Friday, 22 Nov 2024

ശനി, ചൊവ്വ, രാഹു, കേതു ദോഷങ്ങൾകടുപ്പം; ദുരിതശമനത്തിന് ചില വഴികൾ

മംഗള ഗൗരി

ഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങി ധാരാളം പ്രശ്നങ്ങളാണ് ഗ്രഹപ്പിഴ കാരണം ഒരോരുത്തരും അനുഭവിക്കുന്നത്.

ഗ്രഹപ്പിഴകളിൽ ഏറ്റവും കടുപ്പം ശനി, ചൊവ്വ, രാഹു, കേതു ദോഷങ്ങളാണ്. ക്ഷുദ്രഗ്രഹങ്ങൾ മാത്രമല്ല
ശുഭഗ്രഹങ്ങൾ പോലും ചിലപ്പോൾചിലർക്ക് മാരകമായ ദോഷങ്ങൾ വരുത്തും. ഇത്തരം ഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനി ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ദുരിതശമനത്തിന് ഏറ്റവും ഉത്തമമായ പരിഹാരം ശ്രീ ധർമ്മശാസ്താ ഭജനം, ഹനുമദ് ഭജനം, ഗണപതി പ്രീതി തുടങ്ങിയവയാണ്. അതിനാൽ ഇപ്പോൾ കണ്ടകശനി, അഷ്ടമശനി, ഏഴരാണ്ടശനി തുടങ്ങിയ ദോഷങ്ങൾ അനുഭവിക്കുന്നവ ഇടവം, കർക്കടകം, ചിങ്ങം, വൃശ്ചികം, മകരം, കുംഭം, മീനം കൂറുകളിൽ ജനിച്ചവരും ശനിദശ, അപഹാരം, ഛിദ്രം ദോഷങ്ങൾ അനുഭവിക്കുന്നവരും ധർമ്മശാസ്താവിനെയോ ഹനുമാൻ സ്വാമിയെയോ ഗണപതി ഭഗവാനെയോ ഭജിച്ചാൽ ഒരു പരിധിവരെ എല്ലാ ദു:ഖവും അകന്ന് സന്തോഷവും ശാന്തിയും സമൃദ്ധിയും ലഭിക്കും. ശനിയാഴ്ചകളിൽ നടത്തുന്ന ശനി ദോഷ പരിഹാര കർമ്മങ്ങൾക്ക് പ്രത്യേക പ്രാധാന്യവും വിശേഷ ഫല സിദ്ധിയുമുണ്ട്. മറ്റൊരു പ്രധാനമാർഗ്ഗം ശനീശ്വരനെ പ്രാർത്ഥിക്കുകയാണ്.

ചൊവ്വാഴ്ചതോറും രാവിലെയോ വൈകിട്ടോ നിലവിളക്ക് കത്തിച്ചു വച്ച് അംഗാരക മംഗളസ്‌തോത്രം ജപിച്ച് പ്രാർത്ഥിച്ചാൽ ചൊവ്വാദോഷം മൂലമുള്ള ദോഷങ്ങൾക്ക് ശമനം കിട്ടും. ധരണീ ഗർഭസംഭൂതം എന്ന് തുടങ്ങുന്ന
അംഗാരക മംഗളസ്‌തോത്രം താഴെയുണ്ട്. മുരുകനെയും ഭദ്രകാളിയെയും ഭജിക്കുകയും അവർക്ക് വഴിപാടുകൾ
നടത്തുകയുമാണ് മറ്റൊരു മാർഗ്ഗം. രാഹു ദോഷങ്ങൾ പരിഹരിക്കാൻ നാഗ പൂജയും ശിവപ്രീതിയും ഉത്തമമാണ്.
ഗണപതി ഭഗവാനെ ഭജിച്ചാൽ കേതു ദോഷങ്ങൾ ശമിക്കും. ഹനുമാൻ സ്വാമിയെ ഭജിച്ചാൽ രാഹു- കേതു ദോഷങ്ങൾ അകലും.

ശനി ദോഷമുൾപ്പെടെ എല്ലാ ഗ്രഹപ്പിഴകളും അകലാൻ നവഗ്രഹങ്ങളെ നിത്യേന രാവിലെ പ്രാർത്ഥിക്കുകയും വേണം. ക്ഷേത്രങ്ങളിൽ പോകുന്നവർ നവഗ്രഹ മണ്ഡപത്തിന് ചുറ്റും 9 പ്രാവശ്യം പ്രദക്ഷിണം വച്ച് ഒരോ ഗ്രഹമൂർത്തിയെയും വണങ്ങുന്നത് ഉത്തമമാണ്. നവഗ്രഹ നാമങ്ങൾ ചേർന്ന 9 മന്ത്രങ്ങൾ ദിവസവും
9 പ്രാവശ്യം വീതം ചൊല്ലുന്നതും ഗുണകരം. ഗ്രഹപ്പിഴകൾ നീങ്ങി ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. നിത്യേന നവഗ്രഹ സ്‌തോത്രം 16 പ്രാവശ്യം ചൊല്ലുന്നത് ഫലപ്രദമാകും. അതല്ലെങ്കിൽ നവഗ്രഹസ്‌തോത്രത്തിലെ ഓരോ ശ്ലോകവും ചൊല്ലി ഓരോ മൂർത്തിയെയും നമസ്‌കരിക്കുക. ആകെ 9 നമസ്‌കാരം ചെയ്യണം. ഇങ്ങനെ 27 ദിവസം ചെയ്യുന്നതും നവഗ്രഹപ്രീതിക്കും രോഗദുരിത ശാന്തിക്കും ഗുണകരമാണ്.

നവഗ്രഹനാമ മന്ത്രങ്ങൾ

ഓം ആദിത്യായ നമഃ
ഓം അംഗാരകായ നമഃ
ഓം ശുക്രായ നമഃ
ഓം സോമായ നമഃ
ഓം ബുധായ നമഃ
ഓം ബൃഹസ്പതയേ നമഃ
ഓം ശനൈശ്ചരായ നമഃ
ഓം രാഹവേ നമഃ
ഓം കേതവേ നമഃ

നവഗ്രഹ സ്‌തോത്രം

സൂര്യന്‍
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വ പാപഘ്‌നം
പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ
ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം

ബുധന്‍
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം

വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

ശുക്രന്‍
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

നമഃ സൂര്യായ
മംഗളായ ബുധായ ച
ഗുരുശുക്ര ശനിഭ്യശ്ച
രാഹവേ കേതവ നമഃ

Story Summary: Devotional remedies to fix Shani, Kuja,Rahu and Ketu Dosham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version