Friday, 20 Sep 2024

ശുഭപ്രതീക്ഷയോടെ വിഷുക്കണി ഇങ്ങനെ ഒരുക്കണം

അന്ധകാരത്തിന്റെ ഇരുൾ അകറ്റി ഐശ്വര്യ സമൃദ്ധമായ ഒരു വര്‍ഷത്തെക്കുറിച്ചുള്ള നിറപ്രതീക്ഷകളാണ് ഓരോ വിഷുവും  ഒരോരുത്തർക്കും നല്കുന്നത്. വിഷുക്കണിയും  വിഷുക്കൈനീട്ടവുമാണ്  വരുന്ന ഒരു വര്‍ഷത്തെ ഭാഗ്യ നിർഭാഗ്യങ്ങളുടെ താക്കോൽ എന്ന് വിശ്വസിക്കാത്തവർ ഭൂമി മലയാളത്തിൽ കുറവാണ്. 

മേടപ്പുലരി കണ്‍തുറക്കുന്നത് നിറദീപങ്ങളുടെ വെളിച്ചത്തില്‍  പൊന്‍വിഷുക്കണി കണ്ടുകൊണ്ടാണ്. ഈ പുലരിയിൽ നല്ല കണി കണ്ടു തന്നെ ഉണരണം എന്ന് മലയാളികൾക്ക് നിർബന്ധമാണ്. കാരണം വിഷുക്കണിയെ ആശ്രയിച്ചായിരിക്കും അടുത്ത വിഷുവരെ ജീവിതത്തില്‍ സംഭവിക്കുന്ന ഭാഗ്യ നിർഭാഗ്യങ്ങള്‍ എന്നാണ് പരമ്പരാഗത വിശ്വാസം. ഒരു വർഷം ദു:ഖങ്ങൾ സംഭവിച്ചാലും പുതിയ വിഷുവിൽ എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയോടെ ഒരോരുത്തരും കണി കാണുന്നു; മുതിർന്നവരിൽ നിന്നും കൈനീട്ടം വാങ്ങുന്നു.

ആഗോള മഹാമാരി കാരണം ക്ഷേത്രങ്ങളെല്ലാം അച്ചിട്ടിരിക്കുന്നതിനാൽ ഇത്തവണ വീടുകളിൽ തന്നെ നമുക്ക് കണികാണാം. നന്നായി വൃത്തിയാക്കിയ പൂജാമുറിയിലോ പ്രധാന മുറിയിലോ വിഷുവിന്റെ തലേന്ന്  രാത്രി ശ്രീകൃഷ്ണന്റെ പ്രതിമ അല്ലെങ്കിൽ ചിത്രത്തിന് മുന്നിൽ കണിയൊരുക്കണം. ഒരു പീഠത്തില്‍ മഞ്ഞപ്പട്ട് വിരിച്ച് അതില്‍ ഭഗവാന്റെ ചിത്രമോ  വിഗ്രഹമോ വച്ച് പൂക്കൾ ചാര്‍ത്തി അലങ്കരിക്കണം. പിന്നെ അഞ്ച് തിരിയിട്ട് നിലവിളക്ക് തയ്യാറാക്കണം. തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പടവലങ്ങ, പഴം, ലഭ്യമായ മറ്റ് ഫലങ്ങൾ എന്നിവയും ഏറ്റവും മുകളിലായി മഹാലക്ഷ്മിയുടെ പ്രതീകമായ കൊന്നപ്പൂവും സജ്ജമാക്കണം. ഒരു തട്ടത്തില്‍ നാണയം, കസവുമുണ്ട് , വാല്‍ക്കണ്ണാടി, ഗ്രന്ഥം, കണ്‍മഷിക്കൂട്ട്, ചാന്ത്, കുങ്കുമച്ചെപ്പ്, സ്വര്‍ണ്ണാഭരണങ്ങള്‍ തുടങ്ങി സ്വന്തം മനസിന് നിറവും സന്തോഷവും നൽകുന്ന എന്തും വയ്ക്കാം. 

കണി ഒരുക്കിക്കഴിഞ്ഞ് നിലവിളക്കിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ഒരു തിരി താഴ്ത്തി കൊളുത്തിവയ്ക്കുക.ബാക്കി തിരികള്‍ വീട്ടിൽ ആദ്യം കണി കാണുന്നയാൾതെളിക്കണം. ഐശ്വര്യമുണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് വേണം  കണി കാണേണ്ടത്. തുടർന്ന് മറ്റ് കുടുംബാംഗങ്ങളെ ആദ്യം കണി കാണുന്നയാൾ വിളിച്ചുണർത്തി കണി കാണിക്കണം. ഇത്തവണഏപ്രിൽ 14 ന് വെളുപ്പിന് 4 മണി മുതൽ  കണി കാണാം. എന്തായാലും സൂര്യൻ ഉദിക്കും മുൻപ് കണി കാണണം. കണി കണ്ട ശേഷം വീണ്ടും കിടന്നുറങ്ങരുത്. 

വിഷുക്കണിക്ക് ശേഷം സസന്തോഷം വിഷുക്കൈനീട്ടം വാങ്ങാം. മുതിർന്നവരിൽ നിന്നാണ് കൈനീട്ടം വാങ്ങേണ്ടത്.  നല്ല ചിന്തയും നല്ല മനസും ഉള്ളവരില്‍ നിന്നും കൈനീട്ടം ലഭിച്ചാല്‍ ഐശ്വര്യസമൃദ്ധി കൈവരും. ഐശ്വര്യ  ദേവതയായ ലക്ഷ്മീദേവിയെയും മഹാവിഷ്ണുവിനെയും ധ്യാനിച്ച് കൈനീട്ടം കൊടുക്കുകയും വാങ്ങുകയും ചെയ്യണം. കൈ നീട്ടം കിട്ടുന്നതെന്തായാലും അത് അടുത്ത വിഷുവരെ ദിവ്യമായി സൂക്ഷിച്ചു വയ്ക്കണം. വിഷമങ്ങളും ഉത്കണ്ഠകളും വന്നതു പോലെയങ്ങ് ഒഴിഞ്ഞും പോകും. ശുഭപ്രതീക്ഷ കൈവിടാതിരിക്കുക. പ്രാർത്ഥനയിലൂടെ മനോബലം കൂട്ടുക .

എല്ലാവർക്കും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ …….

– ജ്യോതിഷാചാര്യൻ സി.എസ്.പിള്ള,+91 9400201810

error: Content is protected !!
Exit mobile version