ശരണംവിളി ഉയരുന്നിടത്ത് അയ്യപ്പ സ്വാമി ഓടിയെത്തി ദു:ഖദുരിതങ്ങൾ അകറ്റും
ജ്യോതിഷി പ്രഭാസീന സി പി
കലിയുഗ ദുഃഖങ്ങളിൽ നിന്നും ഭക്തരെ മോചിപ്പിക്കുന്ന ഭഗവാനാണ് ശ്രീ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യപ്പൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, അയ്യൻ, താരകബ്രഹ്മം, ശനീശ്വരൻ, ശബരീശ്വരൻ, ചാത്തപ്പൻ, വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ അനേകം പേരുകളിൽ സ്വാമി അയ്യപ്പൻ അറിയപ്പെടുന്നു. അയ്യാ എന്ന പദം ദ്രാവിഡർ അയ്യപ്പനെ സംബോധന ചെയ്തതാണെന്ന് പറയപ്പെടുന്നു. കേരളത്തിൽ സ്വാമി അയ്യപ്പനെ വിവിധ ഭാഗങ്ങളിൽ, രൂപങ്ങളിലാണ് ആരാധിക്കുന്നത്.
കുളത്തൂപ്പുഴയിൽ ബാലനായിരുന്നപ്പോഴുള്ള രൂപത്തിലെ അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ ഭാര്യമാരായ പുഷ്കല, പൂർണ്ണ എന്നിവരുടെ കൂടെയുള്ള ശാസ്താവ്, ആര്യങ്കാവിൽ കുമാരൻ, ശബരിമലയിൽ
തപസ് ചെയ്യുന്ന സന്യാസിയുടെ ഭാവത്തിൽ – ഇങ്ങനെ ശാസ്താവിനെ ഉപാസിക്കുന്നു. പന്തളം രാജകുമാരനായ, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻ തൻ്റെ അവതാര ലക്ഷ്യം നിറവേറ്റിയ ശേഷം ശബരിമല ശാസ്താവിൽ ലയിച്ചു എന്ന് കരുതുന്നു.
എവിടെ ശരണംവിളി കേൾക്കുന്നുവോ ക്ഷണ മാത്രയിൽ സ്വാമി അയ്യപ്പന്റെ ചൈതന്യം അവിടെ ഉണ്ടാകും. മനുഷ്യന് വേണ്ടി തപസ് ചെയ്യുന്ന ഭഗവത് സ്വരൂപമാണ് സ്വാമി അയ്യപ്പൻ. അതിനാൽ ഭഗവാൻ ആയുധങ്ങൾ ധരിക്കില്ല. ചിൻമുദ്രയാണ് ഭഗവദ്മുദ്ര. ശബരിമല യാത്ര കലിയുഗദോഷങ്ങളും ദുഃഖദുരിതങ്ങളും അകറ്റി കർമ്മ സായൂജ്യത്തിന് വഴി തെളിക്കും. ശബരിമല ശ്രീധർമ്മ ശാസ്താ ദർശനത്തിന് മാലയിടുന്ന ഭക്തൻ ആ നിമിഷം മുതൽ സംശുദ്ധനായിത്തീരുന്നതിനാൽ വ്രത ചിട്ടയിൽ നിഷ്കർഷ വേണം. അഷ്ടരാഗങ്ങളുടെ ആക്രമണത്തിൽ നിന്നും അന്നുമുതൽ ഭക്തനെ ഭഗവാൻ ഭൂതവൃന്ദങ്ങളാൽ സംരക്ഷിക്കുന്നു. സ്വാമിയേ ശരണമയ്യപ്പ എന്ന ശരണം വിളിച്ച് വിഷ്ണുമായയിൽ പിറന്ന സ്വാമി അയ്യപ്പന്റെ ദേവപ്രസാദം ആർജ്ജിക്കാം. വ്രത വിശുദ്ധിയുടെ നാളുകളിൽ എല്ലാ പ്രവർത്തനങ്ങളുടെയും സംസാരത്തിന്റെയും തുടക്കത്തിൽ സ്വാമി ശരണം എന്ന നാമം പറഞ്ഞാൽ നമ്മുടെ വ്രതത്തിന് ഭംഗം വരില്ല.
സ്വാമി ശരണം എന്നാൽ
സ്വാ – ഒരു ഭക്തന്റെ മുഖത്തുള്ള തേജസ്സ്
മി – മ – മകാരം, ശിവൻ
ഇ- ശക്തി – ശിവശക്തി
ശ – ശത്രുവിനെ ഇല്ലാതാക്കുന്നത്
ര – അഗ്നിയെ ജ്വലിപ്പിക്കുന്നത്
(അറിവു നേടുന്നത് )
ണം – ഒരു ഭക്തന്റെ എല്ലാ ചീത്ത കാര്യങ്ങളും ദൈവികത കൊണ്ട് ഇല്ലാതാക്കുന്നത്.
ഒരു കുടുംബത്തിൽ ഒരാൾ മുദ്ര ധരിച്ചാൽ സ്വാമിദർശനം കഴിഞ്ഞ് തിരിച്ചുവരും വരെ ഭവനത്തിലുള്ള മറ്റംഗങ്ങളും ഭക്തന്റെ വ്രതത്തിൽ പങ്കു കൊണ്ട് ഭവനം അയ്യപ്പ സ്വാമിയുടെ വാസസ്ഥലമായ ക്ഷേത്രം പോലെ കരുതണം.
പമ്പയിൽ കുളിച്ച് പൂങ്കാവനം കയറിയിറങ്ങി പഞ്ചേന്ദ്രിയങ്ങൾ, അഷ്ടരാഗങ്ങൾ, ഗുണത്രയം ,വിദ്യ, അവിദ്യ എന്നീ പതിനെട്ടു തത്വങ്ങൾ ഉൾക്കൊള്ളുന്ന പതിനെട്ടു പടി കയറിച്ചെന്നാൽ ആദ്യം കാണുന്നത് തത്ത്വമസി യാണ്. അത് – അത് ത്വം – നീ അസി – ആകുന്നു. അത് നീ ആകുന്നു. ഇതാണ് തത്ത്വമസിയുടെ പൊരുൾ നീ ആരെ കാണുവാനും ദർശിക്കുവാനുമാണ് ഇവിടെ വരുന്നത് അത് നീ തന്നെയാകുന്നു എന്നർത്ഥം. ഇവിടെ ഭഗവാനും ഭക്തനും സ്വാമിയാണ്. ഭഗവാനെയും ഭക്തനെയും സ്വാമി എന്നാണ് വിളിക്കുന്നത്..
പതിനെട്ടുപടി കയറി ഇടത്തോട്ടു തിരിഞ്ഞ് നടപ്പാലം കയറിയിറങ്ങി തിരുനടയിലെത്തിയാൽ ചിൻമുദ്രാങ്കിതനായ അയ്യപ്പ സ്വാമിയെയാണ് ശ്രീ കോവിലിൽ ദർശിക്കുന്നത്. ചിൻമുദ്രയുടെ പൊരുൾ ഇങ്ങനെയാണ്
ചെറുവിരൽ, മോതിരവിരൽ, നടുവിരൽ ഇവ മൂന്നും യഥാക്രമം മണ്ണ്, പെണ്ണ്, പൊന്ന് എന്നിങ്ങനെ കണക്കാക്കാം. ഈ പറയുന്ന മൂന്നും വ്രതാനുഷ്ഠാന കാലത്ത് തീർത്തും ഒഴിവാക്കണം. അഞ്ചു വിരലുകളിൽ ശേഷിക്കുന്ന ചൂണ്ടുവിരൽ മനുഷ്യനും തള്ളവിരൽ ഈശ്വരനുമായി സങ്കല്പിക്കുക. സാധാരണ ചൂണ്ടുവിരൽ ആദ്യം പറഞ്ഞ മൂന്നു വിരലുകളുമായി ചേർന്നാണ് നിൽക്കുന്നതെങ്കിലും ഈശ്വരനുമായി അടുക്കുന്നതോടെ മൂന്നു വിരലുകളും ദൂരെ നിറുത്തുന്നു. മനുഷ്യനാകുന്ന ചൂണ്ടുവിരൽ ശിരസ് നമിച്ച് ഈശ്വരനിൽ ചേരുന്നതിന്റെ കൃത്യമായ വിശദീകരണമാണ് ചിൻമുദ്രയിൽ നിന്നും നാം ഉൾക്കൊള്ളേണ്ടത്
ശബരിമല തീർത്ഥാടകർ ബ്രഹ്മചര്യമാണ് പ്രധാനമായും കാത്തുസൂക്ഷിക്കേണ്ടത്. ‘ബ്രഹ്മചര്യത്തിൽ നിഷ്ഠയുള്ളവനെ ജയിക്കുന്നത് ക്ഷിപ്രസാദ്ധ്യമല്ല ബ്രഹ്മചര്യാനുഷ്ഠാനത്താൽ ശരീരത്തിൽ സംഭരിക്കുന്ന ഊർജ്ജം ഏതിനെയും തരണം ചെയ്യാനുള്ള ശക്തി പകർന്നു തരുന്നതിനാലാണ് കൊടും മഞ്ഞും കൊടും വെയിലും സഹിക്കുവാനുള്ള ശക്തിയും തളരാതെ മല ചവിട്ടുന്നതിനു വേണ്ടിയുള്ള ശക്തിയും ഉണ്ടാകുന്നത്.
ജ്യോതിഷി പ്രഭാസീന സി.പി.
+91 : 9961442256
Story Summary: Significance Of Sabarimala Pilgrimage and 41 Days Vritham
Copyright 2024 Neramonline.com. All rights reserved