Sunday, 29 Sep 2024

ശനിദോഷ കാഠിന്യം ശമിക്കാൻ ഇതാണ് മാർഗ്ഗം; 3 നാളുകാർക്ക് വേഗം ഫലം

ഗൗരി ലക്ഷ്മി
കലിയുഗ വരദനാണ് ശ്രീധർമ്മശാസ്താവാണ് ജ്യോതിഷപ്രകാരം ശനിയുടെ അധിപൻ. അതിനാല്‍ അതികഠിനമായ ശനിദോഷങ്ങളിൽ നിന്ന് രക്ഷനേടാന്‍ ധർമ്മശാസ്താ പ്രീതി പോലെ ശ്രേഷ്ഠമായ മറ്റൊരു മാർഗ്ഗമില്ല. ശനിയാഴ്ചയാണ് ശനി ഗ്രഹത്തിന്റെ പ്രധാന ദിവസം. ശനിയുടെ ഭഗവാനായതു കൊണ്ടാണ് ധർമ്മശാസ്താവിന് ശനിയാഴ്ച സുപ്രധാനമായത്. അവതാര ദിനമായ ഉത്രം നക്ഷത്രം, വൃശ്ചികം ഒന്നിന് തുടങ്ങുന്ന മണ്ഡല കാലം, മകരവിളക്ക് മഹോത്സവം മീനത്തിലെ പങ്കുനി ഉത്രം ആറാട്ട് ഉത്സവ കാലം എന്നിവയും ധർമ്മശാസ്താവിനെ ഭജിക്കുന്നതിന് ഉത്തമമാണ്.

അതി കഠിനമായ ശനി ദോഷങ്ങൾ പരിഹരിക്കാൻ ഉത്തമ പരിഹാര മാർഗ്ഗമാണ് ധർമ്മശാസ്താ / അയ്യപ്പ ക്ഷേത്ര ദർശനം, നീരാഞ്ജനം തെളിയിക്കല്‍, എള്ളുപായസ സമർപ്പണം, നെയ് അഭിഷേകം, അന്നദാനം എന്നിവ. ശനിയാഴ്ച ദിനത്തില്‍ ജലപാനം പോലും ഉപേക്ഷിച്ച് പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ച് രണ്ടു നേരം ക്ഷേത്ര ദര്‍ശനം നടത്തി സാധുക്കള്‍ക്ക് ഭക്ഷണവും നല്‍കി 12 ശനി ആഴ്ച വ്രതം നോറ്റാല്‍ ശനിദോഷങ്ങൾക്ക് ശമിക്കും. ധർമ്മ ശാസ്താവിന് കരിക്കഭിഷേകം നടത്തിയാൽ ദുരിതശാന്തിയും ആരോഗ്യ വര്‍ദ്ധനവും ലഭിക്കും. നെയ്യഭിഷേകം ശനിദോഷവും പാപശാന്തിയും നേടുന്നതിന് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്‌ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു പായസം അഭീഷ്ടസിദ്ധി, പാപശാന്തി എന്നിവയ്‌ക്കെല്ലാം ഉത്തമമാണ് നീലശംഖു പുഷ്പാര്‍ച്ചനയും ശനിദോഷ നിവാരണത്തിന് വിശേഷമാണ്. കലിയുഗ വരദന്റെ ദിവ്യ സന്നിധിയായ ശബരിമല ദർശനം ശനി ദോഷങ്ങൾ അകറ്റാൻ അത്യുത്തമാണ്. ശനി ദോഷപരിഹാരത്തിന് ധർമ്മശാസ്താവിന് പുറമെ ഹനുമാൻ സ്വാമി, ഗണപതി, മഹാദേവൻ തുടങ്ങിയ ദേവന്മാരെയും ഭജിക്കാറുണ്ട്.

നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനമുള്ള ശനീശ്വരൻ നിത്യ സത്യമായി നിലകൊള്ളുന്ന സൂര്യ ദേവന്റെ പുത്രനാണ്. നീച കർമ്മം ചെയ്യുന്നവർക്ക് ദണ്ഡനയും സത് കർമ്മം ചെയുന്നവർക്ക് സമ്മാനങ്ങളും അവരുടെ ഭൂമിയിലെ ജീവതത്തിൽ തന്നെ നൽകുന്നു ശനീശ്വരന്റെ മാതാവ് ഛായാദേവിയാണ്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിൽ കൂടുതൽ കാലം ശനിയുടെ പിടിയിലാണ്. പാപഗ്രഹമായ
ശനി ശാസ്താ സാന്നിദ്ധ്യവുമുള്ളിടത്താണ് വാസിക്കുക. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാല്‍ സര്‍വ്വ സൗഭാഗ്യങ്ങളും ലഭിക്കും. അനിഷ്ടസ്ഥാനത്ത് ആണെങ്കില്‍ സര്‍വ്വകാര്യ പരാജയവും കടവും നാശവും ഫലമാണ്. ഏഴരശനി, കണ്ടകശനി, അഷ്ടമശനി ശനിദശ, മറ്റ് ദശകളിലെ ശനി അപഹാരം തുടങ്ങിയ കാലയളവില്‍ ഇത് കൂടുതൽ ദോഷങ്ങള്‍ക്ക് ഇടവരുത്തും. മുജ്ജന്മ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനിദശയിലെ അനുഭവങ്ങൾ. ഈ ജന്മത്തിൽ നല്ല പ്രവ്യത്തികൾ ചെയ്യുകയും വ്യാഴത്തിന്റെ അനുകൂലമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താൽ ശനി ദശയുടെ കാഠിന്യം കുറയ്ക്കാൻ കഴിയും. ആയുസിന്റെ ആധിപത്യം ചെലുത്തുന്ന ഗ്രഹം ശനിയാണ്. കറുപ്പ്, നീല എന്നിവയാണ് ശനിയുടെ ഇഷ്ടനിറങ്ങൾ. ശനിക്ക് ഗ്രഹപദവി നൽകി അവരോധിച്ചത് ധർമ്മശാസ്താവിന്റെ പിതാവായ ശിവഭഗവാനാണ്. മുടന്തുള്ളതിനാൽ പതുക്കെയാണ് ശനിയുടെ നടത്തം. ശനിയുടെ മറ്റൊരു പേരാണ് മന്ദൻ. ഈ വാക്കിന്റെ അർത്ഥം പതുക്കെ സഞ്ചരിക്കുന്നവനെന്നാണ്.

ശനിയാണ് ഒരു രാശിയിൽ കൂടുതൽ കാലം നിൽക്കുന്ന ഗ്രഹം. ഏതാണ്ട് രണ്ടര വർഷം. ശനിക്ക് വക്രഗതി ഉണ്ടെങ്കിൽ ഇതിന് മാറ്റം വരാവുന്നതാണ്. മകരം, കുംഭം എന്നിവ സ്വക്ഷേത്രം. കുംഭം മൂലക്ഷേത്രം, ഉച്ച രാശി തുലാം, നീചരാശി മേടം, ശനിദശാകാലം 19 വർഷമാണ്. പൂയം, അനിഴം, ഉത്തൃട്ടാത്രി എന്നീ നക്ഷത്രക്കാർ ജനിക്കുന്നത് ശനിദശയിലാണ്. ഈ നക്ഷത്രക്കാർ അയ്യപ്പനെ ഉപാസിച്ചാൽ വേഗം ദുരിത മുക്തി നേടാം.

ഗൗരി ലക്ഷ്മി, + 918138015500
Story Summary : Amme Narayana: Significance of Chottanikkara Devi Sthuti

Copyright 2021 Neramonline.com. All rights reserved

error: Content is protected !!
Exit mobile version