ശനിദോഷം അകറ്റാൻ എള്ളും എള്ളെണ്ണയും എന്തിനാണ്?
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
നവഗ്രഹങ്ങളിൽ ശനിയെയും അതിന്റെ ദേവതയായ ധർമ്മശാസ്താവിനെയും പ്രീതിപ്പെടുത്താൻ എന്തുകൊണ്ടാണ് എള്ളെണ്ണ ഉപയോഗിച്ച് വിളക്കു കത്തിക്കണം എന്ന് വിധിച്ചിരിക്കുന്നത് ? ഏത് എണ്ണ ആയാലെന്താ കത്തിയാൽപ്പോരേ?
അതുപോലെ നിലവിളക്ക് കൊളുത്തുമ്പോൾ
തിരി ഒറ്റയോ മൂന്നോ നാലോ ആകാൻ പാടില്ല, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെ നിഷ്കർഷിക്കുന്നത് എന്തിനാണ് ? തിരിയുടെ എണ്ണത്തിൽ എന്തിരിക്കുന്നു. വെളിച്ചം പരന്നാൽ പോരെ?
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പോരാ എന്ന് തന്നെയാണ്. കാരണം വിളക്കുകത്തിക്കാൻ എള്ളെണ്ണ ഉപയോഗിക്കണമെന്നു പറയുന്നതിന് ശാസ്ത്രീയ അടിത്തറയുണ്ട്. തിരികളുടെ എണ്ണം ഇത്ര വേണം എന്ന് നിഷ്കർഷിക്കുന്നതിലും കാര്യമുണ്ട്. അത് രണ്ടും വിശദീകരിക്കാം:
ജ്യോതിഷത്തിൽ ശനിഗ്രഹവുമായാണ് ഇരുമ്പിനെ
ബന്ധപ്പെടുത്തിയിട്ടുള്ളത്. ശനിദോഷത്തിന്റെ കാരണങ്ങളിലൊന്ന് ഇരുമ്പിന്റെ പോരായ്മയാണ്.
എള്ളെണ്ണയിൽ ഇരുമ്പിന്റെ അംശം കൂടുതലുണ്ട്.
ഒരു കപ്പ് എള്ളെണ്ണയിൽ 20 മില്ലിഗ്രാം വരെ ഇരുമ്പിന്റെ അംശം ഉണ്ടത്രേ. എള്ളെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്ന ആഹാരം കഴിക്കുന്നതും തേച്ചു കുളിക്കുന്നതും അതുപയോഗിച്ച് ഉണ്ടാക്കുന്ന നിവേദ്യങ്ങൾ (എളളു പായസം) കഴിക്കുന്നതും
അതൊഴിച്ച് തെളിക്കുന്ന വിളക്ക് കത്തുമ്പോൾ പടരുന്ന വായു ശ്വസിക്കുന്നതും രക്തത്തിലെ ഇരുമ്പിന്റെ അംശം കൂടുന്നതിന് സഹായിക്കും. ഇത് തിരിച്ചറിഞ്ഞാണ് പൂർവ്വിക ആചാര്യന്മാർ വിളക്കിൽ എള്ളെണ്ണ ഒഴിച്ച് കത്തിക്കണമെന്ന് നിഷ്കകർഷിച്ചത്. ഇതിലൂടെ അന്തരീക്ഷത്തിൽ ഇരുമ്പിന്റെ പ്രാണോർജ്ജം വ്യാപിക്കുന്നു എന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതിനാലാണ് എള്ളെണ്ണ ഉപയോഗിച്ച് വിളക്കു കത്തിക്കുന്നതിലൂടെ ശനിയെ പ്രസാദിപ്പിച്ച് അനുഗ്രഹം നേടാമെന്ന് പറയുന്നത്. ഏത് കാര്യത്തിനും നിഷ്ഠയും ചിട്ടയും ദൃഢതയും ഏകാഗ്രതയും
കൈവരുന്നത് അതിന് ഈശ്വരവിശ്വാസത്തിന്റെ പിൻബലവും കിട്ടുമ്പോഴാണ്.
ശനിദോഷ പരിഹാരത്തിന് ധർമ്മ ശാസ്താ ക്ഷേത്രങ്ങളിൽ ശനിയാഴ്ചകളിൽ എള്ളുതിരി കത്തിക്കുന്ന പതിവുണ്ട്. ജാതകത്തിൽ ശനിദശ വരുമ്പോൾ ആചാര്യന്മാർ വഴിപാടായി നിർദ്ദേശിക്കുന്ന
ഒരു പ്രധാന കാര്യം നീരാജന സമർപ്പണമാണ്.
ഉണക്കിയെടുത്ത എള്ള് തുണിയിൽ പൊതിഞ്ഞ് എള്ള് കിഴികളുണ്ടാക്കി എള്ളെണ്ണയിൽ മുക്കിയാണ്
നീരാജനം കത്തിക്കുന്നത്. ഇരുമ്പിന്റെ ദൗർബല്യം പരിഹരിക്കാൻ അതിന്റെ ശക്തി ഉറവിടമായ ശനിയുടെ ഊർജ്ജത്തെ നേരിട്ട് ആകർഷിക്കാനാണ്
ഇത് ചെയ്യുന്നത്. വിളക്ക് കത്തിക്കാൻ എള്ളെണ്ണ ഉപയോഗിക്കുമ്പോൾ മറ്റൊരുകാര്യം കൂടി ശ്രദ്ധിക്കണം. പലഹാരങ്ങൾ വറുക്കാൻ ഉപയോഗിച്ച എള്ളെണ്ണ വിളക്കു കത്തിക്കാനെടുക്കരുത്. ഒരിക്കൽ വറുക്കാനുപയോഗിച്ച എണ്ണയിൽ കാർബണിന്റെ അംശം കൂടും. വീണ്ടും തിരിതെളിക്കാൻ ഇത് ഉപയോഗിക്കുമ്പോൾ വിളക്കു കത്തിച്ചുവയ്ക്കുന്ന അന്തരീക്ഷത്തിൽ കാർബൺ നിറയാൻ ഇത് കാരണമാകും. ഭദ്രദീപം കരിന്തിരി കത്തിയാൽ ദു:ഖമാകുമെന്ന് പഴമക്കാരുടെ വിശ്വാസം. ഇതിനു കാരണം എണ്ണ വറ്റിക്കഴിഞ്ഞ തിരി കത്തുമ്പോൾ ആ അന്തരീക്ഷത്തിൽ കാർബൺ കൂടുതലായി പരക്കും എന്നത് തന്നെയാണ്.
അതുപോലെയാണ് തിരിയുടെ എണ്ണത്തിന്റെ കാര്യവും. ഒറ്റത്തിരി ഇട്ട വിളക്കിൽ നിന്നും പ്രതികൂല ഊർജ്ജമാണ് പ്രസരിക്കുന്നത്. രണ്ടു തിരിയിട്ട വിളക്കിൽ നിന്ന് അനുകൂല ഊർജ്ജവും മൂന്നും നാലും ഇതുപോലെ പ്രതികൂല ഊർജ്ജം ഉണ്ടാക്കുമ്പോൾ അഞ്ച്, ഏഴ് തിരികൾ അനുകൂല ഊർജ്ജത്തിന്റേത് ആണെന്ന് ഡൗസിംഗ് റോഡ് എന്ന ഉപകരണം കൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഭദ്രദീപത്തിന് 2,5,7 തിരികളിട്ട് എള്ളെണ്ണ ഒഴിച്ച് വിളക്ക് കൊളുത്തണം. അല്ലെങ്കിൽ നെയ് ഒഴിച്ച് തിരിതെളിക്കണം.
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088