Saturday, 23 Nov 2024

ശബരിമലയിൽ ദർശനം ഉച്ചയ്ക്ക്ശേഷം ഒരു മണിക്കൂർ കൂടി നീട്ടി

സുനിൽ അരുമാനൂർ
ശബരിമലയിൽ ദർശനസമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 1 മണിക്ക് അടയ്ക്കും. തിരക്ക് കാരണം ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചാണ് ഈ തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഇതനുസരിച്ച് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നട തുറന്നു. ഇനി ദിവസവും ഒരു മണിക്കൂർ സമയം കൂടുതലായി ദർശനത്തിന് ലഭിക്കും

അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്കാണ് രണ്ടു ദിവസമായി സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് ദർശനസമയം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ദർശനത്തിന് എത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്. ദർശന സമയം വർദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. സമയം വർദ്ധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തന്ത്രി അനുവദിക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു. ഒരു മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്തർക്ക് ദർശനത്തിന് ലഭിക്കും. ഭക്തരുടെ അഭ്യർത്ഥനയെയും ദേവസ്വം ബോർഡിൻ്റെ ആവശ്യവും അനുഭാവപൂർവ്വം പരിഗണിച്ച് സാഹചര്യത്തിനൊത്ത് തീരുമാനം കൈകൊണ്ട് ദർശനസമയം വർദ്ധിപ്പിച്ചു നൽകിയ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് നന്ദി അറിയിച്ചു. ഭക്തർക്കു വേണ്ടി ദേവസ്വം ബോർഡിനൊപ്പം നിന്ന മേൽശാന്തിമാർക്കും മറ്റ് ശാന്തിക്കാർക്കും ബോർഡ് നന്ദി രേഖപ്പെടുത്തി. ദിവസവും രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

സുനിൽ അരുമാനൂർ
( പബ്ലിക് റിലേഷൻസ് ഓഫീസർ )

Story Summary: Sabarimala darshan time has been extended by one hour in the afternoon

error: Content is protected !!
Exit mobile version