Sunday, 6 Oct 2024

ശരംകുത്തിയിൽ ആയുധങ്ങൾ
ഉപേക്ഷിച്ചാൽ ശാസ്താ ദർശന പുണ്യം

കന്നി അയ്യപ്പൻമാർ ശരം കുത്തേണ്ട സ്ഥലമാണ് ശബരിമല തീർത്ഥാടന പാതയിലെ ശരംകുത്തി. മറവപ്പടയേയും ഉദയനനേയും തോൽപ്പിച്ച അയ്യപ്പൻ, ഇപ്പോൾ ശരംകുത്തി എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു ആലിൻ്റെ ചുവട്ടിൽ തൻ്റെ കൈയ്യിലുണ്ടായിരുന്ന ആയുധങ്ങൾ ഉപേക്ഷിച്ച് അനുയായികളോട് അതുപോലെ ചെയ്യാൻ ആവശ്യപ്പെട്ടു. പരിപാവനമായ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അയ്യപ്പനും അനുയായികളും ആയുധങ്ങൾ ഉപേക്ഷിച്ച് തികച്ചും നിർമ്മലചിത്തരായി. ഇതുപോലെ മനസ്സിലുള്ള കാമം, ക്രോധം, ലോഭം തുടങ്ങിയ വികാര വിചാരങ്ങളെ ഇരുതല മൂർച്ചയുള്ള ആയുധങ്ങളായി സങ്കല്പിച്ച് അവയെല്ലാം ശരംകുത്തി ആൽത്തറക്കൽ ഉപേക്ഷിച്ച് നിർമ്മലചിത്തരും, നിഷ്കളങ്കരും ആയി വേണം ഒരോ അയ്യപ്പഭക്തനും ശബരിമല ശാസ്താവിനെ ദർശിക്കേണ്ടത്. ഈ തത്വത്തിന്റെ പ്രതീകാത്മകമായാണ് ശരംകുത്തിയിൽ കന്നി അയ്യപ്പന്മാർ ശരരൂപങ്ങൾ ഉപേക്ഷിക്കുന്നത്. ആ ഒരു സമർപ്പിത തേജസ്സുകളാവുന്നതിന് വേണ്ടിയുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പാണ് 41 ദിവസത്തെ കഠിന വ്രതം. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് നാലു ദിവസം പതിനെട്ടാംപടി വരെയും അഞ്ചാം ദിവസം ശരംകുത്തിലേക്കും എഴുന്നള്ളുന്നത് പൊന്നുതമ്പുരാൻ സാക്ഷാൽ അയ്യപ്പസ്വാമിയാണ്. മറിച്ചുള്ളതെല്ലാം ശരംകുത്തിയും ശബരിമലയിൽ ഇന്നുവരെ ഒരിക്കൽ പോലും നടന്നിട്ടില്ലാത്ത മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതുമെല്ലാം യുക്തിക്കും ചരിത്രത്തിനും നിരക്കാത്ത കെട്ടുകഥകൾ മാത്രമാണ്.
കന്നി സ്വാമിമാര്‍ ശബരിമലയില്‍ ദര്‍ശനത്തിന് വരാത്ത ഒരു കാലമുണ്ടെകില്‍ അന്ന് അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് യാതൊരു അടിസ്ഥാനമില്ലാതെ പ്രചാരത്തിലുള്ള കഥ. അപ്രകാരം കന്നി സ്വാമിമാര്‍ എത്തിയതിന് തെളിവാണ് ശരം കുത്തിയില്‍ കാണുന്ന ശരക്കോലുകള്‍ എന്നും അത് നോക്കി ഉറപ്പാക്കുക ഇല്ലെങ്കില്‍ അയ്യപ്പസ്വാമിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ മാളികപ്പുറത്തമ്മ ശരം കുത്തി വരെ മകരം അഞ്ചിന് എഴുന്നെള്ളുമെന്നുമുള്ള സര്‍വ്വാബദ്ധം ഇവിടെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. അവിടെ കുന്നുകൂടി കിടക്കുന്ന ശരക്കോലുകള്‍ കണ്ട് ഖിന്നയായി വിവാഹം മുടങ്ങിയ നിരാശയോടെ ദേവി മാളികപ്പുറത്തേയ്‌ക്ക് തിരിച്ചെഴുന്നെള്ളി അടുത്തവര്‍ഷം വരെ കാത്തിരിക്കുന്നു എന്നുള്ള തെറ്റിദ്ധാരണയാണ് സത്യത്തേക്കാള്‍ കൂടുതലായി പ്രചരിക്കപ്പെട്ടിട്ടുള്ളത്.

യഥാര്‍ഥത്തില്‍ മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം രാജാവിന്റെ പരദേവതയായ മധുര മീനാക്ഷിയാണ്. ദേവിക്ക് മാതൃഭാവ സ്ഥാനമാണ് നൽകിയിട്ടുള്ളതും . പിന്നെയാരാണ് മകരം ഒന്ന് മുതല്‍ നാലു വരെ പതിനെട്ടാം പടിക്കല്‍ വരെയും മകരം അഞ്ചിനു ശരംകുത്തിയിലേക്കും എഴുന്നെള്ളുന്നത് ?

മണിമണ്ഡപം എന്ന മഹായോഗപീഠത്തില്‍ ജീവസമാധിയില്‍ കുടികൊള്ളുന്ന ആര്യന്‍ കേരളന്‍ അഥവാ അയ്യപ്പന്‍ എന്ന അയ്യപ്പസ്വാമിയാണ് ഇപ്രകാരം എഴുന്നെള്ളുന്നത്. ഈ ചരിത്ര സത്യം മിക്കവർക്കും അറിയില്ല. പതിനെട്ടാം പടിക്ക് മുകളില്‍ കുടികൊള്ളുന്ന ശ്രീധര്‍മ്മശാസ്താവിനെ കാണാൻ അയ്യപ്പസ്വാമി നടത്തുന്ന ഈ എഴുന്നെള്ളത്ത് വിളക്കെഴുന്നെള്ളത്ത് എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമായി റാന്നി കുന്നക്കാട്ട് കുടുംബത്തിലെ അംഗങ്ങള്‍ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയില്‍ നിന്ന് ഉണര്‍ത്തിയ ശേഷം മണിമണ്ഡപത്തില്‍ കളമെഴുതുകയും തുടര്‍ന്ന് മണിമണ്ഡപത്തില്‍ നിന്നും വിളക്ക് എഴുന്നള്ളത്തു നടത്തി പതിനെട്ടാം പടിയില്‍ നായാട്ടു വിളിക്കു ശേഷം തിരിച്ചു മണിമണ്ഡപത്തിലേക്കു അയ്യപ്പസ്വാമിയെ എഴുന്നെള്ളിച്ച്‌ പൂജക്ക് ശേഷം കളം മായ്ക്കുകയും ചെയ്യുന്നു.

Story Summary: Significance of Saramkuthi in Sabarimala Pilgrimage


error: Content is protected !!
Exit mobile version