Saturday, 23 Nov 2024

ശബരിമലയിൽ ഇപ്പോൾ നീരാജനവും നെയ് വിളക്കുമടക്കം 8 വഴിപാടുകൾ നടത്താം

അയ്യപ്പഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. മേട – വിഷു പൂജകള്‍ക്ക്  
നട തുറക്കുന്ന ഏപ്രില്‍ 14 മുതല്‍ 18 വരെ  8 വഴിപാടുകള്‍ ഭക്തര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുനില്‍ അരുമാനൂര്‍ അറിയിച്ചു.

www.onlinetdb.com എന്ന പോര്‍ട്ടലിലാണ് വഴിപാട് ബുക്ക് ചെയ്യാന്‍ സൗകര്യമുള്ളത്. നീരാജനം, നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന, സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ 8 വഴിപാടുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം.ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു . ശനിദോഷത്തിനുള്ള ഒരു പ്രധാന പരിഹാര പൂജയായ  നീരാജനം തെളിക്കുന്നതിന് 100 രൂപ, ഗ്രഹദോഷ പരിഹാരമായ നവഗ്രഹ നെയ് വിളക്കിന് 100 രൂപ, സാധാരണ നെയ് വിളക്കിന്  25 രൂപ, അഷ്ടോത്തര  അര്‍ച്ചനയ്ക്ക് 30 രൂപ, സഹസ്രനാമാര്‍ച്ചനയ്ക്ക്  40 രൂപ, സ്വയംവരാര്‍ച്ചനയ്ക്ക് 50 രൂപ, ഗണപതി
ഹോമത്തിന് 300 രൂപ,  ഭഗവതി സേവയ്ക്ക്  2000 രൂപ ക്രമത്തിലാണ് ഓണ്‍ ലൈന്‍ വഴിപാട് നിരക്ക്. 

www.onlinetdb.com എന്ന പോര്‍ട്ടല്‍ വഴി ഭക്തര്‍ക്ക് ഓണ്‍ലൈനായി കാണിക്ക ( ഇ- കാണിക്ക) അര്‍പ്പിക്കുന്നതിനും,  അന്നദാനം വഴിപാട് നടത്തുന്നതിനുമുള്ള സൗകര്യം ഉടന്‍ ഏർപ്പെടുത്തും. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള തുക അന്നദാനത്തിന് നല്‍കാം. അന്നദാന സംഭാവനകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഭക്തര്‍ക്ക് നേരിട്ടും കാണിക്ക, അന്നദാനം സംഭാവനകള്‍ നല്‍കാം. ഇവ യഥാക്രമം ധനലക്ഷ്മി ബാങ്കിന്റെ  012600100000019, 012601200000086 എന്നീ അക്കൗണ്ടുകള്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലും ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായാണ് ശബരിമലയില്‍  ഇത്തരത്തില്‍ ബുക്കിംഗ് സൗകര്യം ഒരുക്കിയത്.

error: Content is protected !!
Exit mobile version