ശിവ രത്നമായ മണിമാഹേഷ് ഉമാമഹേശ്വര വിവാഹ സൗധം
ശ്രീകുമാർ
ഹിമാചൽപ്രദേശിൽ ചമ്പാജില്ലയിൽ ബർമൂറിലാണ് മണിമാഹേഷ് എന്ന ദാൽ തടാകം. ഹിമാലയത്തിലെ പിർപഞ്ജാൽ മലനിരകളിൽ ഉൾപ്പെടുന്ന തടാകമാണിത്. ടിബറ്റിലെ മാനസസരോവർ തടാകം കഴിഞ്ഞാൽ ഉയരത്തിൽ രണ്ടാം സ്ഥാനമാണ് മണിമാഹേഷിന് – 3950 മീറ്റർ (12960 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം.
മണിമാഹേഷ് എന്ന വാക്കിന്റെ അർത്ഥം ശിവന്റെ രത്നം എന്നാണ്. പൗർണ്ണമി രാത്രിയിൽ തടാകത്തിലേക്ക് നോക്കുന്ന ഒരാൾക്ക് മനോഹരമായ ഒരു രത്നത്തിന്റെ പ്രതിബിംബം കാണാമത്രേ. വർഷം മുഴുവൻ ഇവിടം മഞ്ഞ് മൂടികിടക്കും. തടാകത്തിലെത്താൻ 13 കിലോമീറ്റർ ദൂരം പച്ചപ്പാർന്ന മലനിരകളിലൂടെ സഞ്ചരിക്കണം .
തളികയുടെ ആകൃതിയാണ് മണിമാഹേഷിന്. രണ്ട് ഭാഗങ്ങളായി കാണപ്പെടുന്ന തടാകത്തിന്റെ വലിപ്പമേറിയ ഭാഗം ശിവകഠോരി അഥവാ ശിവന്റെ കുളിസ്ഥലം എന്നും താഴത്തെ വീതികുറഞ്ഞ ഭാഗം ഗൗരീകുണ്ഡ് അഥവാ പാർവതിയുടെ കുളിസ്ഥലം എന്നും അറിയപ്പെടുന്നു .
ശിവഭഗവാന്റെ വാസസ്ഥലം എന്ന് വിശ്വസിക്കുന്ന കൈലാസ ശൈലത്തിലെ കന്യകാ കൊടുമുടിയുടെ സമീപമാണ് മണിമാഹേഷ് തടാകം സ്ഥിതിചെയ്യുന്നത്. ഇത് ശിവഭഗവാന്റെ പുണ്യ വിവാഹ സൗധമാണെന്നും കരുതപ്പെടുന്നു .
വിവാഹശേഷം പാർവതീ ദേവിയുമൊത്ത് വസിക്കാൻ ഭഗവാൻ സൃഷ്ടിച്ചതാണ് ഈ രണ്ട് ഭൂവിഭാഗങ്ങളും എന്ന് കരുതുന്നു. ചൗമുഖ എന്ന് വിളിക്കപ്പെടുന്ന ഒരു മാർബിൾ ചിത്രം ഇവിടെ ഭഗവാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു.
മണിമാഹേഷ് കൈലാസ ശൈലത്തിന്റെ താഴ്വാരത്തിലാണ് തീർത്ഥാടന കേന്ദ്രമായ തടാകം. ബർമൂറിൽ നിന്നും 26 കിലോമീറ്റർ പോകണം ചമ്പാകൈലാസ് എന്നും അറിയപ്പെടുന്ന കൊടുമുടിയിൽ എത്താൻ, – 5653 മീറ്റർ അതായത് 18,547 അടി ഉയരം.
ഇതിനെക്കാൾ ഉയർത്തിലുള്ള എവറസ്റ്റ് കീഴടക്കിയിട്ടും മണിമാഹേഷ് കൈലാസം കയറാൻ ആർക്കും തന്നെ ഇതുവരെ സാധിട്ടില്ല. മണിമാഹേഷ് കൈലാസം കീഴടക്കാൻ ശ്രമിച്ച ഒരാളും അയാളുടെ ആടും ശിലയായി മാറി എന്ന ഐതിഹ്യമുണ്ട്. ഇഴജന്തുക്കൾക്കു പോലും ഇവിടേക്ക് കടക്കാനാകില്ല. ശിവലിംഗ മാതൃകയിലുള്ള ഇവിടുത്തെ പാറ ഭഗവാൻ ശ്രീ പരമേശ്വരന്റെ സൃഷ്ടി ആണത്രേ. മഹാദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ മണിമാഹേഷ് കൈലാസ ശൈലം കാണുവാൻ പോലും കഴിയൂ എന്ന് ഭക്തർ വിശ്വസിക്കുന്നു. മേഘങ്ങൾ കൈലാസ ശൈലം മറച്ചു കളയുന്നത് ഭഗവാന്റെ അതൃപ്തിയുടെ സൂചനയായി ഭക്തർ വിശ്വസിക്കുന്നു.
ശ്രീകുമാർ
Story Summary: Divinity Of Mani Mahesh: The Abode Of Shiva Parvati