ശിവന് ഏറ്റവും പ്രിയങ്കരം ധാര
ശിവന് ഏറ്റവും പ്രിയങ്കരം ധാര
ഇഷ്ടകാര്യ സിദ്ധിക്കും, രോഗമുക്തിക്കും പാപശാന്തിക്കും, കുടുംബപരമായി മഹാദേവ പുണ്യം കുറഞ്ഞതിന്റെ തിക്തഫലം അനുഭവിക്കുന്നവർക്കും ശിവന് ചെയ്യാവുന്ന ഏറ്റവും നല്ല വഴിപാടാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം മന്ത്രപൂർവ്വം ഒഴിച്ചാണ് ധാര നടത്തുന്നത്. ധാരാപാത്രത്തില്‍ ഏറ്റവും നടുവില്‍ നിര്‍മ്മിച്ച വളരെ ചെറിയ ദ്വാരത്തില്‍ കൂടി മൂന്ന് ദര്‍ഭകള്‍ കൂട്ടിപ്പിരിച്ച ചരട് കീഴ്പ്പോട്ടിറക്കി ശിവലിംഗത്തിന്‍റെ നെറുകയില്‍ മുട്ടിക്കുന്നു. അതിനു ശേഷം ധാരാപാത്രത്തില്‍ ശുദ്ധജലം നിറച്ച് അതിനോടുകൂടി ഘടിപ്പിച്ച നീണ്ട ദര്‍ഭ രണ്ടു കൈയും കൂട്ടിപ്പിടിച്ച് പൂജാരി ശിവ മന്ത്രങ്ങള്‍ ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ധാരയായി, അതായത് ഇടമുറിയാതെ വീഴുന്നു. മന്ത്രശക്തി ഉള്‍കൊള്ളുന്ന മുഴുവന്‍ ജലവും ശിവലിംഗത്തില്‍ വീണുകഴിയും വരെ മന്ത്രം ജപിച്ച് തീര്‍ക്കുകയാണ് പതിവ്. ഇതാണ് ഈ വഴിപാടിന്റെ സമ്പ്രദായം.
ഇതിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കപ്പെടുന്നു. ശിവചൈതന്യം നിറഞ്ഞു നിൽക്കുന്ന കീർത്തികേട്ട ശിവസന്നിധികളിൽ ഉത്തമനായ പൂജാരിയെക്കൊണ്ട് ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും. തിങ്കളാഴ്ച, പ്രദോഷം, തിരുവാതിര, ശിവരാത്രി എന്നീ ദിവസങ്ങള്‍ ധാരക്ക് വിശേഷമാണ്. ദോഷകാഠിന്യം അനുസരിച്ചും
വേഗം ഫലം ലഭിക്കുന്നതിനും തുടർച്ചയായി 7,12,21,41 ദിവസം ചെയ്യിക്കുക.ധാര നടത്തുന്ന സമയത്ത് വഴിപാട് നടത്തുന്ന ഭക്തർ ഓം നമ : ശിവായ ജപിച്ചു കൊണ്ടേയിരിക്കണം.
ഗംഗ ശിവന്റെ ജടയിൽ പതിച്ച ശേഷമാണ് ഭൂമിയിലൂടെ പ്രവഹിച്ചതെന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമായ ധാര ഗംഗാപ്രവാഹമെന്നാണ് സങ്കല്പം. ധാര നടത്തിയ, തീർത്ഥം സേവിക്കുന്നത് നല്ലതാണ്. ശ്രീ പരമേശ്വരന്റെ ശിരസ് എപ്പോഴും തീക്ഷ്ണമായി ജ്വലിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് തണുപ്പിക്കുന്നതിനാണ് ധാര നടത്തുന്നതെന്നുംവിശ്വാസമുണ്ട്.
ധാരകളും ഫലങ്ങളും
ജലധാര ………………………. കാര്യവിജയം, പാപശാന്തി
അഷ്ടഗന്ധജലധാര ……… ശത്രുദോഷശാന്തി
ക്ഷീരധാര (പാല്‍)…………… കാര്യവിജയം
ഘൃതധാര (നെയ്യ്) …………. സര്‍വൈശ്വര്യ സമൃദ്ധി
ഇളനീര്‍ധാര (കരിക്ക്) ……. മന:ശാന്തി, പാപശാന്തി
പഞ്ചഗവ്യധാര ………………. മുജന്മദുരിതശാന്തി
തേന്‍ധാര………………………. ശാപദോഷശാന്തി
എണ്ണധാര………………………. രോഗശാന്തി, ആരോഗ്യം
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655