Monday, 1 Jul 2024

ശിവന് എരുക്കിൻ പൂമാല ചാർത്തി പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധി

ജോതിഷി പ്രഭാ സീന സി പി

ശ്രീ മഹാദേവ സന്നിധിയിൽ സമർപ്പിക്കുന്ന പൂക്കളിൽ ഏറ്റവും പ്രധാനമാണ് എരുക്കിൻ പൂവ്. ശിവപുരാണവും ഭാഗവതവുമായി ബന്ധപ്പെട്ടുള്ള ഒന്നാണ് എരുക്കിന്റെ മാഹാത്മ്യം. വിഷവും ഔഷധഗുണവും ഒരേ പോലെ
അടങ്ങിയിട്ടുള്ളതിനാലാണ് ശിവപൂജയ്ക്ക് എരുക്കിൻ പൂവ് ഉപയോഗിക്കുന്നത്. എല്ലാ പാപങ്ങളും സംഹരിച്ച്
ഭക്തർക്ക് ഈ സമർപ്പണം സർവൈശ്വര്യങ്ങളും സമ്മാനിക്കും. ചില ശിവക്ഷേത്രങ്ങളിൽ പതിവായും മറ്റ്
ക്ഷേത്രങ്ങളിൽ പ്രദോഷപൂജ, ശിവരാത്രി, തിരുവാതിർ തുടങ്ങിയ വിശേഷ അവസരങ്ങളിലും എരുക്കിൻപൂ കൊണ്ട് അർച്ചന നടത്താറുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് എരിക്കിൻപൂമാല ചാർത്തുന്നതും അർച്ചന നടത്തുന്നതും വളരെ നല്ലതാണ്. അതുപോലെ ഗണപതി ഭാഗവാന് എരിക്കിൻ വേരിൽ കറുക മാല കെട്ടി ചാർത്തിയാൽ സർവ്വ വിഘനങ്ങളും വിട്ടൊഴിയുന്നത് ധാരാളം ഭക്തരുടെ അനുഭവമാണ്. ദുർവാസാവിന്റെ ശാപത്തിൽ നിന്നും മോചനം കിട്ടാൻ ദേവാസുരൻമാർ പാലാഴി കടഞ്ഞ കഥ പ്രസിദ്ധമാണ്. ശിവകണ്ഠാഭരണമായ വാസുകിയെ കയറാക്കി മന്ഥരപർവ്വതത്തെ മത്താക്കി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞു. ഈ സമയത്ത് ആവിർഭവിച്ച കാളകൂടവിഷം ലോകരക്ഷയ്ക്കായി ശ്രീ പരമേശ്വരൻ ഏറ്റുവാങ്ങിയപ്പോൾ ഒരംശം എരുക്കിനും സ്വീകരിക്കേണ്ടി വന്നു എന്ന് ഐതിഹ്യമുണ്ട്. അതേ തുടർന്ന് ലോകരക്ഷാ മാഹാത്മ്യവുമായി എരുക്കിനും ബന്ധമുണ്ടായി. അങ്ങനെ കൂവളത്തിനും വെള്ള തുമ്പപ്പൂവിനും ഒപ്പം എരുക്കും ശിവപൂജാപുഷ്പങ്ങളിൽ പ്രാധാന്യം ലഭിച്ചു.
ആ ഐതിഹ്യം ഇങ്ങനെ: പാലാഴി മഥന വേളയിൽ വേദന താങ്ങാനാകാതെ വാസുകി ഘോരമായ കാളകൂടം വമിച്ചു. പഞ്ചമഹാവിഷങ്ങളിൽ ഒന്നായ കാളകൂടം പൃഥുമാലി എന്ന അസുരന്റെ ചോരയാണ്. കാളകൂടം, മുസ്തകം, വത്‌സനാഭം, ശംഖകർണ്ണി, ശൃംഗി ഇവയാണ് പഞ്ചമഹാവിഷങ്ങൾ. കാലനെപ്പോലും ദഹിപ്പിക്കുവാൻ കഴിയുന്നതു കൊണ്ടാണ് കാളകൂടം എന്ന പേര് വന്നത്.

ഈ വിഷം വീണ് ഭൂമി നശിക്കാതിരിക്കാൻ ശിവൻ കൈക്കുമ്പിളിൽ വാങ്ങി പാനം ചെയ്തപ്പോൾ അതിൽ അല്പം തുളുമ്പി സമീപത്തുണ്ടായിരുന്ന എരുക്ക് എന്ന ചെടിയിൽ വീണു. അങ്ങനെ എരുക്കിന് വിഷാംശം ഉണ്ടായത്രേ. സ്വതവേ വെള്ളനിറമായ എരുക്കിൻപൂവിന് വിഷത്തിന്റെ നീലനിറം ലഭിച്ചു. ശിവന്റെ കൈക്കുമ്പിൾ നിന്ന് തുളുമ്പി താഴെ വീണ വിഷതുള്ളികൾ പാമ്പ്, ചിലന്തി, തേൾ എന്നീ ജീവികൾ രുചിച്ചതിനെ തുടർന്ന് അതുവരെ വിഷമില്ലാതിരുന്ന ആ ഉരഗങ്ങളും അവയുടെ വംശവും വിഷജന്തുക്കളായി മാറിയെന്നും ഐതിഹ്യം പറയുന്നു.

സിദ്ധവൈദ്യത്തിൽ എരുക്കിന് അപാരമായ ഔഷധ ഗുണം പറയുന്നുണ്ട്. എരുക്കിൻ പൂവിലെ വിഷാംശം മാറ്റി മാറാരോഗങ്ങൾക്ക് സിദ്ധഔഷധമായി ഉപയോഗിക്കുന്നു. ആയൂർവേദത്തിലും എരുക്ക് ഔഷധമാണ്. എരുക്കിന്റെ തടി, വേര്, ഇല എന്നിവയെല്ലാം വിശേഷപ്പെട്ടവയാണ്. വിഷാംശം നീക്കിയാണ് ഔഷധമായി ഉപയോഗിക്കുന്നത്. ശിവക്ഷേത്രങ്ങളിലും പരിശുദ്ധമായ മറ്റ് സ്ഥലങ്ങളിലും എരുക്ക് വളരും. ആ സ്ഥലം ശുദ്ധമായി സൂക്ഷിക്കണം.

എരുക്കിന്റെ പൂ ക്ഷേത്രങ്ങളിൽ സമർപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വാടിയ ഏരുക്കിൻ പൂ, കൃമികീടങ്ങളുള്ളത്, ഇതൾ കൊഴിഞ്ഞത് വാടി പഴുത്ത് നിലത്ത് വീണത്, പുഴുക്കുത്തുള്ളത് എന്നിവയൊന്നും സമർപ്പിക്കാൻ പാടില്ല. ഇറുക്കുമ്പോൾ നിലത്തു വീഴുന്ന പൂക്കളും ദേവനുള്ളതല്ല. അസുരനുള്ളത്. അതിനാൽ
അതും എടുക്കരുത്. മണപ്പിച്ച പൂക്കളും സമർപ്പിക്കരുത്. എരുക്കിൻപൂ തട്ടത്തിലോ ഇലയിലോ വച്ച് മാത്രമേ ക്ഷേത്രത്തിൽ സമർപ്പിക്കാവൂ. കടലാസിൽ പൊതിഞ്ഞ് സമർപ്പിക്കരുത്. കുട്ടികളെ എരിക്കിൻ പൂ തൊടീക്കാൻ പാടില്ല.

ആഭിചാര കർമ്മം പ്രതിരോധിക്കുന്നതിനും മന്ത്രവാദം പോലുള്ള ഫലം ഏൽക്കാതിക്കാനും എരുക്ക് വളരെ പ്രധാനപ്പെട്ടതാണ്. എതെങ്കിലും തരത്തില്‍ ആരെങ്കിലും ആഭിചാര പ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിന് വെള്ള എരിക്കിൻ പുക്കൾക്ക് ശക്തിയുണ്ട് എന്നാണ് പറയുന്നത്. ഇതിലൂടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജവും വന്നു ചേരുന്നു എന്നാണ് വിശ്വാസം. അപകടങ്ങൾ പിൻതുടരുന്നവർ ഒരു കഷണം എരുക്കിൻ വേര് എപ്പോഴും കയ്യിൽ കരുതുന്നത് നല്ലതാണ്. ഇത് അപകടങ്ങളിൽ നിന്നും രക്ഷിക്കും.
“ഓം നമോ അഗ്നിരൂപായ ഹ്രീം നമഹ ” മന്ത്രം ചൊല്ലി ഈ വേര് യാത്ര പോകുമ്പോൾ അരികേയൊ ദേഹത്തോ സൂക്ഷിക്കുക. അപകടങ്ങൾ ഒഴിഞ്ഞു പോകും എന്നാണ് വിശ്വാസം.

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

Story Summary: Significance and Benefits of offering
Erukkin poovu for Shiva Pooja

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version