ശബരിമല നട അടച്ചു, ഭഗവാൻ യോഗനിദ്രയിൽ; ഏറ്റവും ഉയർന്ന വരുമാനം ലഭിച്ച സീസൺ
മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര നടയടച്ചു. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു..ശേഷം മേൽ ശാന്തി വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗനിദ്രയിലേക്ക് നയിച്ചു. നട അടച്ച ശേഷം മേൽശാന്തി കെ ജയരാമൻ നമ്പൂതിരി താക്കോല്‍ ദേവസ്വം എക്സിക്യൂട്ടീവ്ഓഫീസര്‍ എച്ച് കൃഷ്ണകുമാറിന് കൈമാറി. ഇനി കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം ലഭിച്ച തീർത്ഥാടന കാലത്തിനാണ് ഇന്ന് സമാപനം കുറിച്ചത്. 2023 ജനുവരി 18 വരെ 315.46 കോടി രൂപയാണ് വരുമാനം. നോട്ടുകളും നാണയങ്ങളും ഇനിയും എണ്ണിത്തീർന്നിട്ടില്ല. പല ഭാഗങ്ങളിലായി കുന്നുകൂടി കിടക്കുന്ന നാണയങ്ങൾ കൂടുതൽ ജീവനക്കാരെ വച്ച് എണ്ണി തിട്ടപ്പെടുത്തി വരുന്നു. ജനുവരി 25 ന് നേട്ടുകളും നാണയങ്ങളും എണ്ണി പൂർത്തിയാക്കി കൃത്യമായ വരുമാനം അറിയിക്കാനാകുമെന്ന് ധനലക്ഷ്മി ബാങ്ക് അധികൃതർ പറഞ്ഞു.
മണ്ഡല – മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച രാത്രി മാളികപ്പുറത്ത് ഗുരുതി നടന്നു. ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി ഒന്‍പതിന് ഹരിവരാസനം പാടി ശബരീശ നട അടച്ച ശേഷമാണ് ഗുരുതി നടത്തിയത്. ശനിയാഴ്ച നെയ്യഭിഷേകം ഉണ്ടായിരുന്നില്ല. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടായിരുന്നു.
മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബര്‍ 30നും മണ്ഡലകാല മഹോത്സവത്തിനായി നവംബര്‍ 16നുമാണ് നട തുറന്നത്. മണ്ഡല -മകരവിളക്ക് കാലം അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് സാക്ഷ്യം വഹിച്ചത്. ഭക്തരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന മഹോത്സവം അയ്യപ്പന്റെ അനുഗ്രഹത്താൽ ഏറ്റവും ഭംഗിയായി സമാപിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരി പറഞ്ഞു. ഒരുപക്ഷേ, എറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേർന്ന മണ്ഡല-മകരവിളക്ക് കാലമാണ് കടന്നു പോവുന്നത്. എല്ലാ സർക്കാർ വകുപ്പുകളും മികച്ച രീതിയിൽ സഹകരിച്ച് പ്രവർത്തിച്ചു. ദേവസ്വം വകുപ്പ്, പോലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ പ്രവർത്തനം ശ്ലാഖനീയമാണ്. കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടാണ് മികച്ച മണ്ഡലകാലം പൂർത്തീകരിക്കാൻ സാധിച്ചത്. ഭക്തരുടെ നിറഞ്ഞ സാന്നിധ്യവും, ഭക്തിനിർഭരമായ അന്തരീക്ഷവും സന്നിധാനത്ത് ഉണ്ടായിരുന്നു. തിരക്ക് കൂടുതലായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും സംഭവിക്കാതെ മണ്ഡലകാലം പൂർത്തിയാക്കാൻ സാധിച്ചു.
Story Summary: Sabarimala Temple closed after Mandala – Makaravilakku Festival