Tuesday, 1 Oct 2024

ശനിപ്രദോഷ വ്രതം ശനിദോഷമകറ്റും; ഈ നക്ഷത്രക്കാർ ശിവപൂജ ഒഴിവാക്കരുത്

ജോതിഷരത്നം വേണുമഹാദേവ്

ഗ്രഹദോഷങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് പ്രദോഷ ദിവസം വ്രതമെടുത്ത് ശിവപൂജ ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. പ്രത്യേകിച്ച് ശനി ഗ്രഹദോഷങ്ങൾ അകറ്റാനുള്ള ശേഷി പ്രദോഷ വ്രതാനുഷ്ഠാനത്തിനും വഴിപാടിനുമുണ്ട്. ശനിയാഴ്ച വരുന്ന ത്രയോദശി തിഥി പ്രദോഷം, ശനിദോഷം അകറ്റുന്നതിന് അത്യധികം വിശിഷ്ടമാണ്. ഈ ദിവസം വ്രതശുദ്ധിയോടെ ഉപവസിച്ച് പ്രദോഷ വ്രതമെടുത്ത് ശിവപൂജ ചെയ്യുന്നവരുടെ എല്ലാ ശനിപ്പിഴകളും ഒഴിഞ്ഞു പോകും. ഗോചരാൽ ഇപ്പോൾ ശനിദോഷം അനുഭവിക്കുന്നവരും ശനിദശയിലും ശനി അപഹാരത്തിലും കഴിയുന്നവരും ശനി പ്രദോഷം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ ശനിപ്പിഴ മാത്രമല്ല അവരുടെ സർവ്വദു:ഖങ്ങളും അകലും.

ഇപ്പോൾ കണ്ടകശനി, അഷ്ടമശനി, ഏഴരാണ്ടശനി തുടങ്ങിയവയുടെ ദോഷമനുഭവിക്കുന്നത് അശ്വതി, ഭരണി, കാർത്തിക (മേടക്കൂറ്) മകയിരം (മിഥുനക്കൂറ്), തിരുവാതിര, പുണർതം, പൂയം, ആയില്യം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി (കുംഭക്കൂറ്) എന്നീ നക്ഷത്രക്കാരാണ്. പ്രദോഷകാലത്ത് ഒരു പിടി കറുകയോ അരിയോ ശർക്കരയോ ശിവക്ഷേത്രത്തിൽ സമർപ്പിച്ച് നെയ്യ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ ശനിദോഷത്തിന്റെ ഉഗ്രത കുറയുമെന്നാണ് വിശ്വാസവും അനുഭവവും. പക്ഷേ ശനി ഇപ്പോൾ നിൽക്കുന്നത് സ്വക്ഷേത്രമായ മകരം രാശിയിൽ ആയതിനാൽ ശനിയുടെ ദോഷ തീവ്രത ആർക്കും തന്നെ അത്ര കടുക്കില്ല. 2021 ഏപ്രിൽ 24, മേയ് 8 (മേടം 11, മേടം 25 ) തീയതികളിൽ വെളുത്ത പക്ഷത്തിലും കറുത്തപക്ഷത്തിലും അടുപ്പിച്ച് 2 തവണ ശനി പ്രദോഷം വരുന്നുണ്ട്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിന്റെ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. ധനപരമായ ദുരിതങ്ങൾ തീർത്തു തരുന്ന ഈ ദിവസം പുണ്യ കർമ്മങ്ങൾക്ക് ഏറ്റവും ഉത്തമമാണ്. .

ശ്രീപാർവതിയെ സന്തോഷിപ്പിക്കാൻ ശിവൻ നടരാജ നൃത്തം ചെയ്യുന്ന, മറ്റ് എല്ലാ ദേവന്മാരും മഹർഷിമാരും കൈലാസത്തിൽ സന്നിഹിതരാകുന്ന പ്രദോഷവേളയിൽ ശിവഭഗവാനെ വണങ്ങുന്ന ഭക്തർക്ക് സർവ്വനന്മകളും എല്ലാ ദേവതകളുടെയും അനുഗ്രഹവും ഉണ്ടാകും. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തത് ഒന്നും തന്നെയില്ല. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി, കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്. ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും മൂലം സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം” എന്നാണ് ശിവപുരാണത്തിൽ പറയുന്നത്. ത്രയോദശിയിൽ പ്രദോഷ സമയത്ത് വിനോദങ്ങളിൽ ഏർപ്പെടുക, ഭക്ഷണം കഴിക്കുക, പാകം ചെയ്യുക എന്നിവയൊന്നും പാടില്ല.

മാസത്തിൽ പൗർണ്ണമിക്കു ശേഷം കൃഷ്ണപക്ഷത്തിലും അമാവാസിക്കു ശേഷം ശുക്‌ളപക്ഷ ത്തിലുമുള്ള ത്രയോദശികളിൽ വരുന്നതാണ് പ്രദോഷം. പ്രദോഷത്തിന് തൊട്ടുമുമ്പുള്ള ഒന്നര മണിക്കൂർ, വൈകിട്ട് 4.30 മുതൽ 6 മണിവരെ പ്രദോഷവേള തന്നെയാണ്. ഇങ്ങനെ നിത്യവും പ്രദോഷവേളയുണ്ടെങ്കിലും ത്രയോദശിനാളിൽ വരുന്ന പ്രദോഷം സവിശേഷവും ശിവപ്രീതികരവുമാണ്.

രാവിലെ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കണം. പഞ്ചാക്ഷരീമന്ത്രം (ഓം നമഃ ശിവായ) കഴിയാവുന്നത്ര തവണ ജപിക്കുന്നത് ഉത്തമം. പകൽ ഉപവസിക്കുകയോ പാലോ പഴച്ചാറോ മാത്രം കഴിച്ച് വ്രതമെടുക്കുകയോ ചെയ്യാം. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് കരിക്കിൻ വെള്ളം സേവിച്ചോ, അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം വിടാം. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്ന് നല്കുന്ന ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

പ്രാർത്ഥനാ ശ്ലോകങ്ങൾ
1

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വ കാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ

ജോതിഷരത്നം വേണുമഹാദേവ്

  • +91 9847475559

Story Summary: Significance, Benefits Of Shani Pradosha Vritham and it’s Rituals

error: Content is protected !!
Exit mobile version