ശിവരാത്രിയിൽ 108 തവണ പഞ്ചാക്ഷരി ജപിച്ചാൽ കിട്ടുന്ന ഫലം അറിയാമോ?
ജോതിഷരത്നം വേണു മഹാദേവ്
എത്ര പറഞ്ഞാലും തീരില്ല ശ്രീ പരമേശ്വരൻ്റെ ലീലകൾ.
ഭഗവാൻ തന്ത്രേശ്വരനായും രസേശ്വരനായും മ്യത്യുഞ്ജയനായും അഘോരനായും പ്രപഞ്ച രക്ഷയ്ക്ക് രൂപമെടുത്തു. ഭക്തരെ ഏത് വിധേനയും കാത്ത് രക്ഷിക്കുന്ന മഹാദേവൻ്റെ കഥകൾക്ക് കണക്കില്ല. ഒരു ഭക്തന് വേണ്ടി കാലനെപ്പോലും ഭസ്മമാക്കിയ കാലകാലനാണ് ശ്രീ പരമേശ്വരൻ. സംഹാരമൂർത്തി
തന്നെ രക്ഷകനാവുമ്പോൾ ഭക്തർക്ക് പിന്നെ ആരെയും ഭയക്കേണ്ടതില്ല.
ശിവഉപാസനയുടെ അടിസ്ഥാന കൃതിയാണ് ശിവപുരാണം. ശിവഭക്തർ ജീവിത സൗഖ്യത്തിനും മോക്ഷപ്രാപ്തിക്കും വ്രതങ്ങൾ സ്വീകരിക്കണമെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. ശിവപൂജ, ശിവ മന്ത്രജപം, ശിവക്ഷേത്ര ഉപവാസം, കാശിയിൽ മരണം – ഇവയാണ് 4 വ്രതങ്ങൾ. ഇതിൽ ഏറ്റവും ശ്രേഷ്ഠം ശിവരാത്രി ദിവസം ശിവക്ഷേത്രത്തിൽ ഇരുന്ന് ഉപവസിക്കുകയാണ്. ഞായറാഴ്ചയും പ്രദോഷവും, തിരുവാതിരയും മൂലം നക്ഷത്രവുമെല്ലാം
ശിവപ്രീതി നേടാൻ ഉപവാസത്തിന് പ്രധാനപ്പെട്ടതാണ്.
എന്നാൽ ലോക രക്ഷയ്ക്ക് വേണ്ടി ഭഗവാൻ കൊടും വിഷമായ കാളകൂടം പാനം ചെയ്ത മഹാ ത്യാഗത്തിന്റെ ആഘോഷമായ ശിവരാത്രിനാളിലെ ശിവപൂജയ്ക്കുള്ള ശ്രേഷ്ഠത മറ്റൊന്നിനുമില്ല. ഈ ദിവസം 108 തവണ പഞ്ചാക്ഷരി ജപിച്ചാൽ വർഷം മുഴുവൻ പഞ്ചാക്ഷരി ജപിച്ച ഫലം കിട്ടും. പഞ്ചാക്ഷരി സർവ്വ സിദ്ധിദായകമായ മന്ത്രമാണ്. പഞ്ചാക്ഷരി കൂടാതെ അനേകം ശിവ മന്ത്രങ്ങളുണ്ട്. ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന ചില ശിവ മന്ത്രങ്ങൾ.
- കുടുംബ സൗഭാഗ്യത്തിന്
സന്തോഷകരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യം കുടുംബാംഗങ്ങളുടെ സൗഖ്യമാണ്. രോഗ ദുരിതം,
ഗൃഹ പരമായ മറ്റ് അസ്വസ്ഥതകൾ, ധനമില്ലായ്മ എന്നിവ പരിഹരിക്കുന്നതിന് ശിവരാത്രി ദിവസം കുടുംബം ഒന്നിച്ചിരുന്ന് ഇവിടെ പറയുന്ന മന്ത്രം 101 തവണ ജപിക്കണം. ഈ അനുഷ്ഠാനത്തിന് സമ്പൂർണ്ണ ഫലം ലഭിക്കുമെന്ന് ശിവസാധകനായ കപാലീശ്വര സ്വാമി പറഞ്ഞിരിക്കുന്നു. പാർവതീസമേതനായ ശിവനെയാണ് ഇതിലൂടെ ആരാധിക്കുന്നത്.
ധ്യാനം
സർവലോകൈക ശരണം മ്യത്യു രോഗാഭിനാശകം
അഭയപ്രദമീശാനം ദേവം മ്യത്യുഞ്ജയം ഭജേ
മന്ത്രം
ഓം സാംബസദാശിവായ നമ:
2. ഭൂമിലാഭത്തിന്
കുടുബശ്രേയസും ഐശ്വര്യവും പെട്ടെന്ന് ലഭിക്കാനും ധനവരവ്, ഭൂമിലാഭം, കൃഷിവർദ്ധന, ജോലിസ്ഥിരത എന്നിവയ്ക്കും അപ്രതീക്ഷിതമായി ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നതിനും ജപിക്കാവുന്ന മന്ത്രമാണിത്. ഇതും കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ജപിക്കണം. രാവിലെ 101 പ്രാവശ്യമാണ് ജപിക്കേണ്ടത്.
ധ്യാനം
ഓം നമ: പരമ കല്യാണം
നമസ്തേ വിശ്വഭാവന
നമസ്തേ പാർവ്വതീ നായകാ
ഉമാകാന്താ നമോസ്തുതേ
മന്ത്രം
ശം ഹ്രീം ശം
3. യൗവ്വനം നിലനിർത്താൻ
ശരീരത്തിനും മനസ്സിനും യൗവ്വനം നിലനിർത്താനായാൽ ഒരു വ്യക്തിയുടെ ജീവിതം ഏറെക്കുറെ സുഖപ്രദമാകും. മൃത്യുഞ്ജയനായ ഭഗവാന് മാത്രമേ കാലത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാനാകൂ. ഇതിന് അറുപത്തിയൊന്നു പ്രാവശ്യം ഈ മന്ത്രം ഒറ്റയ്ക്ക് രാവിലെ ജപിക്കണം.
ധ്യാനം
വിശ്വാത്മതേ വിചിന്ത്യായ
ഗുണായ നിർഗുണായ ച
ധർമ്മായജ്ഞാന ഭക്ഷാ യ
നമസ്തേ സർവ്വയോഗിനേ
മന്ത്രം
ഓം ശം ശംഭവായ ഓം
4. ദുഃഖനിവാരണത്തിന്
മാനസിക ക്ലേശങ്ങൾ ഇല്ലാതാക്കുന്നതിനും പ്രശ്നം ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനും 75, 101 എന്നീ ക്രമത്തിൽ മന്ത്രം എന്നും രാവിലെ ഇത് ജപിക്കാം.
ധ്യാനം
സദ്യോ ജാതായ ദേവായ
നമസ്തേ ശൂലധാരിണേ
കാലാന്നായ ച കാന്തായ
ചൈതന്യായ നമോ നമ:
മന്ത്രം
ഓം സദാശിവായ ഭവ ഓം ഫട്
5. ഇഷ്ടമുള്ള ജോലി ലഭിക്കാൻ
ഒരു ജോലി ലഭിക്കാൻ വളരെ പ്രയാസമായ ഇക്കാലത്ത് ഇഷ്ടമുള്ള ജോലി പലർക്കും സ്വപ്നം മാത്രമാണ്. അങ്ങനെയുള്ളവർക്ക് ഈ മന്ത്രം ഫലം ചെയ്യുന്നു. എത്ര ആവർത്തി ജപിക്കുന്നുവോ അത്രയും നല്ലത് .
ധ്യാനം
ഓം ഈശാന സർവ്വവിധാനാമീശ്വര
സർവ്വഭൂതാനാം ബ്രഹ്മാധിപതി
ബ്രഹ്മാണോധിപതി ബ്രഹ്മം ശിവോ മേ
അസ്തു സദാശിവോം
മന്ത്രം
ഓം ശം ഹ്രീം ശം ഹ്രീം ശം ഹ്രീം ഓം
6. ശാരിരീകപീഢ ശമിക്കാൻ
ശാരീരിക ക്ലേശങ്ങൾ പലർക്കും ശാപമാണ്. അതൊന്നും പക്ഷെ മാരക രോഗങ്ങളായിരിക്കില്ല. എന്നാൽ മിക്ക പ്രവർത്തികളെയും തടസപ്പെടുത്തും. അങ്ങനെയുള്ളവർ ശിവരാത്രി നാളിൽ 51 തവണ ജപിക്കേണ്ട മന്ത്രമാണിത്. എന്നും ജപിച്ചാൽ ക്ലേശങ്ങൾക്ക് നിത്യ പരിഹാരമാകും .
ധ്യാനം
സർവ്വായ സർവ്വ പൂജ്യായ
ധ്യാനസ്ഥായ ഗുണാത്മനേ
പാർവ്വതി പ്രാണനാഥായ
നമസ്തേ പരമാത്മതേ
മന്ത്രം
ഓം പശുപതയേ നമഃ
7. ശത്രുത ശമിപ്പിക്കുന്നതിന്
ഏറെ പ്രത്യേകതയുള്ള മന്ത്രമാണിത്. ഇതിൻ്റെ ധ്യാനം നരസിംഹമൂർത്തിയുടെയും മന്ത്രം ശിവന്റേതുമാണ്. ജോലിക്കാര്യത്തിലും മറ്റു കാര്യങ്ങളിലുമുള്ള അസൂയക്കാരെ ഒഴിവാക്കാൻ ഈ മന്ത്രം സഹായിക്കും. 101 പ്രാവശ്യം രാവിലെ ജപിക്കുക
ധ്യാനം
ഓം ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
മന്ത്രം
ഓം ഭ്രം ശിവസ്വരൂപായ ഫട്
8. ദോഷശമനത്തിന്
എത്ര പൂജകൾ ചെയ്താലും സദ് പ്രവൃത്തി ചെയ്താലും ഫലം കിട്ടാത്തത് കാലദോഷവും മുജ്ജന്മദോഷവും കൊണ്ടാണ്. മികച്ച സാഹചര്യം ഒരുങ്ങുവാനും ഫലം ലഭിക്കുവാനും 101 പ്രാവശ്യം ഈ മന്ത്രം ജപിക്കണം.
ധ്യാനം
ഓം മൃത്യുഞ്ജയ മഹാരുദ്ര
ത്രാഹിമാം ശരണാഗതം
ജന്മമൃത്യു ജരാ വ്യാധിപീഡിതം
കർമ്മബന്ധനം
മന്ത്രം
ഓം ജ്യോതിർമ്മയെ സ്വരൂപായ നമ:
9. വ്യാപാര മാന്ദ്യപരിഹാരം
ജോലിയോ, കച്ചവടമോ എന്തു പ്രവൃത്തി ചെയ്താലും മാന്ദ്യം നേരിടുന്നത് എന്തെങ്കിലും ദോഷം കൊണ്ടാകാം. അങ്ങനെയുള്ളവർക്കാണ് ഈ മന്ത്രം. പിത്യ ശാപം പോലും ഇതുമൂലം മാറുന്നതാണ്. 51 പ്രാവശ്യം ജപിക്കണം
ധ്യാനം
ഗൗരിപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ
ഗംഗാധരായ ഗജരാജ വിമർദ്ദനായ
ദാരിദ്ര്യദുഃഖ ദഹനായ നമ:ശിവായ
മന്ത്രം
ഓം ക്ലീം ഹ്രീം ക്ലീം ഓം
10. ധനവാനാകാൻ
കുബേരൻ്റെ ഇഷ്ട ദൈവം ശിവനായിരുന്നു. പക്ഷെ അദ്ദേഹം ധനാധിപത്യം നേടിയത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തിയാണ്. ശംഖനിധിയും, പദ്മനിധിയും, പുഷ്പകവിമാനവും അദ്ദേഹത്തിന് സ്വന്തമായി. ശിവഭക്തനായ കുബേര സഹോദരൻ രാവണൻ
ജ്യേഷ്ഠനെ തോൽപ്പിച്ച് ഈ വസ്തുക്കളൊക്കെയും സ്വന്തമാക്കി. ശിവനെ ഭക്തിപൂർവ്വം സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്നവർക്ക് ഭഗവാൻ കുബേര തുല്യം ധനം നൽകുമെന്ന് രാവണൻ തെളിയിച്ചു. അതിൽ അഹങ്കരിച്ചാൽ എന്തു സംഭവിക്കുമെന്ന് രാവണൻ്റെ അനുഭവം പഠിപ്പിക്കുന്നു. കുബേര തുല്യം ധനം ലഭിക്കാൻ ശിവരാത്രി നാളിൽ 60 പ്രാവശ്യം ഈ മന്ത്രം ജപിച്ച് ശിവനെ സ്തുതിക്കണം. തുടർച്ചയായ ജപം ഗുണകരം.
11. ആകർഷണം, സ്ഥാനലബ്ധി
സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആകർഷണീയമായ പെരുമാറ്റം, സ്വഭാവം എന്നിവയെ ആശ്രയിച്ചാണ് ഇത് ലഭിക്കുന്നത് .അതിന് ശിവരാത്രി ദിവസം 75 പ്രാവശ്യം ഈ മന്ത്രം ജപിക്കണം. രാഷ്ട്രീയം, മറ്റ് സാമൂഹിക പ്രവർത്തനം എന്നിവ ചെയ്യുന്നവർക്ക് ഗുണകരമാണ്.
ധ്യാനം
പുരാണപുരുഷ
പാരമ്പരമാത്മാ മഹാകര:
മഹാലാസ്യോ
മഹാകേശോ മഹേശോ
മോഹനോ വിരാട്
മന്ത്രം
ഓം വം പഞ്ചവക്ത്രായ നമ:
12. രോഗംമാറാൻ
ഒരിക്കൽ പിടിപെട്ടാൽ ആയുഷ്ക്കാലം മുഴുവൻ വിട്ടുമാറാത്ത രോഗങ്ങളുണ്ട്. ജീവിതം മുഴുവൻ ക്ലേശിച്ചു കഴിയുകയും മരുന്നു കഴിക്കുകയും ചെയ്യുന്ന രോഗികൾ ഈ മന്ത്രം ശിവരാത്രി നാളിൽ 51 പ്രാവശ്യം ജപിക്കണം. തുടർന്നും ജപിക്കുന്നത് നല്ലതാണ്. ഭഗവാൻ ശിവനെ വൈദ്യനാഥനായാണ് സങ്കല്പിച്ചിരിക്കുന്നത്.
ധ്യാനം
സർവ്വലോകൈക ശരണം
മൃത്യുരോഗാദി നാശകം
അഭയപ്രദമീശാനം
ദേവം മ്യത്യുഞ്ജയം ഭജേ
മന്ത്രം
ഓം ഹ്രൗം സദാശിവായ രോഗമുക്തായ ഹ്രൗം ഫട്.
13. പുത്രിയുടെ വിവാഹത്തിന്
ഏറ്റവും ശുഭപ്രദമായ ദാമ്പത്യമാണ് പാർവ്വതി പരമേശ്വരൻമാരുടേത് ഗൗരീനാഥനായ ഭഗവാനെ പ്രാർത്ഥിക്കുന്ന മാതാപിതാക്കളുടെ മകൾക്ക് വിവാഹം പെട്ടെന്ന് നടക്കും. ഈ മന്ത്രം കഴിയുന്നത്ര ജപിച്ചാൽ ക്ഷിപ്രഫലം.
ധ്യാനം
ശിവായ ഗൗരി വദനാരവിന്ദ
സൂര്യായ ദക്ഷാ ധ്വരനാശകായ
ശ്രീ നീലകണ്ഠായ വ്യഷധ്വജായ
തസ്മൈ ശികാരായ നമ: ശിവായ
മന്ത്രം
ഓം ഗ്ലൗം ഗം ഓം ഗൗരി പതയേ നമ:
14. സൗഭാഗ്യത്തിന്
ശിവപാർവ്വതിമാരെ മനസ്സിൽ ധ്യാനിച്ച് ജപിക്കേണ്ടുന്ന മന്ത്രമാണിത്. മാതാപിതാക്കൾ ,ഭാര്യ, മക്കൾ മുതലായവരുടെ സൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും ഈ മന്ത്രം ഗുണകരമാണ്.
ധ്യാനം
നമശ്ശിവ ശിവാ, ശിവാ, ശിവ ശിവാർത്ഥ കൃത്താശിവാം
നമോഹ ഹരാ ഹരാ ഹര ഹരാന്തരീം മേദ്യശം
നമോ ഭവ ഭവാ ഭവ പ്രഭവ ഭൂതയേ മേ ഭവാൻ
നമോ ദൃഡ നമോ നമോ നമ ഇമേശ ശുഭ്യം നമ:
മന്ത്രം
ഓം ഹ്രീം നമ:ശിവായ ഹ്രീം ഓം.
15 .ധനവും ധാന്യവും നേടാൻ
ലോകത്തുള്ള മുഴുവൻ വസ്തുക്കളുടേയും ജന്തുജാലങ്ങളുടേയും പിതാവായി ശ്രീ പരമേശ്വരനേയും മാതാവായി പാർവ്വതി ദേവിയേയും ആരാധിക്കുന്നു. അന്നപൂർണ്ണേശ്വരി കൂടിയാണ് പാർവ്വതിദേവി. ശിവപാർവ്വതിമാരെ നിരന്തരം പ്രാർത്ഥിക്കുന്നവരെ അവരൊരിക്കലും കൈവിടില്ല. ധനധാന്യ വർദ്ധനവിലൂടെ ജീവിത സൗഖ്യത്തിന് ഈ മന്ത്രം 101 ഉരു ജപിക്കുക.
ധ്യാനം
സ്വശക്ത്യാ ദിശക്ത്യന്ത സിംഹാസനസ്ഥം
മനോഹാരി സർവ്വാംഗ രത്നാഭിഭൂഷം
ജടാഹീ ദ്രുഗംഗാ സ്ഥിശശ്യർക്കമൗലിം
പരാശക്തി മിത്രം നമ പഞ്ചവക്ത്രം
മന്ത്രം
ഓം ഹ്രീം ഐം ഹ്രീം ഓം.
16. ഐശ്വര്യത്തിന്
ഏതൊരു മന്ത്രം ജപിക്കുന്നതിനൊപ്പം അത്രയും പഞ്ചാക്ഷരിയും ജപിക്കുന്നുവോ അത്രയും ഫലം കൂടുതലാണ്. വിഷ്ണു വല്ലഭയാണ് ലക്ഷ്മിയെങ്കിലും ലക്ഷ്മീ മന്ത്രവും ഒപ്പം പഞ്ചാക്ഷരിയും കൂടുതൽ ഐശ്വര്യം കിട്ടാൻ നല്ലതാണ് .ശ്രീ പരമേശ്വരൻ എല്ലാ ദേവ ശക്തിയിലും. നിറഞ്ഞു നിൽക്കുന്ന ചൈതന്യമായതിനാൽ ലക്ഷ്മീ പ്രാപ്തിക്ക് ലക്ഷ്മീ ബീജമന്ത്രം ശിവനെ ധ്യാനിച്ചു ജപിക്കുക .
ധ്യാനം
ഭാനുപ്രിയായ ഭവസാഗര താരണായ
കാലാന്തകായ കമലാസന പൂജിതായ
നേത്രത്രയായ ശുഭലക്ഷ്ണലക്ഷിതായ
ദാരിദ്ര്യദു:ഖ ദഹനായ നമ: ശിവായ
മന്ത്രം
ഓം ശ്രീം ഐം ഓം
17. സൗന്ദര്യത്തിന്
ശരീര സൗന്ദര്യവും ആകർഷണീയമായ വ്യക്തിത്വവും ജീവിത വിജയവും നേടാൻ ശിവപൂജ പോലെ മറ്റൊന്നുമില്ല. സംഹാരത്തിൻ്റെ മഹാദേവനാണ് ശിവനെങ്കിലും ആയുസിന് വേണ്ടി ശിവനെയാണ് പ്രാർത്ഥിക്കേണ്ടത്. അതുപോലെ ഭീതി ജനിപ്പിക്കുന്ന രൂപമുള്ള ഭഗവാനെ തന്നെ രൂപ സൗന്ദര്യത്തിന് ആരാധിക്കണം.
ധ്യാനം
മൃത്യുഞ്ജയോ മമായൂഷ്യം
ചിത്തം മേ ഗണനായകം
സർവ്വം മേ സദാ പാതു
കാലകാല സദാശിവ:
മന്ത്രം
ഓം ഹ്രീം കന്ദർപ്പതയേ
പ്രീത്യർത്ഥേ നമ:
18. ദാമ്പത്യകലഹമകറ്റാൻ
സ്ത്രീക്കും പുരുഷനും ഒരു പോലെ ജപിക്കാവുന്ന ഈ മന്ത്രം ദാമ്പത്യ കലഹശമനത്തിന് വേണ്ടിയുള്ളതാണ്. പൊരുത്തക്കേടുകൾ മാറുന്നതിനും ഐശ്വര്യത്തിനും സമാധാനത്തിനും ശിവരാത്രി വ്രതം അനുഷ്ഠിച്ച് ഈ മന്ത്രം 108 തവണ ജപിക്കണം.ഏറ്റവും ശുഭമായ ദാമ്പത്യം ശിവപാർവ്വതിമാരുടെതായതിനാൽ ശുഭമായ ദാമ്പത്യത്തിന് ഗൗരീശങ്കര പ്രാർത്ഥന ഗുണകരമാണ്.
ധ്യാനം
ശരണതം സുഖതം ശരണാമ്പിതം ശിവം
ശിവേതി ശിവേതി നതം നൃത്താം
അഭയദം കരുണാവരുണാലയം
ഭജതരേ മനുജാ ഗിരിജാ പതിം
മന്ത്രം
ഓം ഐം ഹ്രീം ശിവഗൗരീ ഭവ ഹ്രീം ഐം ഓം
19. സത്പുത്രനുണ്ടാകാൻ
ജീവിതത്തിലെ ഐശ്വര്യമാണ് യോഗ്യരായ മക്കൾ. സുബ്രഹ്മണ്യൻ്റെയും ഗണപതിയുടെയും പിതാവായ ഭഗവാനെ ഭജിച്ചാൽ സദ് പുത്രൻമാരെ നൽകി അനുഗ്രഹിക്കും. അതിന് ശിവരാത്രി ദിവസം വ്രതം എടുത്ത് 101 ഉരു ജപിക്കേണ്ട മന്ത്രമാണിത്.
ധ്യാനം
ത്വമാദിദേവ പുരുഷ പുരാണ
സ്തവമസ്യ വിശ്വസ്യ പരം വിധാനം
വേതാർഗസി വേദം പരം ച ദാമം
ത്വയാ തതം വിശ്വമനന്ത രൂപം
മന്ത്രം
ഓം ശ്രീം ശക്തി സംഭൂതേ പുത്രപദാത്വയേ നമ:
20. കുട്ടികളുടെ രോഗങ്ങൾ മാറാൻ
കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ, മാനസിക പ്രയാസം ഇവയ്ക്ക് പല കാരണങ്ങളുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്ടെന്ന് ബാല ശരീരം പ്രതികരിക്കും. അതാണ് മിക്ക അസുഖങ്ങൾക്കും കാരണം. പ്രകൃതിയുടെ മാറ്റത്തോട് പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ അവർക്ക് കഴിയില്ല. സംക്രമം,അമാവാസി മുതലായ സന്ദർഭത്തിലാണ് ഇത് വർദ്ധിക്കുന്നത്. ഈ മന്ത്രം മാതാപിതാക്കൾ കുട്ടിയേയും കൊണ്ടിരുന്ന് 108 പ്രാവശ്യം ജപിക്കണം.
ധ്യാനം
ഓം ജുംസ ഹ്രൗം ശിരപാതു-
ദേവോ മൃത്യുഞ്ജയോ മമ ശിശൂൻ
ഓം ശ്രീം ശിവോലലാടച
ഓം ഹ്രൗം ഭുവോ സദാശിവ
മന്ത്രം
ഓം രം രക്ഷേശ്വരായ നമ
22. പരീക്ഷാജയത്തിന്
വിദ്യാവിജയത്തിനും പരീക്ഷാവിജയത്തിനും എപ്പോഴും ജപിക്കാവുന്ന മന്ത്രം. ശിവ ഭഗവാൻ ജ്ഞാനത്തിൻ്റെ ദേവനാണ്. ദക്ഷിണാമൂർത്തി സങ്കല്പം തന്നെ ജ്ഞാന മൂർത്തിയാണ്. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും പോകും മുൻപ് ഭഗവാനെ പ്രാർത്ഥിച്ച് 108 തവണ ഈ മന്ത്രം ജപിച്ചാൽ ഗുണ ഫലം ലഭിക്കും. ശിവസ്വരൂപിയായ സരസ്വതിയെയാണ് ഈ മന്ത്രത്തിൽ ധ്യാനിക്കുന്നത്
ധ്യാനം
സരസ്വതി മഹാഭാഗേ
വിദ്യേ കമലലോചനേ
വിശ്വരൂപേ ശിവരൂപേ
വിദ്യാദേഹി നമോസ്തുതേ
മന്ത്രം
ഓം ഐം ഗും ഐം ഓം
ജോതിഷരത്നം വേണു മഹാദേവ്
+91 9847475559
Summary: 22 Shiva Mantras that will change your life for the better.
Thank you very much for the knowledge. Between the 10th one’s manthra is not given in this passage. Kindly include the dhyana n manthra of 10th one. Thank u.