Saturday, 6 Jul 2024

ശിവനെ പ്രസാദിപ്പിക്കാൻ ഏറ്റവും നല്ല സമയം

മാസത്തിൽ രണ്ടു പ്രദോഷവ്രത ദിവസങ്ങളുണ്ട്; ഒന്ന് കൃഷ്ണപക്ഷത്തിൽ വരുന്നത്; മറ്റേത് ശുക്‌ളപക്ഷത്തിലേത്. അതെ, കറുത്തവാവിന് മുമ്പും വെളുത്തവാവിന് മുമ്പും. ഈ ദിവസങ്ങളിൽ  ത്രയോദശി  തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷവ്രതം ആചരിക്കുന്നത്. പ്രദോഷസന്ധ്യയിൽ പാർവ്വതി ദേവിയെ പീഠത്തിലിരുത്തി ശിവൻ നൃത്തം ചെയ്യും;  സകലദേവതകളും ഈ  സമയത്ത് സന്നിഹിതരായി ശിവനെ ഭജിക്കും. ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി സന്ധ്യയിൽ
വിധിപ്രകാരം വ്രതമെടുത്താൽ എല്ലാ പാപവും തീരും. ദാരിദ്യദുഃഖശമനം കീർത്തി, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി, ആയുസ്, ക്ഷേമം ഐശ്വര്യം എന്നിവയെല്ലാം ലഭിക്കും.


പരമശിവന്റെയും ശ്രീപാർവതിദേവിയുടെയും അനുഗ്രഹാശിസുകൾ നേടാനും  പാപമോചനത്തിനും ആഗ്രഹലാഭത്തിനും  ഉപവാസത്തിനും ക്ഷേത്രദർശനത്തിനും ഇതുപോലൊരു സുദിനം വേറെയില്ല. ഈ ദിവസം കറുത്ത പക്ഷത്തിലെ ശനിയാഴ്ചകളിൽ വന്നാൽ അതിവിശിഷ്ടമാണ്. അന്നത്തെ വ്രതാചരണം മഹാഭാഗ്യമേകും. തിങ്കളാഴ്ച വരുന്ന സോമപ്രദോഷവും ദിവ്യമാണ്. 

പ്രദോഷ ദിവസം രാവിലെ ശിവക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിച്ച ശേഷം പകൽ മുഴുവൻ ഉപവസിക്കണം. ഒപ്പം പഞ്ചാക്ഷരി ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് 
സന്ധ്യവേളയിൽ  ക്ഷേത്രത്തിൽ പോയി ശിവപൂജ ചെയ്ത് പ്രാർത്ഥിക്കണം. വൈകുന്നേരം നാലര മുതൽ ആറരവരെയാണ്  സന്ധ്യാപ്രദോഷകാലം. ഈ സമയത്ത് തന്നെ ക്ഷേത്രങ്ങളിൽ കൂവളാർച്ചന പോലുള്ള ആരാധനകളും അഭിഷേകങ്ങളും മറ്റ് വഴിപാടുകളും നടത്തണം. ശിവലിംഗത്തോളം തന്നെ ശക്തി അതിനുമുന്നിൽ ശിവനെയും നോക്കി ശയിക്കുന്ന നന്ദിദേവനും ഉണ്ട് എന്ന് മറക്കരുത്. നന്ദിദേവന്റെ അനുമതിയില്ലാതെ ശിവലിംഗം ഇരിക്കുന്ന ശ്രീകോവിലിലേക്ക് പ്രവേശിക്കുവാനും ആരാധിക്കുവാനും ആർക്കും സാദ്ധ്യമല്ല. അതിനാൽ നന്ദിയേയും വണങ്ങി വേണം ചുറ്റമ്പലത്തിലേക്ക് പ്രവേശിക്കാൻ. നന്ദി ദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം നിന്ന്  ഇരുകൊമ്പുകൾക്കിടയിൽ കൂടി വേണം ശ്രീകോവിലിൽ  ശിവനെ ദർശിക്കുവാനും തൊഴുകൈകളോടെ ആരാധിക്കുവാനും അപേക്ഷിക്കുവാനും എന്ന് പറയാറുണ്ട്. അഭീഷ്ടസാദ്ധ്യത്തിനുള്ള പ്രാർത്ഥന ആത്മാർത്ഥമാണെങ്കിൽ കാര്യസാദ്ധ്യത്തിന്  ഒട്ടും താമസം വരില്ല. കാരണം പരമശിവൻ പത്‌നീസമേതം ആനന്ദതാണ്ഡവമാടുന്ന  പുണ്യകാലമാണ് പ്രദോഷം.

പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനാകുമെന്ന് മാത്രമല്ല അനുഗ്രഹമൂർത്തിയുമാകും.  
എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. ആദിത്യദശയുള്ളവർ ദോഷ പരിഹാരത്തിന് പ്രദോഷവ്രതമെടുക്കുന്നത് നല്ലതാണ്.
സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ  മറക്കാതിരിക്കുക. മനുഷ്യജന്മം പഴാക്കാതിരിക്കുക: ഓം നമ:ശിവായ. 

– റ്റി.ജനാർദ്ദനൻ നായർ

error: Content is protected !!
Exit mobile version