Monday, 23 Sep 2024

ശനി, കേതു ദോഷങ്ങൾ അകറ്റാൻ എന്നും 108 തവണ ഇത് ജപിക്കൂ ….

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

മനമുരുകി വിളിക്കുന്ന ഭക്തരെ ഗണേശ ഭഗവാൻ ഒരിക്കലും കൈവിടില്ല. എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും സമ്മാനിക്കും ഗണേശപൂജ. വിഘ്നവിനാശനായ, ക്ഷിപ്രപ്രസാദിയായ ഭഗവാനെ ആരാധിക്കാൻ ഏറ്റവും നല്ല ദിവസമാണ് ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥിയായ വിനായക ചതുർത്ഥി. ഈ ദിവസത്തെ ഉപാസനയ്ക്കും വഴിപാടിനും ക്ഷേത്ര ദർശനത്തിനും ഇരട്ടി ഫലമാണ്. ഒരോ കാര്യസിദ്ധിക്കും ദോഷപരിഹാരത്തിനും ഗണപതിയെ ആരാധിച്ചാൽ ലഭിക്കുന്ന ഫലങ്ങൾ:

1
ശനി, കേതു ഗ്രഹങ്ങൾ കാരണമുണ്ടാകുന്ന ദുരിതവും നഷ്ടങ്ങളും അനുഭവിക്കുന്നവർ ഓം ഗം ഗണപതയേ നമ: എന്ന മൂലമന്ത്രം എല്ലാ ദിവസവും 108 പ്രാവശ്യം വീതം ജപിച്ചാൽ മതി.

2
ശത്രുദോഷം നീങ്ങാനും വ്യവഹാരങ്ങളിൽ വിജയം വരിക്കാനും വ്യാപാര വിജയത്തിനും ഗണേശ ഭഗവാന്റെ ഉച്ചിഷ്ടഗണപതി ഭാവം സങ്കല്പിച്ച് പ്രാർത്ഥിക്കുക.

‘നീലാബ്ജ ദാഡിമി വീണാശാലീ ഗുഞ്ജാക്ഷസൂത്രകം ദധദുച്ഛിഷ്ട നാമായം ഗണേശപാതു മേചക:’ തുമ്പിക്കൈയ്യിൽ മാതളം ഏന്തിയ നാല് കൈകളുള്ള നീല നിറമുള്ള ഗണപതിയാണ് ഉച്ചിഷ്ട ഗണപതി.

3
മന:സമാധാനം ലഭിക്കാനും മനസിന്റെ ചഞ്ചലതയും ചാപല്യങ്ങളും ഒഴിവാക്കാനും ‘മുദാകരാത്ത മോദകം’ എന്ന് ആരംഭിക്കുന്ന ഗണേശ പഞ്ചരത്ന സ്തോത്രം ജപിക്കുക.

4
പുതുതായി വീടുവയ്ക്കുമ്പോൾ താമസം തുടങ്ങും മുൻപ് കന്നിമൂലയിൽ ഗണപതിയുടെ കമനീയമായ ഒരു ചിത്രമോ വിഗ്രഹമോ വച്ച് ഉപാസിച്ചാൽ കുടുംബജീവിതം തൃപ്തികരമായിരിക്കും.

5
കലാപ്രവർത്തകർ ഗണേശ ഭാവങ്ങളായ നടന ഗണപതി, പഞ്ചവാദ്യ ഗണപതി, വീണാ ഗണപതി ഇവയിൽ ഏതെങ്കിലും ഒന്നുവച്ച് ആരാധിക്കുന്നത് നല്ലതാണ്. ഈ ശ്ലോകം ഇവർ 21 പ്രാവശ്യം ജപിക്കുക.

സമസ്ത ലോക ശങ്കരം നിരസ്‌ത ദൈത്യകുഞ്ജരം
ദരേദരോദരം വരം നരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
നമസ്തരം നമസ്കൃതം നമസ്തരോമി ഭാസ്വരം

6
സാഹിത്യകാരന്മാരും മാധ്യമ പ്രവർത്തകരും വേദഗണപതിയെ സ്തുതിക്കുന്ന ബ്രഹ്മണസ്പത സൂക്തം ദിവസവും 21 പ്രാവശ്യം ജപിക്കുക. തികഞ്ഞ ശ്രദ്ധയോടെ ഉപാസിച്ചാല്‍ ഏതാഗ്രഹവും സാധിക്കും.

മന്ത്രം:
ഓം ഗണാനാം ത്വാ
ഗണപതിം ഹവാമഹേ
കവിം കവീനാം
ഉപശ്രവസ്തമം
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത്
ആന: ശൃണ്വൻ ഊതിഭി:
സീനസാദനം

7
കുട്ടികൾ ഉണ്ടാകാതെ വിഷമിക്കുന്ന ദമ്പതിമാരും സൽ സന്താനഭാഗ്യം ആഗ്രഹിക്കുന്നവരും ബാലഗണപതിയെ ധ്യാനിക്കുക. ഉദയസൂര്യന്റെ വര്‍ണം, നാല് കൈകളില്‍ കദളിപ്പഴം, മാങ്ങ, ചക്ക, കരിമ്പ് എന്നിവ, തുമ്പിക്കൈയില്‍ മോദകം – ഇതാണ് സങ്കല്പം.

മന്ത്രം:

ഓം കരസ്ഥകദളീചൂതപനസേക്ഷുക മോദകം
ബാലസൂര്യമിമം വന്ദേ ദേവം ബാലഗണാധിപം

8
കുടുംബ ഐശ്വര്യത്തിനും ഐക്യത്തിനും ഗണേശൻ ശിവപാർവ്വതിമാർക്കൊപ്പം ഇരിക്കുന്ന ചിത്രം പൂജാമുറിയിൽ വച്ച് ദിവസവും 108 തവണ ജപിച്ച് പ്രാർത്ഥിക്കുക.

‘ഓം ശ്രീ ശിവശക്തി വിനായകായ നമ:’

9
വ്യാപാരികളും ധനപരമായ കാര്യങ്ങൾ നടത്തുന്നവരും ബിസിനസുകാരും തങ്ങളുടെ സ്ഥാപനങ്ങളിൽ ഗണേശൻ ലക്ഷ്മീദേവിയോടൊപ്പമുള്ള ചിത്രം വച്ച് ആരാധിക്കുക. ഇനി പറയുന്ന മന്ത്രം 108 തവണ ഉരുക്കഴിക്കുക.
‘ശ്രീലക്ഷ്മീ ഗണപതിയേ നമ:’ അല്ലെങ്കിൽ ‘ശ്രീ ഐശ്വര്യനിധി പതയേ നമ:’ എന്നാണ് ജപിക്കേണ്ടത്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Powerful Genesha Mantras for Removing Shani Dosham


error: Content is protected !!
Exit mobile version