Monday, 30 Sep 2024

ശാരദയുടെ അയ്യപ്പ ഭക്തിക്ക് മുന്നിൽ വയസും ആരോഗ്യവും വഴിമാറി

കൂവപ്പടി ജി. ഹരികുമാർ
ശബരിമല: വാർദ്ധക്യം മലകയറാനൊരു തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് മറ്റാരുടെയും ആശ്രയമില്ലാതെ അടിയുറച്ച സ്വാമിഭക്തിയിൽ മീനമാസച്ചൂടിനെ വകവയ്ക്കാതെ ശബരിമല സന്നിധാനത്തെത്തിയ ശാരദ മുത്തശ്ശി മറ്റുള്ള അയ്യപ്പ ഭക്തർക്കെല്ലാം അതിശയമായി.

മുത്തശ്ശിക്ക് വയസ്സ് എൺപത്തഞ്ചായി. മലകയറ്റം ഇത് നാല്പത്താറാമത്തെ വർഷം. ഒരാളും കൂട്ടിനുവേണ്ട.
കയ്യിലൊരു ഊന്നുവടിയും കൂട്ടിന് അയ്യപ്പനുമുണ്ടെങ്കിൽ ധൈര്യമായി ഇനിയും മലചവിട്ടുമെന്നു പറയുകയാണ് പത്തനംതിട്ട ജില്ലയിലെ റാന്നി ഇടപ്പാവൂർ സ്വദേശിനിയായ ഈ മാളികപ്പുറം.

ഇതേസമയം അയ്യപ്പ സ്വാമിയുടെ തിരു അവതാരം കൊണ്ടാടുന്ന പൈങ്കുനി ഉത്രം ഉൽസവത്തിന് ശബരിമലയും ഭഗവാൻ്റെ ആറാട്ടു നടക്കുന്ന പമ്പയും ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച കൊടിയേറിയ ഉത്സവം ഇന്ന് അഞ്ചു ദിവസം പിന്നിടും. ഉൽസവബലി, ഉൽസവബലി ദർശനം, ആനപ്പുറത്ത് എഴുന്നെള്ളിപ്പ് എന്നിവയാണ് ഈ ദിനങ്ങളിലെ വിശേഷക്കാഴ്ചകൾ. 24 ന് രാത്രി ശരം കുത്തിയിലാണ് ശ്രീ അയ്യപ്പ സ്വാമിയുടെ പള്ളിവേട്ട നടക്കുക. 25 ന് രാവിലെ 9 മണിക്കാണ് പമ്പയിലേക്ക് ആറാട്ട് പുറപ്പാട് . ഉച്ചക്ക് 11.30 മണിയോടെ തിരു ആറാട്ട് നടക്കും. അന്ന് രാത്രി കൊടിയിറക്കി മറ്റ് പൂജകൾ പൂർത്തിയാക്കി നട അടക്കും. ഉൽസവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തെ സ്റ്റേജിൽ വിവിധ കലാപരിപാടികൾ ഇപ്പോൾ എല്ലാ ദിവസവും നടക്കുന്നുണ്ട്.

കൂവപ്പടി ജി. ഹരികുമാർ
+91 89219 18835

Story Summary: An Eightysix-year-old Grandma from Rani in Kerala made her Fourtysixth pilgrimage to the Sabarimala Ayyappa hill shirne on Monday

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version