ശയന ഏകാദശി നോറ്റാൽ മന:ശാന്തി, സന്തോഷം, ഐശ്വര്യം
ജ്യോതിഷരത്നം വേണു മഹാദേവ്
ആഷാഢമാസത്തിലെ വെളുത്തപക്ഷത്തിലെ പതിനൊന്നാമത്തെ തിഥിയാണ് ശയനൈക ഏകാദശി. ഭഗവാൻ ശ്രീ മഹാവിഷ്ണു നാലുമാസത്തേക്ക് യോഗനിദ്രയിൽ പ്രവേശിക്കുന്ന ഈ പുണ്യ ദിനത്തെ ദേവശയനി ഏകാദശി, മഹാ ഏകാദശി, പത്മ ഏകാദശി, ഹരി ശയനി ഏകാദശി എന്നെല്ലാം പറയപ്പെടുന്നു. ഈ ഏകാദശി നോറ്റാൽ മന:ശാന്തി, സന്തോഷം, ഐശ്വര്യം എന്നിവയെല്ലാം ഭൗതിക ജീവിതത്തിൽ ലഭിക്കും. ജീവിതാന്ത്യത്തിൽ വൈകുണ്ഠപ്രാപ്തിയുണ്ടാകും. 2021 ജൂലൈ 20 നാണ് ഇത്തവണ ശയന ഏകാദശി. ഈ ദിവസം പാലാഴിയിൽ യോഗനിദ്രയടയുന്ന ഭഗവാൻ ചതുർ മാസ്യം കഴിഞ്ഞ് പ്രബോധിനി ഏകാദശിയിൽ ഉണർന്നെണീക്കും. ഈ ഏകാദശി നോൽക്കുന്നവർ ജൂലൈ 19, 20, 21 തീയതികളിൽ വ്രതമെടുക്കണം.
വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണ്. ഭക്തിയും നിഷ്ഠയും പാലിച്ച് ഏകാദശി വ്രതം നോറ്റ് മഹാവിഷ്ണുവിനെ പൂജിച്ചാൽ എല്ലാ പാപങ്ങളും ഇല്ലാതാകും. പാപം ശമിച്ചാൽ ജീവിതത്തിൽ ഐശ്വര്യം കടന്നുവരും. ഏകാദശി വ്രതത്തിന് ധാരാളം ഫലങ്ങള്‍ പറയുന്നുണ്ട്. ഈ ദിവസം വ്രതമെടുത്ത് ഭഗവാന് തുളസി അര്‍ച്ചിക്കുന്നവര്‍ക്ക് ഒരു കോടി യാഗം ചെയ്ത ഫലം ലഭിക്കും. ഏകാദശി ദിവസം ഭഗവാന് മുന്നില്‍ നെയ് വിളക്ക് തെളിച്ചാൽ വൈകുണ്ഠപ്രാപ്തിയുണ്ടാകും. 24 ഏകാദശിയുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ശയന ഏകാദശിക്ക് വ്രതമെടുക്കുന്നവര്‍ക്ക് വൈകുണ്ഠ പ്രാപ്തി ഉറപ്പാണ്. ഗംഗ മുതലായ പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത ഫലം ഈ ദിവസത്തെ വ്രതഫലമാണ്.
ഏകാദശിക്ക് വിഷ്ണുവിന് താമരമാല ചാര്‍ത്തിയാൽ മോക്ഷം ലഭിക്കും. ദമ്പതികൾ ഒന്നിച്ച് വ്രതമെടുത്താല്‍ സത്‌സ്വഭാവികളായ മക്കളുണ്ടാകും. ഏകാദശി നാൾ ഉറക്കമൊഴിഞ്ഞ് നാമജപ നടത്തിയാൽ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കും. ഏകാദശി ദിവസം ദാനം ചെയ്യുന്നതുപോലെ മറ്റൊരു പുണ്യകര്‍മ്മം ഇല്ല. വൃശ്ചികം (മാര്‍ഗ്ഗശീര്‍ഷം) മാസത്തിലെ കറുത്ത ഏകാദശിയാണ് വ്രതം തുടങ്ങാന്‍ ഏറ്റവും ഉത്തമം. സ്വന്തം ആരോഗ്യം കണക്കിലെടുത്ത് വ്രത കാഠിന്യം കൂട്ടാനും കുറയ്ക്കാനും കഴിയും. സാധാരണ പൂര്‍ണ്ണ ഉപവാസമാണ് പറയുന്നത്. എന്നാൽ ക്ഷേത്രത്തില്‍ നിന്നുള്ള ഉണക്കലരി ചോറ് വാങ്ങി ഒരിക്കൽ ഉണ്ട് ദിവസം കഴിച്ചു കൂട്ടുന്നതിൽ തെറ്റില്ല. ഉപവാസവും ഉറക്കമൊഴിയലും കടുത്ത നിഷ്ഠ ആയതിനാല്‍ ആരോഗ്യം അനുവദിക്കുന്നവര്‍ മാത്രം അതു ചെയ്താല്‍ മതി.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Significance Of Sayana Ekadeshi or Maha Ekadeshi