Friday, 22 Nov 2024

ശിവാഷ്ടകം ജപിച്ചാൽ സൽസന്താനം, ധനം,ധാന്യം, മിത്രം, കളത്രം എന്നിവ ലഭ്യമാകും

ബി.കബീർദാസ്

അനന്തതേജസ്വിയും ത്രിശൂലധാരിയുമാണ് ശ്രീ പരമേശ്വരൻ. സൃഷ്ടി സ്ഥിതി സംഹാരകൻ. സാഗര ദ്വീപുകളുടെ അധിപൻ. യക്ഷഗന്ധർവ ഗരുഡസർപ്പ പക്ഷികളുടെയും സ്വാമി. അർദ്ധനാരീശ്വരൻ. ജടാധാരി. നൃത്തവും സംഗീതവും ശിവ ഭഗവാൻ ഇഷ്ടപ്പെടുന്നു. ദുഷ്ട പ്രവർത്തികൾ ചെയ്യുന്നവർക്ക് വിനാശം വരുത്തുന്നവനും ശിഷ്ടർക്ക് രക്ഷ നൽകുന്നവനും ഭഗവാനാണ്. മഹാദേവ ശിരസ് സ്വർഗ്ഗ തുല്യമാണ്.
പത്തു ദിശകളും ശിവന്റെ കരങ്ങളാണ്. സൂര്യന് ചൂട് നൽകുന്നതും ജലത്തിനു തണുപ്പേകുന്നതും ആകാശത്തിന്റെ പരപ്പും പർവ്വതങ്ങളുടെ ദൃഢതയും വായുവിന്റെ ശക്തിയും അഗ്നിയുടെ ചൂടും ശിവന്റെ സ്പന്ദനം കാരണമാണ്. മന:ശാന്തിക്ക് ശിവനാമങ്ങൾ ജപിക്കണം. മഹാദേവൻ, മഹേശ്വരൻ, അനഘൻ, ശൂരൻ, ദേവരാജൻ, തപോനിധി, ഗൃഹഗുരു, നന്ദൻ, ഹയശീർഷൻ ബോധവ്യൻ, ബ്രഹത്കീർത്തി, ധനഞ്ജയൻ തുടങ്ങിയ ഭഗവാന്റെ നാമധേയങ്ങൾ ഉച്ചരിക്കുന്ന മാത്രയിൽതന്നെ ശത്രുസംഹാരം നടക്കും. ഭഗവാന്റെ കയ്യിലെ ത്രിശൂലം അധർമ്മികളുടെ നെഞ്ചിൽ ആഞ്ഞു തറയ്ക്കുന്നു. ഭസ്മധാരിയായ ശ്രീ മഹാദേവൻ മാനവ ദുഃഖങ്ങൾ ഭസ്മീകരിക്കുന്നു. ഭയനാശനും വിജ്ഞാന ദായകനും ശ്രീ പരമേശ്വരനാണ്. ബ്രഹ്മാവ് സൃഷ്ടി നടത്തുന്നതും വിഷ്ണു നിലനിർത്തുന്നതും ഒടുവിൽ സംഹരിക്കുന്നതും ശിവഭഗവാന്റെ ഇച്ഛയനുസരിച്ചാണ്. ആദിത്യന് പ്രകാശം നൽകുന്നവനും ഭൂമിയെ ഹരിതാഭമാക്കുന്നവനും മഴ പെയ്യിച്ച് ധാന്യങ്ങൾ വിളയിക്കുന്നതും ഗംഗാധരനാണ്. അന്യരുടെ ഭൂമി അപഹരിക്കുന്നവരെയും സ്ത്രീകളെ പീഡിപ്പിക്കുന്നവരെയും നരകയാതനയാൽ ശ്വാസം മുട്ടിക്കുന്നതും ഭഗവാനാണ്. പ്രാണനാഥനാണ് ശിവൻ.
സകല ജീവജാലങ്ങളുടെയും പ്രാണൻ നിലനിർത്തുന്നത് ഭഗവനാണ്. ശിവാംശമായ പ്രാണൻ നിലച്ചാൽ ഏതൊരു ജീവനും ശവമാകും. പുനർജന്മം നൽകുന്നതും മോക്ഷം നൽകുന്നതും സർവോപരി ഏറ്റവും വലിയ നീതിന്യായ കോടതിയും ശ്രീപരമേശ്വരനാണ്. ശിവലിംഗങ്ങളിലൂടെ ഭഗവാൻ അനുഗ്രഹം ചൊരിയുന്നു. ശിവലിംഗത്തിന് രണ്ടു രൂപങ്ങളുണ്ട്. സൂക്ഷ്മവും സ്ഥൂലവും. ആദിയും അന്തവും മനുഷ്യനേത്രങ്ങൾ കൊണ്ടോ ദേവൻ മാർക്കു പോലുമോ കാണാൻ കഴിയാത്ത ബൃഹത്തായ ഒരു രൂപം. മറ്റൊന്ന് മനുഷ്യന് പൂജിക്കാവുന്നതും ദർശിക്കാവുന്നതുമായ രൂപം. ശിവലിംഗത്തിന്റെ കീഴ് ഭാഗം ബ്രഹ്മാവും മദ്ധ്യ ഭാഗം വിഷ്ണുവായും മുകൾഭാഗം ഭഗവാൻ പരമേശ്വരനായും സങ്കൽപ്പിക്കപ്പെടുന്നു. ശിവ ഭഗവാന്റെ ശിവാഷ്ടകം എന്ന വ്യാസവിരചിതമായ ലിംഗ പുരാണത്തിലെ സ്തുതി ഭക്തരുടെ അഭീഷ്ടങ്ങളെല്ലാം സഫലീകരിക്കുന്നതിന് ഗുണപ്രദമാണ്. ഇത് അഷ്‌ടൈശ്വര്യദായകവുമാണ്. നിത്യ പാരായണത്തിന് ശ്രേയസ്‌കരമാണ്:

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗന്നാഥ നാഥം സദാനന്ദഭാജം
ഭവത് ഭവ്യ ഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ

ഭഗവാൻ ശ്രീപരമേശ്വരൻ പ്രഭുവും പ്രമാണങ്ങളുടെ നാഥനുമാണ്. സർവ്വവ്യാപിയും ലോകാധിപതിയാണ്. ജഗന്നാഥനാണ്. സദാനന്ദസ്വരൂപിയാണ്. സന്തുഷ്ടനാണ്. ത്രികാലങ്ങൾക്കും ഈശ്വരനും ഭൂതഗണങ്ങളുടെ അധിപനും മംഗള സ്വരൂപനും ശംഭുവുമായി പ്രകാശിച്ചു കൊണ്ടിരിക്കുന്ന ശിവനെ ഞാൻ സ്തുതിക്കുന്നു.

ഗളേ രുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാധിപാലം
ജടാ ജൂട ഗംഗോത്തരംഗൈർ വിശാലം
ശിവം ശങ്കരം ശംഭുമീശാനമീഡേ

കഴുത്തിൽ തലയോട്ടി കൊണ്ടുള്ള മാല അണിഞ്ഞ, ശരീരത്തിൽ അനേകം സർപ്പങ്ങളെ വഹിച്ച മഹാ കാലകാലനും ഗണപാലകനും ജടാഭാരത്തിൽ ഗംഗയുടെ തിരയിളക്കത്തോടുകൂടിയവനും ശംഭുവുമായ ഭഗവാനെ ഞാൻ സ്തുതിക്കുന്നു.

മുദാമാകരം മണ്ഡനം മണ്ഡയന്തം
പ്രഭാമണ്ഡലം ഭസ്മഭൂഷാകരം തം
അനാദിം ഹ്യപാരം മഹാമോഹമാരം
ശിവം ശങ്കരം ശംഭുമീശാനമീഡേ

ആനന്ദ സാഗരവും അലങ്കാരങ്ങൾക്ക് അലങ്കാരവും മഹാമണ്ഡലവും സദാ പ്രഭ ചൊരിയുന്നവനും ഭസ്മം പൂശിയവനും ആദിയും അന്തവും ഇല്ലാത്തവനും എല്ലാ മോഹങ്ങളെയും നശിപ്പിക്കുന്നവനും മംഗള സ്വരൂപനും ഐശ്വര്യദായകനും ശംഭുവുമായ ശിവഭഗവാനെ ഞാൻ സ്തുതിക്കുന്നു.

വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം സുരേശം ഗണേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ

വടവൃക്ഷത്തിനു കീഴിൽ പാർക്കുന്നവനും, ഉച്ചത്തിൽ അട്ടഹസിക്കുന്നവനും പാപത്തെ സംഹരിക്കുന്നവനും പ്രകാശ പൂരിതനും ഗിരീശനും ഗണേശനും മഹേശനുമായ ശിവ ഭഗവാനെ ഞാൻ സ്തുതിക്കുന്നു.

ഗിരീന്ദ്രാത്മജാ സംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവദാ സന്നഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

പർവ്വത പുത്രിയായ പാർവ്വതിദേവിയാൽ ഗ്രഹിക്കപ്പെട്ട അർദ്ധ ശരീരത്തോട് കൂടിയവനും പർവതവാസിയും വീടില്ലാത്തവനും ബ്രഹ്മാദികളാൽ സ്തുതിക്കപ്പെടുന്ന ശിവനും ശങ്കരനും ഗർവനും ശംഭുവുമായ പരമേശ്വരനെ ഞാൻ സ്തുതിക്കുന്നു.

കപാലം ത്രിശൂലം കരാഭ്യാം ദധാനം
പദാംഭോജനമ്രായ കാമം ദധാനം
വലീവർദയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

തലയോട്ടിയും ത്രിശൂലവും കൈകളിൽ വഹിച്ചവനും പാദങ്ങളിൽ നമിക്കുന്ന ഭക്തർക്ക് ആഗ്രഹങ്ങളെ സാധിച്ചു കൊടുക്കുന്നവനും കാളവാഹനനും ദേവദേവനുമായ പരമേശ്വരനെ ഞാൻ സ്തുതിക്കുന്നു..

ശരച്ചന്ദ്രഗാത്രം ഗുണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണാകളത്രം ചരിത്രം വിചിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ

ശരത് കാലത്തെ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന ശരീരം ഉള്ളവനും മൂന്നു നയനങ്ങളുള്ളവനു അഷ്ടഗുണങ്ങൾക്കും അഷ്‌ടൈശ്വര്യങ്ങൾക്കും ഇരിപ്പിടവും കുബേരമിത്രനും പാർവതീവല്ലഭനും അദ്ഭുത ചരിതനുമായ പരമേശ്വരനെ ഞാൻ സ്തുതിക്കുന്നു..

ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ

ഹരനും സർപ്പ മാല അണിഞ്ഞവനും ശ്മശാനത്തിൽ വിഹരിക്കുന്നവനും വേദപ്പൊരുളും നിർവികാരനും കാമനെ ചുട്ടുചാരമാക്കിയവനുമായ മംഗളരൂപിയും സംഹാരമൂർത്തിയും ഐശ്വര്യ മൂർത്തിയും ശംഭുവുമായ ശിവനെ ഞാൻ സ്തുതിക്കുന്നു.

സ്തവം യ: പ്രഭാതേ നര: ശൂലപാണേ:
പഠേത് സർവദാ ഭർഗ ഭാവാനുരക്ത:
സ പുത്രം ധനം ധ്യാനമിത്രം കളത്രം
വിചിത്രം സമാസാദ്യമോക്ഷം പ്രയാതി

ആരാണോ ശിവനിൽ അനുരക്തരായി ശിവഷ്ടകം നിത്യവും രാവിലെ ഭക്തിയോടെ ജപിക്കുന്നത് അവർക്ക് സൽസന്താനം, ധനം, ധാന്യം, മിത്രം, കളത്രം എന്നിവ ലഭ്യമാകുമെന്ന് ബ്രഹ്മാവ് മൊഴിഞ്ഞതും വ്യാസഭഗവാൻ വിരചിച്ചതുമായ ലിംഗമഹാപുരാണത്തിൽ പറയുന്നു.

ബി.കബീർദാസ്, ബാലരാമപുരം: 8281208519

Story Summary: Significance of Shivashtakam Recitation


error: Content is protected !!
Exit mobile version