ശിവക്ഷേത്രത്തിലെ ഗംഗാപ്രവാഹം
ശിവലിംഗത്തിന്റെ വലതുവശത്തെ ഓവിനെ പറയുന്നത് സോമസൂത്രം എന്നാണ്; ഇത് മുറിച്ചു കടക്കാന്‍ പാടില്ല. കിഴക്കോട്ടല്ലാതെ വരുന്ന ശിവലിംഗത്തിനും ഓവ് വടക്കുവശത്ത് തന്നെയാണ്. ഇതിലൂടെ പ്രവഹിക്കുന്നത് ഗംഗയാണെന്ന് സങ്കല്പം. അതിനാലാണ് ഓവ് മുറിച്ചു കടക്കാന്‍ പാടില്ലാത്തത്. ഭഗീരഥനുമായി ബന്ധപ്പെട്ട കഥയില്‍ ലോകം മുഴുവന്‍ അലഞ്ഞ ഭഗീരഥന്‍ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നെങ്കിലും, ശിവജഡയില്‍ അത് അപ്രത്യക്ഷമായി. പിന്നീട് ശിവന്‍ വടക്കുവശത്തു കൂടി ഗംഗയെ ഒഴുക്കി എന്നാണ് വിശ്വാസം. ഗംഗയെ ലഭിച്ചു കഴിഞ്ഞ ഭഗീരഥന്‍ പിന്നീട് മുന്നോട്ടു പോയിരിക്കില്ല. ആ ചിന്ത അനുസരിച്ച് ശിവക്ഷേത്രത്തിലെ ഓവ് മുറിച്ചു കടക്കുന്നില്ല.
ശിവനു മാത്രമാണ് ലിംഗരൂപാരാധന ഉള്ളത്. ലിംഗം എന്നാല്‍ രൂപമില്ലാത്തരൂപം. പരമാത്മസ്വരൂപം. പരമാത്മാവ് അരൂപിയായത് അത് സര്‍വ്വത്ര പരന്നു കിടക്കുന്നത് കൊണ്ടാണ്. ആകാശത്തിനും വായുവിനും ഒന്നും ആകൃതി പറയാന്‍ പറ്റില്ല. അതുപോലെ ആത്മാവിനും ആകൃതിയില്ല. എന്നാല്‍ അതിന്റെ പൂര്‍ണത കുറിക്കുകയും വേണം. അതിനായി സ്വീകരിച്ചതാണ് രൂപമില്ലാത്ത ഒരു രൂപം അഥവാ ലിംഗരൂപം. ഒരു കല്ല് എന്നേ ലിംഗരൂപം കൊണ്ടു ഉദ്ദേശിക്കാവൂ. ഇത് ബ്രഹ്മാണ്ഡ പ്രതീകം കൂടിയാണ്. ദക്ഷിണ ഭാരത രീതിയില്‍ ശിവലിംഗം സ്തംഭ രൂപമാണ്. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും സംശയം തീര്‍ക്കാന്‍ ശങ്കരന്‍ അവര്‍ക്കിടയില്‍ ഒരു വലിയ സ്തംഭരൂപിയായ ലിംഗമായി പ്രകടമായതിനെ പ്രതിയാണ് ഈ ആകൃതി.
എന്തായാലും ആത്മാവും ബ്രഹ്മാണ്ഡവും ജ്യോതിഃ സ്തംഭവും ഒന്നും തന്നെ. നമുക്ക് അളന്ന് തീര്‍ക്കുവാനാവില്ല. അത്രയേറെ വിശാലമാണത്. അതിനെ അനുസ്മരിപ്പിക്കാനാണ് ലിംഗരൂപത്തിന്റെ മുക്കാല്‍ മാത്രം പ്രദക്ഷിണം വച്ചിട്ട് തിരികെ വരുന്നത്. മാത്രമല്ല പ്രദക്ഷിണവും അപ്രദക്ഷിണവും ലിംഗാരാധനയില്‍ നിറവേറ്റുന്നു. ശിവ സങ്കല്‍പങ്ങള്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും സത്യാസത്യങ്ങള്‍ക്കും ഉപരിയാണെന്ന കാര്യവും ഇതിലുണ്ട്. മാത്രമല്ല, പ്രദക്ഷിണ രൂപിയായ ധര്‍മ്മ മാര്‍ഗവും അപ്രദക്ഷിണ രൂപിയായ അധര്‍മ്മ മാര്‍ഗവും യോഗവിദ്യയും ഭോഗവിദ്യയും രണ്ടും പരമേശ്വരങ്കല്‍ നിന്നാവിര്‍ഭവിച്ചു എന്നും ഇത് അര്‍ത്ഥമാകുന്നു.
– ജ്യോത്സ്യൻ വേണു മഹാദേവ്
+91 9847475559