Saturday, 23 Nov 2024

ശനി പെട്ടെന്ന് കോപിക്കും എളുപ്പം പ്രസാദിക്കും

മുൻകോപിയാണെങ്കിലും ക്ഷിപ്രസാദിയാണ് ശനീശ്വരൻ. വടക്കുനോക്കിയിരിക്കുന്ന ശനിയുടെ  ധാന്യം എള്ളാണ്. എള്ളുകൊണ്ടുള്ള അഭിഷേകവും എള്ളെണ്ണകൊണ്ടുള്ള നീരാജനവും ദീപാരാധനയുമാണ് ഇഷ്ട വഴിപാടുകൾ. ശനിയെ  പ്രസാദിപ്പിച്ചാൽ  സന്തോഷവും ദീർഘായുസും ലഭിക്കും.
സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ  പുത്രനാണ്‌ ശനീശ്വരൻ അഥവാ ശനിദേവൻ
ജന്മനക്ഷത്രം രേവതിയാണ്.

നീലവർണ്ണപ്രിയനാണ്.  ആഭരണം, കിരീടം ഉടയാടകൾ എന്നിവയെല്ലാം നീലമയമാണ്. വാഹനം  കാക്ക. കൈകൾ നാല്, മൂന്നു കൈകളിൽ അമ്പ്, വില്ല്, ശൂലം എന്നീ ആയുധങ്ങൾ. നാലാം കൈ വരമുദ്രയാക്കി വരമരുളുന്നു. കൊടുക്കാനും എടുക്കാനും  ശക്തിയുണ്ട് ശനിക്കെന്നു പറയുന്നത്  മരണകാരകനായത് കൊണ്ടാണ്. ദാരിദ്ര്യം, കലഹം, രോഗം, മാനഹാനി എന്നിവയ്ക്കെല്ലാം ശനിദോഷമാണ് കാരണം. അതേസമയം വിഷ്ണുസ്വരൂപമായ ശനി ബലവാനാണെങ്കിൽ എല്ലാവരാലും എല്ലായിടത്തും ആദരണീയരായി  കഴിയാം.

ഒരു ജീവിതത്തിൽ ശനിദശ 19 വർഷമാണ്. ശനിദശ നടക്കുമ്പോൾ ശനി നിൽക്കുന്ന സ്ഥാനമനുസരിച്ച് സുഖദു:ഖങ്ങളുണ്ടാകും. 
ലഗ്‌നത്തിൽ ശനി നിൽക്കുമ്പോൾ   രോഗിയാകും. തൊഴിൽ സ്ഥിരത ഉണ്ടാകില്ല. സ്ഥലം മാറ്റം, മാനഹാനി എന്നിവ സംഭവിക്കാം. ശനി രണ്ടിലാണെങ്കിലും ദോഷഫലങ്ങൾ തന്നെ അനുഭവം. ധനനഷ്ടവും നേത്രരോഗങ്ങളും  ഫലം. മൂന്നിലെ ശനി വിശേഷമാണ്. ധനലാഭവും ബന്ധുബലവും ഉണ്ടാകും. നാലിലെ ശനി കലഹപ്രിയനാണ്; സമാധാനം നൽകില്ല. അഞ്ചിലെ ശനി ഇരിക്കപ്പൊറുതി തരില്ല; വാലിനു തീപിടിച്ച പോലെ ഓടുന്ന സമയമാണിത്. 

ആറിലെ ശനിയും ദോഷമേ ചെയ്യൂ; തസ്‌കരശല്യം ഉണ്ടാകും.ശത്രുവിനെയും രോഗത്തെയും ഭയന്നുള്ള ജീവിതമായിരിക്കാം ഇക്കാലത്ത്. ഏഴിലെ ശനി അലച്ചിലാണ് നൽകുന്നത്. ഭാര്യയ്‌ക്കോ ഭർത്താവിനോ പ്രശ്‌നങ്ങളുണ്ടാകാവുന്ന സമയമാണിത്. എട്ടിലെ ശനി ബന്ധുക്കളെ അപകടത്തിൽപ്പെടുത്തും.

ഒമ്പതിലെ ശനി വിദേശവാസത്തിനു വഴിതെളിക്കും;  മാതാപിതാക്കൾക്ക് ദോഷം ചെയ്യും. പത്തിലെ ശനി ഉയർന്ന പദവിയും ധനവും സമ്മാനിക്കും. പതിനൊന്നിലെ ശനി സകല സൗഭാഗ്യവും നൽകും. പന്ത്രണ്ടിലാണ് ശനി നിൽക്കുന്നതെങ്കിൽ ദോഷമാണ്;  കൈയിലിരിക്കുന്നതും നഷ്ടമാകും.

ശനി ദശാകാലത്ത് രാഹു,കേതു, ചൊവ്വ എന്നീ ദശകളുടെ അപഹാരം കൂടിയുണ്ടായാൽ ദോഷശക്തികൂടും. ആ ദിനരാത്രങ്ങൾ എരിതീയിൽ എണ്ണ ഒഴിച്ചപോലെയാകും.എന്നാൽ ഇതിനെല്ലാം പരിഹാരമുണ്ട്. ക്ഷിപ്രപ്രസാദിയായ ശനിയെ എളുപ്പം  പ്രീതിപ്പെടുത്താം. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ഹനുമാൻ സന്നിധിയിലോ രാവിലെ  പോയി ഒരു എള്ളുതിരി കത്തിച്ചുവച്ച് തൊഴുതാൻ  ശനീശ്വരന് തൃപ്തിയാകും. നീരാജനമാണെങ്കിൽ  വളരെ സന്തോഷം.തമിഴ്‌നാട്ടിലെ തിരുനല്ലാർപോലെയുള്ള പ്രധാനപ്പെട്ട ശനീശ്വര ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ ചെയ്താൽ ശനി ദോഷങ്ങൾക്ക് പെട്ടെന്ന് ശാന്തിലഭിക്കും.

ശനീശ്വരൻ ഗോചരാലും ഏറെ പ്രയാസങ്ങൾ വാരിവിതറാറുണ്ട്. അതിൽ ആദ്യത്തേതാണ് കണ്ടകശനി. നാല്, ഏഴ്, പത്ത് ഭാവങ്ങളിൽ ചന്ദ്രാൽ ശനി  വരുമ്പോഴാണ് കണ്ടകശനിക്കാലം. സർവ്വസങ്കടങ്ങളും കണ്ടകശനിക്കാലത്ത് അനുഭവിക്കേണ്ടി വരും. ശനി പന്ത്രണ്ടിലും പിന്നീട് ജന്മരാശിയിലും അതിനുശേഷം രണ്ടിലും വരുന്ന സമയമാണ് ഏഴരശനിക്കാലം. ഓരോ സ്ഥാനങ്ങളിലും രണ്ടരവർഷക്കാലമാണ് ശനി നിൽക്കുക. മൂന്നിടത്തും കൂടി ആകെ ഏഴര വർഷം.  മറക്കാനാവാത്ത കഷ്ടനഷ്ടങ്ങളുടെ കാലമായിരിക്കും ഈ ഏഴരവർഷം.ജന്മരാശിയിൽ നിന്ന് എട്ടാം ഭാവത്തിൽ ശനി  നിൽക്കുന്ന കാലഘട്ടമാണ് അഷ്ടമശനി. ഇത് രോഗ ദുരിതങ്ങളുടെ  സമയമാണ്.

ശനിയെ വെറുക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നതുകൊണ്ട് കാര്യമില്ല. തികഞ്ഞ ഭക്തിയോടെ വിഷ്ണു, ശിവൻ, ശാസ്താവ്, ഗണപതി, ഹനുമാൻ എന്നീ ദേവതകളെ ഉപാസിച്ചാൽ  മാത്രം മതി. സർവ്വ ശനി ദോഷങ്ങൾക്കും പരിഹാരവും ശാന്തിയും ലഭിക്കും.
അഷ്ടമശനിക്കാലത്ത് പരമശിവൻ ഭിക്ഷയെടുത്തതും ഏഴരശനിക്കാലത്ത് അസുരഗുരുവായ ശുക്രന് ഒരു കണ്ണ് നഷ്ടപ്പെട്ടതും. ജന്മരാശിയിൽ ശനി വന്നപ്പോൾ സിതാപഹരണം നടന്നതും അഷ്ടമശനിയിൽ ഹരിചന്ദ്രൻ, നളൻ എന്നിവർ ദുരിതങ്ങൾ അനുഭവിച്ചതും  പന്ത്രണ്ടിൽ ശനി വന്നപ്പോൾ പാണ്ഡവർക്കുണ്ടായ ദുർഗതിയും ഓർക്കുക. ജാതകത്തിൽ ശനി ദശ അനുഭവിക്കുന്നവരും ചന്ദ്രാൽ ശനി ദോഷ സ്ഥാനത്ത് നിൽക്കുന്നവരും എല്ലാ ദിവസവും,  അതിന് പറ്റിയില്ലെങ്കിൽ ശനിയാഴ്ച ദിവസമെങ്കിലും ശനിഗായത്രിയും നീലാഞ്ജന സമാനാഭം എന്ന ശനീശ്വരസ്തുതിയും മൂന്നു തവണ ജപിക്കണം.

ശനിയാഴ്ച രാവിലെ എള്ളെണ്ണ തേച്ചു കുളിക്കുക. എള്ളെണ്ണ ദാനം ചെയ്യുക, എള്ള് ദാനം ചെയ്യുക, നീല നിറത്തിലുള്ള വസ്ത്രങ്ങൾ ദാനം ചെയ്യുക.ശനീശ്വരന് എള്ള് പായസം നിവേദ്യം നൽകുക, എള്ളു കിഴികെട്ടി തിരിയാക്കി ശനീശ്വരസന്നിധിയിൽ നീരാജന വിളക്കുവച്ചു പ്രാർത്ഥിക്കുക. ശാസ്താവിന് പൂജയും വഴിപാടും നടത്തുക. വിഷ്ണുപ്രീതിക്ക് വേണ്ടത്  ചെയ്യുക. വിഷ്ണുസഹസ്രനാമം ജപിക്കുക. ശിവപൂജ ചെയ്യുക. രാമായണം പ്രത്യേകിച്ചും സുന്ദരകാണ്ഡം പാരായണം ചെയ്യുക. അരയാൽ പ്രദക്ഷിണം വയ്ക്കുക. ഇന്ദ്രനീല രത്‌നം അണിയുക. അണിയിക്കുക. അന്നദാനം നടത്തുക എന്നിവയാണ് ശനിദോഷത്തിനുള്ള പരിഹാരങ്ങൾ.

ശനി ഗായത്രി

കാകദ്ധ്വജായ വിദ്‌മഹേ ഖഡ്‌ഗഹസ്‌തായ ധീമഹീ തന്നോ മന്ദപ്രചോദയാത്‌

ശനീശ്വരസ്തുതി

നീലാഞ്ജന സമാനാഭംരവിപുത്രം യമാഗ്രജംഛായാമാർത്താണ്ഡ സംഭൂതംതം നമാമി ശനൈശ്ചരം

ശനി മന്ത്രം

ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ

– ഗായത്രി ഗോപിനാഥ്

error: Content is protected !!
Exit mobile version