Friday, 22 Nov 2024

ശനിയാഴ്ച മകരത്തിലെ ആയില്യം; എല്ലാ സങ്കടങ്ങൾക്കും പരിഹാരം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് നാഗാരാധന. ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ഉപാസനാ സമ്പ്രദായമില്ല.

രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറാനും മാനസിക പ്രയാസങ്ങൾ തീരുന്നതിനും വിദ്യാതടസ്സം, വിവാഹതടസ്സം, ഉദ്യോഗ സംബന്ധമായ ബുദ്ധിമുട്ടുകൾ,
തടസ്സങ്ങൾ എന്നിവ ഒഴിയുന്നതിനും സന്താനഭാഗ്യം ഇല്ലായ്മ, കുടുംബ കലഹം, സാമ്പത്തിക ക്ലേശം എന്നിവ പരിഹരിക്കുന്നതിനും ശത്രുദോഷ ശാന്തിക്കുമെല്ലാം ക്ഷേത്രങ്ങളിൽ നടത്താവുന്ന ഉത്തമമായ കർമ്മമാണ് ആയില്യപൂജ. അതുപോലെ ജാതകത്തിലെ രാഹു ദോഷശാന്തിക്കും ആയില്യപൂജ വളരെയേറെ നല്ലതാണ്.

ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ എല്ലാം നാഗശാപത്തിൻ്റെ ലക്ഷണങ്ങളാണ്. എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രദർശനം നടത്തി ആയില്യ പൂജ നടത്തുന്നത് ദോഷപരിഹാരത്തിന് നല്ലതാണ്. നൂറുംപാലുമാണ് സർപ്പ ദേവതകൾക്കുള്ള ഒരു പ്രധാന വഴിപാട്. സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന വിശിഷ്ട ഭോജ്യമാണിത്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പഊട്ട്, ആയില്യമൂട്ട് എന്നും പറയും. 2024 ജനുവരി 27 ശനിയാഴ്ച മകരത്തിലെ ആയില്യമാണ്.

കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ് നൂറും പാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറും പാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറുംപാലും നേദിക്കും.

ആയില്യം നാളിൽ നാഗസന്നിധികളില്‍ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നൂറും പാലും വഴിപാട് നടത്തുന്നതും നാഗശാപങ്ങൾ അകറ്റും. ഇതിന്റെ ഒപ്പം പഞ്ചാക്ഷരമന്ത്രം, അഷ്ടനാഗ മന്ത്രങ്ങൾ എന്നിവ ജപിക്കുകയും വേണം. ഇവിടെ പറയുന്ന 8 മന്ത്രങ്ങള്‍ 12 തവണവീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലണം.

ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

ആയില്യം വ്രതം അനുഷ്ഠിക്കുന്നവർ മത്സ്യമാംസാദികൾ, ലഹരി വസ്തുക്കൾ ഇവ ഉപേക്ഷിക്കണം. ശാരീരീക ബന്ധം പാടില്ല. ഉപവാസം അല്ലെങ്കിൽ ഒരിക്കലൂണാകാം.
ഈ രീതിയിൽ 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള വിവിധ രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. വ്രതം 12 എണ്ണം തികയും മുമ്പായി സൗകര്യം പോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തിപ്പെടുത്തന്നതും നല്ലതാണ്.
കന്നി, തുലാം മാസങ്ങളിൽ ആയില്യ നാളിൽ നടത്തുന്ന പൂജ ബഹുവിശേഷമാണ്. ഈ ദിവസം പൂജയും വഴിപാടും നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ അതിവേഗം സങ്കടമോചനമുണ്ടാകും. സർപ്പബലിയാണ് നാഗപ്രീതിക്കുള്ള മറ്റൊരു സുപ്രധാന ചടങ്ങ്. ഇതാണ് സാധാരണയുള്ള ഏറ്റവും ചെലവേറിയ നാഗാരാധന. വലിയ ചെലവായതിനാൽ അപൂർവ്വമായേ ഈ ദോഷപരിഹാരകർമ്മം നടത്താറുള്ളൂ. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്ത് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ഭക്തർ ഇത് കാണാൻ പാടില്ലത്രെ. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്തും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Importance and Benefits of Monthly Ayilya Pooja


error: Content is protected !!
Exit mobile version