ശിവരാത്രി വ്രതം ജീവിതപങ്കാളിക്കും
ദീര്‍ഘായുസും അഭീഷ്ടസിദ്ധിയും നൽകും
അനിൽ വെളിച്ചപ്പാടൻ
2022 ലെ മഹാശിവരാത്രി മാര്‍ച്ച് 1, 1197 കുംഭം 17
ചൊവ്വാഴ്ച കറുത്തപക്ഷത്തില്‍ ചതുര്‍ദശി തിഥിയില്‍ ആണ്. കുംഭ മാസത്തിലെ കറുത്ത പക്ഷത്തില്‍ സന്ധ്യകഴിഞ്ഞ് ചതുര്‍ദ്ദശി തിഥി ലഭിക്കുന്ന കാലമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശി തിഥി തുടങ്ങുന്നത് ശിവരാത്രി ദിവസം അതിപുലര്‍ച്ചെ 03 മണി 16 മിനിറ്റ് 17 സെക്കന്റ് മുതലാണ് (ഗണനം: കൊല്ലം ജില്ല)
ബലികര്‍മ്മം അത്യുത്തമം
കര്‍ക്കടകവാവിനും ശിവരാത്രിക്കും പിതൃബലി കര്‍മ്മങ്ങള്‍ ചെയ്യാം. നിരവധി ക്ഷേത്രങ്ങളില്‍ ഇതിന് സൗകര്യമുണ്ടാകും. ശിവരാത്രി ദിവസത്തെ ബലിതര്‍പ്പണം അത്യുത്തമമാണ്. മാര്‍ച്ച് 1 ചൊവ്വാഴ്ച പ്രഭാതത്തിലാണ് ബലിയിടേണ്ടത്.
ശിവരാത്രിയുടെ ഐതിഹ്യം
പാലാഴിമഥനത്തില്‍ ലഭിച്ച കാളകൂടവിഷം ലോകര്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സാക്ഷാല്‍ പരമേശ്വരന്‍ സ്വയം പാനം ചെയ്തു. എന്നാല്‍ അത് കണ്ഠത്തില്‍ നിന്നും താഴേക്ക് ഇറങ്ങാതിരിക്കാന്‍ പാര്‍വ്വതീദേവി, ഭഗവാന്റെ കണ്ഠത്തിലും പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ഭഗവാന്റെ വായും പൊത്തിപ്പിടിച്ചുവെന്നും അങ്ങനെ കാളകൂടവിഷം പരമേശ്വരന്റെ കണ്ഠത്തില്‍ ഉറച്ചുവെന്നും അതിന് ശേഷം ഭഗവാന് നീലകണ്ഠന്‍ എന്ന പേര് ലഭിച്ചെന്നും വിശ്വസിക്കുന്നു.
ഭഗവാന്‍ പരമേശ്വരന് ആപത്തും അത്യാപത്തും വരാതിരിക്കാൻ പാര്‍വ്വതീദേവി ഉറക്കമിളച്ച് പ്രാര്‍ത്ഥിച്ചത് മാഘമാസത്തിലെ (കുംഭമാസം) കറുത്തപക്ഷ ചതുര്‍ദശി തിഥിയിലായിരുന്നു. അതാണ് പിന്നെ മഹാശിവരാത്രി ആയി ആചരിച്ചു തുടങ്ങിയത്.
ശിവപുരാണത്തില്‍
ശിവപുരാണത്തില്‍ മറ്റൊരു ഐതിഹ്യവുമുണ്ട് :
‘നീ ആര്?’ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിൽ തര്‍ക്കവും ഒടുവില്‍ യുദ്ധവുമായി. ബ്രഹ്മാവ്, ബ്രഹ്മാസ്ത്രവും അതിനെ തകര്‍ക്കാൻ മഹാവിഷ്ണു പാശുപതാസ്ത്രവും തൊടുത്തു. ലോകം മുഴുവന്‍ കറങ്ങി നടന്ന പാശുപതാസ്ത്രത്തെ തിരികെ എടുക്കാനോ ഉപസംഹരിക്കാനോ മഹാവിഷ്ണുവിനോ ബ്രഹ്മദേവനോ സാധിച്ചില്ലെന്ന് മാത്രമല്ല അവരും ഭയവിഹ്വലരായി. അപ്പോള്‍ അവിടെ ഉയര്‍ന്നുവന്ന ശിവലിംഗത്തിന്റെ രണ്ടറ്റവും കണ്ടെത്താൻ ബ്രഹ്മാവ് മുകളിലേക്കും മഹാവിഷ്ണു താഴേക്കും സഞ്ചരിച്ചെങ്കിലും ഫലം ഉണ്ടായില്ല. നിരാശരായ ഇരുവരും പൂര്‍വ്വസ്ഥലത്ത് മടങ്ങിയെത്തിയപ്പോള്‍ ഭഗവാന്‍ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട്, പാശുപതാസ്ത്രത്തെ നിര്‍വീര്യമാക്കിയത് കുംഭമാസത്തിലെ ചതുര്‍ദശി തിഥിയിലാണെന്നും തുടര്‍ന്ന് എല്ലാ വര്‍ഷവും ഇതേ രാത്രിയില്‍ വ്രതമനുഷ്ഠിക്കണമെന്നും അതിനെ ശിവരാത്രി വ്രതം എന്നറിയപ്പെടുമെന്നും ശിവപുരാണത്തില്‍ കാണാം.
ശിവരാത്രിവ്രത മാഹാത്മ്യം
ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്റെ വാത്സല്യത്തിന് പാത്രീഭവിക്കും. ഒരു ഉദാഹരണം: മഹാപാപിയായ സുന്ദരസേനന്‍ (സുകുമാരന്‍) എന്നയാള്‍ ‘നാഗേശ്വരം’ എന്ന ശിവക്ഷേത്രസന്നിധിയുടെ അടുത്ത് എത്തപ്പെട്ടു. അപ്പോഴവിടെ ‘മഹാശിവരാത്രി’ ആഘോഷം നടക്കുകയായിരുന്നു. യാദൃശ്ചികമായിട്ടായാലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു. നാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചു. ആത്മാവിനെ കൊണ്ടുപോകാനായി കാലന്റെ ദൂതന്മാരും ശിവന്റെ ദൂതന്മാരും യുദ്ധം ചെയ്യേണ്ടിവന്നു. ശിവദൂതർ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്ത് കൊണ്ടു പോകുകയും ചെയ്തു.
ശിവരാത്രിവ്രതം, പൂജ, സമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്‌നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു. ഈ വര്‍ഷത്തെ ശിവരാത്രി, പ്രദോഷവും ചേര്‍ന്നുവരുന്നില്ല. തലേദിവസമാണ് പ്രദോഷം. ശിവരാത്രിയും പ്രദോഷവും ഒന്നിച്ചുവരണമെന്നില്ല. ചില വര്‍ഷങ്ങളില്‍ അങ്ങനെ ലഭിക്കാറുണ്ടെന്ന് മാത്രം. സൂര്യാസ്തമയ സമയത്ത് ത്രയോദശി തിഥി വരികയും എന്നാല്‍ തൊട്ടടുത്ത ദിവസത്തെ സൂര്യോദയത്തില്‍ ത്രയോദശി തിഥി അല്ലാതിരിക്കുകയും ചെയ്താലാണ് പ്രദോഷമായി ആചരിക്കുന്നത്. ഇപ്രകാരം ഒത്തുവന്നില്ലെങ്കിലും പ്രദോഷം ആചരിക്കുന്നത് മുടക്കാറുമില്ല. എല്ലാ ശിവരാത്രിയിലും പ്രദോഷം ലഭിക്കണം എന്നില്ല.
ഉപവാസം, ഒരിക്കല്‍
ശിവരാത്രി ദിവസം ഉപവാസം, ഒരിക്കല്‍ എന്നിങ്ങനെ രണ്ടു രീതിയില്‍ വ്രതം പിടിക്കാം. പൊതുവേ ശാരീരിക സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ക്ക് ഉപവസിക്കുകയും അല്ലാത്തവര്‍ക്ക് ഒരിക്കല്‍ വ്രതമെടുക്കുകയും ചെയ്യാം. ഒരിക്കലെടുക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നുള്ള വെള്ളനിവേദ്യം ‘കാല്‍വയര്‍’ മാത്രം ഭക്ഷിക്കണം. (വയര്‍ നിറയെ പാടില്ല).
ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ: ദേവപൂജാഗ്‌നി ഹവനം സംതോഷ സ്‌തെയവര്‍ജനം സര്‍വ വ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:
ഇത് പ്രകാരം അന്നപാനീയങ്ങള്‍ ഒഴിവാക്കി വ്രതം ആചരിക്കണം എന്ന് ആചാര്യന്‍ പറഞ്ഞിട്ടില്ലെന്ന് വാദിക്കുന്ന പണ്ഡിതരുമുണ്ട്. ആരോഗ്യം, ശരീരം എന്നിവ നോക്കാതെ യാതൊരു വ്രതവും പിടിക്കേണ്ടതില്ലെന്ന് സാരം.
ഉറക്കം പാടില്ല
ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രമോ ‘ഓം’ കാര സഹിതമായി ‘ഓം നമ:ശിവായ’ മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ അഷ്ടോത്തരമോ മറ്റ് ഇഷ്ട സ്‌തോത്രങ്ങളോ യഥാശക്തി ജപിക്കാം.
ശിവരാത്രിയില്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക് ആയതിനാല്‍ അകത്തെ പ്രദക്ഷിണം പ്രയാസം ആയിരിക്കും. അതിനാല്‍ വിവിധ ശിവമന്ത്രങ്ങളാല്‍ പുറത്ത്, ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കാം. ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവനാമാവലി, ശിവപഞ്ചാക്ഷരി സ്തുതി, സദാശിവകീര്‍ത്തനം, ശിവരക്ഷാസ്‌തോത്രം, ശിവപ്രസാദ പഞ്ചകം, ശിവകീര്‍ത്തനം, ശിവസന്ധ്യാനാമം, നമ:ശിവായ സ്‌തോത്രം, ദാരിദ്ര്യദഹനസ്‌തോത്രം എന്നിവയെല്ലാമോ അല്ലെങ്കില്‍ ഇഷ്ടമായവയോ ഭക്തിയോടെ ജപിക്കാം. ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീ ജപിച്ച് വ്രതം പിടിക്കാം.
സര്‍വ്വാഭീഷ്ടസിദ്ധിക്ക്
അര്‍പ്പണമനോഭാവം, എല്ലാത്തിലും വലുതാകുന്നു. വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്‌ക്കോ വാങ്ങി കുടിക്കാം. ശിവരാത്രിയുടെ അടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് വ്രതം അവസാനിപ്പിക്കാം. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം ഫലപ്രദമാണ്.
ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ബലിതര്‍പ്പണം അത്യുത്തമം ആകുന്നു. കര്‍ക്കിടകവാവ് ബലി, ശിവരാത്രി ബലി എന്നിവ പിതൃപ്രീതിക്കായി മുടങ്ങാതെ ചെയ്യുന്ന നിരവധി ആളുകളുണ്ട്. ശിവരാത്രി ദിവസം വൈകിട്ട് മിക്ക ശിവക്ഷേത്രങ്ങളിലും പുരുഷന്മാര്‍ ശയനപ്രദക്ഷിണവും സ്ത്രീകള്‍ കാലടി വച്ച് (പാദപ്രദക്ഷിണം) പ്രദക്ഷിണവും നടത്താറുണ്ട്.
(അനിൽ വെളിപ്പാടൻ, ഉത്തരാ അസ്ട്രോ റിസർച്ച് സെന്റർ, കരുനാഗപ്പള്ളി , www.uthara.in)