ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കൊമ്പൻ ശിവകുമാറിന് വിട
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ആറാട്ടിനുൾപ്പടെ തിടമ്പേറ്റായിരുന്ന, തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു.70 വയസ്സാണ്. കാന്തള്ളൂർ വലിയശാല ക്ഷേത്രവളപ്പിൽ അഞ്ചു വർഷമായി തളച്ചിരുന്ന ശിവകുമാർ ഏറെക്കാലമായി രോഗബാധിതനും അവശനുമായിരുന്നു. എഴുന്നേക്കാൻ കഴിയാത്ത വിധം അവശനായ ശിവകുമാറിനെ കുറച്ചു നാളായി പരിചരിച്ചത് ഭക്തരും ആന പ്രേമികളും കൂടിയാണ്. ലോറിയിൽ കയറാത്ത പ്രകൃതക്കാരനായിരുന്നു ഈ കൊമ്പൻ. മൈസൂരു വനത്തിൽ നിന്നും പിടികൂടി ഊട്ടിയിലെ മുതുമല ആന പരിപാലന കേന്ദ്രത്തിൽ മെരുക്കിയ ഈ കൊമ്പനെ ഭക്തർ 1985- ലാണ് ശ്രീകണ്ഠേശ്വരം ശിവ ക്ഷേത്രത്തിൽ നടയ്ക്ക് വച്ചത്. അന്ന് കൃഷ്ണകുമാർ എന്നായിരുന്നു പേര്. ശ്രീകണ്ഠേശ്വരന്റെ തിടമ്പേറ്റിത്തുടങ്ങിയതോടെ ശിവകുമാർ എന്ന പേരു ലഭിച്ചു. തിരുവനന്തപുരം വലിയശാല കാന്തളളൂർ ശിവ ക്ഷേത്രമുറ്റത്ത് പൊതുദർശനത്തിന് വച്ച ശിവകുമാറിന് ആചാരപരമായ വിടവാങ്ങലാണ് നൽകിയത്. ക്ഷേത്രമുറ്റത്ത് നിലവിളക്ക് വച്ച് മഞ്ഞക്കോടി പുതച്ച് ഭസ്മം പൂശി കിടത്തിയാണ് പൊതു ദർശനം നടന്നത്. പിന്നീട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിലും പൊതു ദർശനമുണ്ടായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു എന്നിവരും ആയിരക്കണക്കിന് ഭക്തരും ആനപ്രേമികളും നാട്ടുകാരും വലിയശാലയിൽ എത്തി അന്തിമോപചാരം സമർപ്പിച്ചു. .വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് മുടവൻമുഗളിലെ ദേവസ്വം ബോർഡ് വക സ്ഥലത്ത് ശ്രീകണ്ഠേശ്വരം ശിവകുമാറിനെ മറവു ചെയ്തു.