ശത്രുദോഷവും സര്‍പ്പദോഷവും അകറ്റാൻ ഗരുഡപ്രീതി
മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡൻ. എല്ലാ വിഷ്ണുസന്നിധികളിലും ശ്രീകോവിലിന് മുന്നിലായി ഗരുഡന്റെ സാന്നിദ്ധ്യം ഉണ്ടാകും. വിഷ്ണുക്ഷേത്ര ദർശനം നടത്തുമ്പോൾ ഗരുഡനെ വണങ്ങിയ ശേഷമാണ് ശ്രീകോവിലിൽ ഭഗവാനെ തൊഴുത് പ്രാർത്ഥിക്കേണ്ടത്.
ഗരുഡപ്രീതിയുണ്ടെങ്കിൽ ശത്രുദോഷവും രോഗങ്ങളും അകന്ന് ധനവും കീർത്തിയും ഐശ്വര്യവും ലഭിക്കും. ശ്വാസകോശരോഗങ്ങള്‍സന്താനക്ലേശം, കുഞ്ഞുങ്ങളുടെ അനാരോഗ്യം, , ത്വക്‌രോഗങ്ങള്‍, വെള്ളപ്പാണ്ട്, കരപ്പന്‍ തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ് ഗരുഡന്റെ അനുഗ്രഹം. കടുത്ത സര്‍പ്പദോഷം പോലും ഗരുഡനെ ആരാധിച്ചാൽ അകലും. തികഞ്ഞ ഭക്തവത്സലനായാണ് ഗരുഡനെ വിശേഷിപ്പിക്കുന്നത്. തന്റെ ഭക്തരുടെ ചെറിയ വിഷമം പോലും ഗരുഡന് താങ്ങാനാകില്ല; അതിവേഗം ആ കണ്ണീരൊപ്പും. ചിങ്ങമാസത്തിലെ ചോതി നക്ഷത്രമാണ് ഗരുഡന്റെ ജന്മനക്ഷത്രം.
ഉത്സവ സമയത്ത് ഭഗവാൻ ഗരുഡ വാഹനത്തിൽ എഴുന്നള്ളുന്നത് മിക്ക വിഷ്ണുക്ഷേത്രങ്ങിലെയും നല്ല കാഴ്ചയാണ്. ഭഗവാന്റെ കൊടിയടയാളത്തിലും കുടികൊളളുന്ന ഗരുഡദർശനം ശുഭ ദർശനമാണ്. ക്ഷേത്ര സംബന്ധമായ എല്ലാ മംഗളകർമ്മങ്ങളിലും ഗരുഡന്റെ അത്ഭുത സാന്നിദ്ധ്യമുണ്ടാകും. ക്ഷേത്രപ്രതിഷ്ഠ, കുംഭാഭിഷേകം, വിശേഷ പൂജകൾ, വഴിപാടുകൾ എന്നിവ നടക്കുമ്പോഴെല്ലാം കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് നിർവ്വചിക്കാൻ കഴിയാത്ത പതിവു കാഴ്ചയാണ്.
ഒരു അച്ഛന്റെ മക്കളാണെങ്കിലും ഗരുഡനും നാഗങ്ങളും ജന്മനാ വൈരികളാണ്. ആ കഥയുടെ ചുരുക്കം ഇങ്ങനെ: ബ്രഹ്‌മാവിന്റെ പുത്രനായ മരീചിയുടെ മകനായ കാശ്യപ മുനി തന്റെ പത്നിമാരായ കദ്രുവിനോടും വിനതയോടും എങ്ങനെയുള്ള സന്താനങ്ങളെ വേണമെന്ന് ആരാഞ്ഞു. ശക്തരായ ആയിരം പുത്രന്മാരെ ചോദിച്ച കദ്രുവിന് കിട്ടിയ സന്താനങ്ങളാണ് വാസുകി, അനന്തൻ തുടങ്ങിയ നാഗങ്ങൾ. വിനത ചോദിച്ചത് ശക്തരായ രണ്ടു മക്കളെയാണ്. പക്ഷേ അവർക്ക് ലഭിച്ച രണ്ട് അണ്ഡങ്ങൾ കാലമേറെയായിട്ടും വിരിഞ്ഞില്ല. അക്ഷമ വർദ്ധിച്ച് വിനത ഒരു മുട്ട പൊട്ടിച്ചു; അങ്ങനെ പകുതി മാത്രം വളർന്ന അരുണനുണ്ടായി. വിനതയുടെ ക്ഷമയില്ലായ്മ തന്റെ ജീവിതം നശിപ്പിച്ചതില്‍ സങ്കടപ്പെട്ട ആ കുഞ്ഞ് അമ്മ ജ്യേഷ്ഠത്തി കദ്രുവിന്റെ ദാസിയാകട്ടെ എന്ന് ശപിച്ചു. അടുത്തമുട്ട 500 വര്‍ഷം സൂക്ഷിക്കണം. അതില്‍ നിന്നും വരുന്ന പുത്രന്‍ ദാസ്യം ഒഴിക്കും – ഇങ്ങനെ ശാപമോക്ഷം നൽകി അരുണൻ മറഞ്ഞു. രണ്ടാമത്തെ മുട്ടയിലുണ്ടായ പുത്രനാണ് ഗരുഡൻ.
അതിനിടെ പാലാഴി മഥനത്തിൽ ഇന്ദ്രന് ലഭിച്ച വെളളക്കുതിരയുടെ വാലിനെച്ചൊല്ലി കദ്രുവും വിനതയുമായി ഒരു പന്തയം വച്ചു. അതിൽ നാഗങ്ങളുടെ ചതിപ്രയോഗം കാരണം കദ്രുവിനോട് വിനത തോറ്റ് ശാപ ഫലം അനുഭവിച്ചു. അവർ കദ്രുവിന്റെ ദാസിയായി. പിന്നീട് മകൻ ഗരുഡൻ ഇന്ദ്രനെ തോൽപ്പിച്ച് അമ്മയെ ദാസ്യവൃത്തിയിൽ നിന്നും മോചിപ്പിച്ചു. നാഗങ്ങളുടെ ബദ്ധശത്രുവായ ഗരുഡൻ അതിനു ശേഷം ഭഗവാൻ വിഷ്ണുവിന്റെ വാഹനമായി.
മഹാവിഷ്ണുവിന്റെ അംശാവതാരവും പക്ഷി ശ്രേഷ്ഠനുമായ ഗരുഡന്റെ പേരിൽ ഒരു പുരാണമുണ്ട് – ഗരുഡപുരാണം. ഭൂമിയിലെ ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന പാപങ്ങൾക്ക് മറ്റൊരു ലോകത്ത് ശിക്ഷയുണ്ടെന്ന് വ്യക്തമാക്കുന്നത് ഗരുഡപുരാണത്തിലാണ്. മഹാവിഷ്ണു ഗരുഡന് നൽകുന്ന ഉപദേശ രൂപത്തിലുള്ള ഈ പുരാണത്തിൽ വ്യാകരണം, രത്നവിവരങ്ങൾ, വൈദ്യം, ജ്യോതിശാസ്ത്രം, ഗരുഡന്റെ ഉല്പത്തി തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്നു. ഭാരതത്തിലെ ഒരേയൊരു ഗരുഡ ക്ഷേത്രം കേരളത്തിലാണ്. വെള്ളാമശേരി ഗരുഡ ക്ഷേത്രം. മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ ചമ്രവട്ടത്താണ് ഈ ഗരുഡന്‍ കാവ്.
– പി.എം. ബിനുകുമാർ+919447694053