Monday, 8 Jul 2024

ശിവരാത്രി വ്രതമെടുത്ത് ഇത്
ജപിക്കൂ, ജീവിതം സുരഭിലമാകും

ജോതിഷി പ്രഭാസീന സി.പി
വ്രതങ്ങളിൽ ശ്രേഷ്ഠമാണ് തിങ്കളാഴ്ച വ്രതം. അതിലും ശ്രേഷ്ഠവും ശിവാനുഗ്രഹകരവുമാണ് പ്രദോഷ വ്രതം. ഇത് രണ്ടിനെക്കാളും അത്യുത്തമമാണ് ശിവരാത്രി വ്രതം. ശിവരാത്രി വ്രതമനുഷ്ഠിച്ച് ശിവപൂജയിൽ പങ്കെടുത്ത് ശക്തിപഞ്ചാക്ഷരി ജപിച്ചാൽ ഭക്തരുടെ ഏതാഗ്രഹവും അടുത്ത ഒരാണ്ടിനകം സാധിക്കുമെന്നാണ് വിശ്വാസം. 2022 മാർച്ച് ഒന്നിനാണ് ശിവരാത്രി.

എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രി വിശേഷമാണ്. ചില ശിവ ക്ഷേത്രങ്ങളിൽ ശിവരാത്രിയോട് ചേർന്നാണ് വാർഷികോത്സവം കൊണ്ടാടുന്നത്. ഈ ദിവസം ക്ഷേത്രത്തിൽ രുദ്രസൂക്താർച്ചന, മൃത്യുഞ്ജയാർച്ചന, ധാര, ശംഖാഭിഷേകം എന്നിവ നടത്തുന്നത് ജീവിത തടസങ്ങൾ നീങ്ങാൻ വളരെ ഗുണകരമാണ്. പാറശാല, ശ്രീകണ്ഠേശ്വരം, കഴക്കൂട്ടം, കണ്ടിയൂർ, തിരുനക്കര ഏറ്റുമാനൂർ, വൈക്കം, ആലുവ, വടക്കുംനാഥൻ, തളിപ്പറമ്പ് രാജരാജേശ്വരൻ, തൃപ്പങ്ങോട്ടപ്പൻ തുടങ്ങിയ ശിവ സന്നിധികളിൽ വളരെ വിപുലമായാണ് ശിവരാത്രി കൊണ്ടാടുന്നത്.

ശിവരാത്രിവ്രതം എങ്ങനെ ?
ശിവരാത്രിക്ക് തലേന്നാൾ വ്രതം തുടങ്ങണം. പൂർണ്ണ സസ്യാഹാരിയാകണം. ഒരു നേരം മാത്രം പച്ചരിച്ചോറ് കഴിച്ച് മറ്റ് സമയങ്ങളിൽ പഴവർഗ്ഗങ്ങൾ കഴിക്കുക. മനസ്സാ വാചാ കർമ്മണാ ആരെയും ദ്രോഹിക്കരുത്. കഴിയുമെങ്കിൽ വാക്കുതർക്കം വരാവുന്ന ജോലികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. മൗനവ്രതം അനുഷ്ഠിച്ചാൽ അത്രയ്ക്ക് ഉത്തമം. മനസ്സിൽ ഓം ഹ്രീം നമ: ശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം സദാ ജപിക്കണം. ചുറ്റും കാണുന്ന സർവ്വവും ശിവനാണെന്ന ബോധത്തോടെ വ്രതം നയിക്കണം.

തലേന്ന് ശിവക്ഷേത്ര ദർശനം
ശിവരാത്രിയുടെ തലേന്നാൾ ശിവക്ഷേത്ര ദർശനം നടത്തുന്നത് നല്ലത്. ശിവരാത്രി ദിവസം ആരംഭിക്കുന്നത് ശിവക്ഷേത്ര ദർശനത്തോടെയാകണം. വീട്ടിൽ പൂജാമുറി ഉണ്ടെങ്കിൽ ഉമാമഹേശ്വര ചിത്രത്തിന് മുന്നിൽ യഥാശക്തി പൂജാദ്രവ്യങ്ങൾ വച്ച് ചന്ദനത്തിരി കത്തിച്ച് ശിവ സ്തോത്രങ്ങൾ ചൊല്ലണം. ശിവനു പോലും കർമ്മോത്സുകനാകാൻ ത്രിഗുണാത്മികയും, പ്രകൃതീശ്വരിയുമായ മഹാമായയുടെ ശക്തി ആവശ്യമാണ്. അതിനാൽ ദേവീ ബീജമായ ഹ്രീം കൂടി ചേർത്ത് ഓം ഹ്രീം നമ: ശിവായ എന്നു തന്നെ ജപിക്കണം. ദേവീ ഭക്തി കൂടുതലുള്ളവർക്ക് ഹ്രീം ഓം ഹ്രീം നമ:ശിവായ എന്ന ശക്തി കവച പഞ്ചാക്ഷരിയും ജപിക്കാം. വില്വപത്രം, എരിക്കിൻ പൂവ് ഇവ കിട്ടുമെങ്കിൽ അത് ശിവന് സമർപ്പിക്കുന്നത് കൂടുതൽ അനുഗ്രഹം നൽകും.

ദാനം ചെയ്താൽ ശിവ കൃപ
ദാനങ്ങളും സൽകർമ്മങ്ങളും ശിവപ്രീതികരമാണ്. ശിവരാത്രി വ്രതത്തോടൊപ്പം സാധുക്കൾക്ക് അന്നം, വസ്ത്രം ഇവ ദാനം ചെയ്താൽ ശിവകൃപയുണ്ടാകും .
ശിവപൂജ ആരംഭിക്കുമ്പോൾ ഗണേശൻ, സുബ്രഹ്മണ്യൻ നന്തികേശൻ , മഹാകാളൻ, ഗംഗ, യമുന, സരസ്വതി ,ശ്രീ ഭഗവതി, ഗുരു, വാസ്തുപുരുഷൻ, ശക്തി എന്നിവരെ സ്മരിച്ച ശേഷം വേണം ശിവനെ പൂജിക്കാൻ. കുറഞ്ഞ പക്ഷം ഗണപതിയേയും നന്തീശ്വരനേയും സ്മരിക്കാത്ത ശിവപൂജ അതും ശക്തിയെ മറന്നുള്ള ശിവപൂജ പ്രയോജനരഹിതമാണ്. ശങ്കരാഷ്ടകം, ലിംഗാഷ്ടകം, ശിവസഹസ്രനാമം ഇവ ജപിക്കുന്നത് നല്ലതാണ്. അത്യന്തം രഹസ്യവും സർവ്വ ഭീതിഹരവും മോക്ഷ പ്രദായകവുമായ അമോഘ ശിവ കവചം ജപിക്കുന്നത് അത്യന്തം അനുഗ്രഹപ്രദമാണ്. ഭഗീരഥ വിരചിത ശിവ സഹസ്രനാമവും നല്ലതാണ്.

ജോതിഷി പ്രഭാസീന സി.പി,
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)

Story Summary: Significance and Benefits of Shiva Ratri Vritham

error: Content is protected !!
Exit mobile version