ഇരിക്കുന്ന വിഘ്നേശ്വരന് ചെങ്കനൽ നിറമാണ്. നാലു കെെകൾ. താഴത്തെ വലതു കൈ അഭയ മുദ്രയാക്കി സംരക്ഷണവും അനുഗ്രഹം ചൊരിയുന്നു. മുകളിലെ രണ്ടു കൈകളിൽ പാശവും അങ്കുശവും കാണാം. താഴെ ഇടതു കരം കൊണ്ട് പച്ചപ്പട്ടുടുത്ത ശക്തി ദേവിയെ ആലിംഗനം ചെയ്യുന്നു. ആ കൈയിൽ ഒരു നാരങ്ങയുണ്ട്. ചില ചിത്രങ്ങളിൽ തുമ്പിക്കൈയിൽ മോദകം കാണാം.
ഈ ഭാവത്തിലുള്ള ഗണപതി ഭഗവാന്റെ ചിത്രങ്ങൾ പലയിടത്തുമുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഈ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. മെെസൂറിലെ പലയിടങ്ങളിലും ശക്തി ഗണപതി ശില്പം കാണാം. മധുര തിരുപ്പുറം കുണ്ഡ്രം ശ്രീമുരുക ക്ഷേത്രത്തിൽ ശക്തി ഗണപതിക്ക് പ്രതിഷ്ഠയും ആരാധനയുമുണ്ട്. തമിഴ് നാട്ടിലും കർണ്ണാടകത്തിലും ധാരാളം ശക്തി ഗണപതി ക്ഷേത്രങ്ങളുണ്ട്. തിരുവനന്തപുരത്ത് പേരൂർക്കടയ്ക്ക് സമീപം മരുതൂർ ചിറ്റാഴയിൽ ഒരു ശക്തി ഗണപതി സന്നിധിയുണ്ട്. ചിറ്റാഴ ഗണപതി ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.
പഞ്ചഭുതങ്ങളിൽ ആകാശത്തിന്റെ പ്രതീകമാണ് ശക്തിഗണപതി. ശക്തി ഗണപതിയെ ആരാധിച്ചാൽ ഇന്ദ്രിയ നിയന്തണം ലഭിക്കും. ഏകാഗ്രതയോടെ എന്തു കാര്യവും അനുഷ്ഠിച്ച് അതിവേഗം ലക്ഷ്യത്തിലെത്താനും എവിടെയും വിജയിക്കാനുമാകും. ഗൃഹത്തിൽ ഐക്യം, സമാധാനം എന്നിവ നിലനിറുത്താം. ഭയസംഭ്രമം അകറ്റി ധൈര്യം നേടാനും ദുഷ്ടശക്തികളെ നശിപ്പിച്ച് കുടുംബം സംരക്ഷിക്കാനും ഈ മന്ത്രത്താൽ ഗണപതി ഭഗവാനെ ഉപാസിക്കുന്നത് നല്ലതാണ്.
ശക്തി ഗണപതി മന്ത്രം
ആലിംഗ്യ ദേവീം ഹരിതാങ്കയഷ്ടിം
പരസ്പരാശ്ലിഷ്ട കടി പ്രദേശം
സന്ധ്യാരുണം പാശസൃണിം വഹന്തം
ഭയാപഹം ശക്തി ഗണേശ മീഢേ
(മടിയിലിരിക്കുന്ന പച്ചപ്പട്ടുടുത്ത ദേവിയെ ആലിംഗനം ചെയ്തിരിക്കുന്നു. ദേവി തിരിച്ചും. നിറം സന്ധ്യാരുണിമ. പാശവും തോട്ടിയും കൈയിൽ വഹിക്കുന്ന ഈ ദേവൻ ഭയത്തെ നശിപ്പിക്കും.)
ശ്രീശക്തി വിനായക മന്ത്രം
ധ്യാനം
വിഷാണാങ്കുശാവക്ഷസൂത്രം
ച: പാശം ദധാനം കരൈർ മോദകം
പുഷ്കാരേണ സ്വപത്ന്യാ യുതം
ഹേമ ഭൂഷാഭരാഡ്യം ഗണേശം
സമുദ്യ ദിന ശോഭമിദ്യേ
അസ്യ ശ്രീശക്തി വിനായക മന്ത്രസ്യ
ഭാർഗവ ഋഷി വിരാട് ഛന്ദ
ശക്തി ഗണാധിപോ ദേവത
ഹ്രീം ശക്തി ഗ്രീം ബീജം ആത്മനോ
അഭിഷ്ട സിദ്ധർത്ഥോ ജപേ വിനിയോഗ
മൂലമന്ത്രം
ഓം ഹ്രീം ഗ്രീം ഹ്രീം
(സകലമാന ഐശ്വര്യവും ലഭിക്കുന്ന ഈ മൂലമന്ത്രം ഗുരു ഉപദേശത്തോടെ മാത്രം ജപിക്കുക)
ജോതിഷരത്നം വേണു മഹാദേവ്
+918921709017
Summary: Significance and benifits of Shakthi Ganapati Upasana