ശബരിമലവ്രതാചരണം എങ്ങനെ വേണം?
വിപ്ര പൂജ്യം വിശ്വ വന്ദ്യം
വിഷ്ണു ശംഭോ പ്രിയം സുതം
ക്ഷിപ്ര പ്രസാദ നിരതം
ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പ …….
ശബരിമല യാത്രയ്ക്ക് മുമ്പായി തീർത്ഥാടകർ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം. അതിനായി ആദ്യം അവർ തുളസി മുത്തുകളോ രുദ്രാക്ഷമോ കോർത്ത അയ്യപ്പ മുദ്ര പതിച്ച മാലയിടണം. ക്ഷേത്ര പൂജാരിയോ ഗുരുസ്വാമിയോ മാല പൂജിച്ച് ശരണം വിളിയോടെ കഴുത്തിൽ അണിയിക്കും. അതോടെ അവർ സ്വാമിയായി മാറും. ഭഗവാനും ഭക്തനും ഒന്നാകും. മാലയിടുന്നതിന് ഒരു ദിവസം മുൻപ് തന്നെ സ്വാമിമാർ മത്സ്യ മാംസാദികൾ, മദ്യം, ലൈംഗിക ജീവിതം തുടങ്ങി എല്ലാ ലൗകിക സുഖങ്ങളും പരിത്യജിക്കും. തുടർന്ന് നാല്പത്തിയൊന്നാം ദിവസം ഗുരു സ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരി മലയ്ക്ക് യാത്രയാകുന്നു.
ഇപ്പോൾ പലരും 41 ദിവസം വ്രതം എടുക്കാറില്ല. എന്നാലും കഴിയുന്നത്ര ദിവസം വ്രതമെടുക്കുവാൻ ശ്രമിക്കണം. വ്രതാനുഷ്ഠാന വേളയിലും ശബരിമല യാത്രയിലും ഒരോ അയ്യപ്പനും മാളികപ്പുറവും ആചരിക്കേണ്ട കാര്യങ്ങൾ:
ഗുരുസ്വാമി: ശബരിമലയ്ക്ക് പോകുവാൻ തീരുമാനിച്ചാൽ 18 വർഷം മല ചവിട്ടിയ സ്വാത്വികനും നിസ്വാർത്ഥനുമായ ഒരാളെ ഗുരുസ്വാമിയായി സ്വീകരിക്കണം. ആ ഗുരുസ്വാമിയുടെ നിർദേശാനുസരണം വ്രതമെടുക്കുകയും മലയ്ക്ക് പോകുകയും ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ഉള്ള ഒരാളെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ഭഗവാൻ അയ്യപ്പനെ തന്നെ ഗുരുവായി സങ്കല്പിക്കുക.
ഗുരുദക്ഷിണ: സ്വയം കെട്ടുനിറച്ച് കെട്ടു താങ്ങി ശബരിമല ചവിട്ടാന്‍ പാടില്ലെന്നാണ് പ്രമാണം. ഏതെങ്കിലും ക്ഷേത്രത്തിലെ പൂജാരിയുടെ അല്ലെങ്കിൽ ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിൽ ആയിരിക്കണം നെയ് തേങ്ങ നിറച്ച് ഇരുമുടിക്കെട്ട് മുറുക്കേണ്ടത്. ഗുരുസ്വാമി ഇരുമുടിക്കെട്ടി തലയിലേറ്റിത്തന്നാൽ തേങ്ങയടിച്ച് തിരിഞ്ഞു നോക്കാതെ യാത്ര തിരിക്കണം. ശാന്തിക്ക് / ഗുരുസ്വാമിക്ക് നാട്ടുനടപ്പനുസരിച്ച് യഥാസമയങ്ങളിൽ ദക്ഷിണ നല്‍കണം. ഗുരുദക്ഷിണ വെറ്റിലയും അടയ്ക്കയും പണവുമാണ്; കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.
മുദ്രാധാരണം: വൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങേണ്ടത്. എന്നാലും ഏതു ദിവസവും മാലയിടാം ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മ നാളാണ്, അയ്യപ്പൻ ശനീശ്വരനുമാണ്. തുളസി മാലയോ രുദ്രാക്ഷ മാലയോ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. രാവിലെ കുളിച്ചു ശുദ്ധമായി മനസ്സ് പരിപാവനമാക്കി ഏതെങ്കിലും ക്ഷേത്ര നടയിൽ ചെന്ന് പൂജാരി / ഗുരു സ്വാമിയുടെ കൈയ്യിൽ നിന്ന് മാല കഴുത്തിൽ സ്വീകരിക്കുകയാണ് വേണ്ടത്. മാലയിട്ടാൽ പിന്നെ അവരെ അയ്യപ്പനോ മളികപ്പുറമോ ആയാണ് മറ്റുള്ളവർ കാണേണ്ടതും പെരുമാറേണ്ടതും. മാലയിടുമ്പോൾ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം:
ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ
ശരണം വിളി: സ്വാമി ശരണം അയ്യപ്പ ശരണം, സ്വാമിയെ ശരണം അയ്യപ്പ തുടങ്ങിയ ശരണം വിളികളാണ് ശാസ്താരാധനയ്ക്ക് വിധിച്ചിട്ടുള്ളത്. രാവിലെയും വൈകിട്ടും അടുത്തുള്ള ക്ഷേത്രങ്ങളിൽ പോയി ശരണം വിളിച്ചാൽ ഏറെ നല്ലത്. ക്ഷേത്രങ്ങളിൽ പോകാൻ പറ്റിയില്ലെങ്കിൽ രണ്ടു നേരവും കുളിച്ച് വീട്ടിൽ വച്ചും ശരണം വിളിക്കാം. വൈകുന്നേരങ്ങളിൽ സംഘമായി ചേർന്ന് അമ്പലങ്ങളിൽ വച്ചോ വീട്ടിൽ വച്ചോ ശരണം വിളിയും ഭജനയും നടത്തുന്നത് ഉത്തമം. അമ്പലങ്ങളിൽ വച്ചോ വീട്ടിൽ വച്ചോ നടത്തുന്ന ആഴി പൂജയിൽ പങ്കെടുക്കുകയും ശരണം വിളിക്കുകയും ഭജന പാടുകയും ചെയ്യുന്നത് അത്യുത്തമം.
കാട്ടിലൂടെയും മലയിലൂടെയും ശരണം വിളിച്ച് നടക്കുന്നത് ഭക്തർക്ക് ശരണം വിളി അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നൽകുന്നു, മല കയറ്റം ആയാസം ഇല്ലാത്തതാക്കുന്നു. ഉറക്കെ ശരണം വിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചു കയറ്റുന്നത് വലിയ ഉന്മേഷമുണ്ടാക്കും. ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണം വിളി ഇല്ലായ്മ ചെയ്യും, മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണം വിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം സൃഷ്ടിക്കുകയും ചെയ്യും. അത് നാദബ്രഹ്മത്തിൽ ഉണ്ടാക്കുന്ന ചലനം സവിശേഷമാണ്. ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രു ദോഷങ്ങളെ ഇല്ലാതാക്കുന്നു എന്ന് പ്രമാണം. ‘ര’ അറിവിന്റെ അഗ്നിയെ ഉണര്‍ത്തുന്നു. ‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ട മൃഗങ്ങൾ അകലുന്നതു പോലെ മനസ്സിലെ ദുഷ്ട ചിന്തകൾ അകലുന്നു.
ജിവിതചര്യ: മാലയിട്ടു കഴിഞ്ഞാൽ കറുപ്പ് വസ്ത്രമാണ് ധരിക്കേണ്ടത്, കർശനമായും ബ്രഹ്മചര്യം പാലിക്കണം. ശരീരത്തെയും മനസ്സിനെയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തണം. വാക്ക്, ചിന്ത, പ്രവൃത്തി ഇവ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കരുത്. എല്ലാവര്‍ക്കും ആവശ്യമായ സേവനം നൽകാൻ സദാ സന്നദ്ധനായിരിക്കണം. ലളിത ജീവിതം നയിക്കണം. മരണാനന്തര ചടങ്ങുകളിൽ പങ്കെെടുക്കരുത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരമെ പാടുള്ളൂ. വ്രതം തീരും വരെ താടിയും മുടിയും വളര്‍ത്തണം. ശബരിമല യാത്രയിൽ പാദുകങ്ങൾ ഒഴിവാക്കണം. കല്ലും മുള്ളും കാലിന് മെത്ത എന്ന ശരണം വിളി ഓർക്കുക. ശബരിമല യാത്രക്ക് തയ്യാറാവുന്നവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് വീട്ടിലെത്തുന്നവര്‍ക്ക് കഞ്ഞി വച്ച് നല്‍കണം. കന്നി അയ്യപ്പന്‍മാർ ശബരിമല യാത്രക്ക് മുമ്പ് തീര്‍ച്ചയായും ചെയ്യേണ്ട ചടങ്ങാണ് കഞ്ഞി വീഴ്ത്ത്.
– വേണു മഹാദേവ്
+91 9847475559