ശ്രീകൃഷ്ണ ജയന്തി കേരളത്തിൽ വൈകി വരുന്നതെന്തുകൊണ്ട് ?
വേദാഗ്നി അരുൺ സുബ്രഹ്മണ്യം
എന്തുകൊണ്ടാണ് ശ്രീകൃഷ്ണ ജയന്തി വടക്കേ ഇന്ത്യയിലും കേരളത്തിലും പലപ്പോഴും വ്യത്യസ്ത ദിവസങ്ങളിൽ ആചരിക്കുന്നത്. ഇത്തവണ തന്നെ ഉത്തരേന്ത്യയിൽ ഗോകുലാഷ്ടമി ആഗസ്റ്റ് 11 ന് കഴിഞ്ഞു. ഇവിടെ അഷ്ടമിരോഹിണി സെപ്തംബർ
10 നാണ് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പലരും ഇക്കാര്യം വിളിച്ചു ചോദിച്ചു. കാലഗണനയ്ക്ക് പലതരം കലണ്ടറുകളെ ആശ്രയിക്കുന്നതു കൊണ്ടാണ് ഇക്കാര്യത്തിൽ രാജ്യമെമ്പാടും ഒരു ഏകീകരണം ഇല്ലാത്തത്.
ഇന്ത്യയിൽ മൂന്ന് രീതിയിലുള്ള കലണ്ടർ ഉണ്ട്.
ആദ്യത്തേത് സൗരവർഷ കലണ്ടറാണ്. ചന്ദ്രവർഷ കലണ്ടറാണ് മറ്റൊന്ന്. മൂന്നാമത്തേത് നക്ഷത്രവർഷ കലണ്ടറാണ്. എല്ലാറ്റിനും മാസക്കണക്ക്
ഒന്നു തന്നെ. ഒരു വർഷം 12മാസം. എന്നാൽ ദിവസത്തിന് വ്യത്യാസമുണ്ടാവും. സൗരവർഷം
മുന്നൂറ്റി അറുപത്തിയേഞ്ചേകാൽ ദിവസമാണ്.
ചന്ദ്രവർഷത്തിന് 360 ദിവസമാണുള്ളത്. നക്ഷത്ര വർഷത്തിന് അശ്വതി, ഭരണി മുതൽ നക്ഷത്രം പൂർത്തിയാക്കുന്നത് ഒരു മാസമായി കണക്കാക്കുന്നു.
നക്ഷത്ര വർഷം കാലഗണനയ്ക്ക് ഇപ്പോൾ വളരെ അപൂർവ്വമായി മാത്രമേ ഉപയോഗിക്കുന്നുള്ളു.
പൂജാവിധാനങ്ങളിലും ക്ഷേത്ര മാതൃകയിലും മറ്റും
ഉള്ളതു പോലെ ജ്യോതിഷ കാര്യത്തിലും ചില വ്യത്യാസങ്ങൾ ഇവിടെയുണ്ട്. കേരളത്തിനു പുറത്ത് എല്ലായിടവും തിഥിക്കാണ് പ്രാധാന്യം. തിഥി നിരക്ഷരർക്കും മനസിലാക്കാൻ എളുപ്പമാണ്.
ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാൽ മതി കറുത്തവാവും വെളുത്ത വാവും മനസിലാകും.
നമ്മുടെ എല്ലാ ദേശീയ ഉത്സവങ്ങളും പൊതുവേ തിഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമ – നവമി, വിനായക – ചതുർത്ഥി, ശിവരാത്രി, വിജയ – ദശമി ഇങ്ങനെ. കേരളത്തിൽ നക്ഷത്രത്തിന് കൂടി
പ്രാധാന്യം കല്പിക്കുന്നു. ചന്ദ്രനോട് ഏറെ അടുത്തു നിൽക്കുന്നതാണ് ആ ദിവസത്തെ നക്ഷത്രം. കേരളത്തിന് പുറത്ത് വഴിപാടുകൾക്ക്
ഗോത്ര നാമമാണ് ഉപയോഗിക്കുക. കേരളത്തിൽ നക്ഷത്രമാണ്. അതുകൊണ്ട് നമ്മൾ
ജന്മാഷ്ടമിക്ക് പകരം അഷ്ടമിരോഹിണി ആഘോഷിക്കുന്നത്. മറ്റ് സ്ഥലങ്ങളിലെല്ലാം
ഗോകുലാഷ്ടമിയാണ് ആഘോഷിക്കുന്നത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. സൗരവർഷ കലണ്ടറിനെ ആസ്പദമാക്കിയുള്ള യുഗാബ്ദം അഥവാ കൃഷ്ണ വർഷം അല്ലെങ്കിൽ കലി വർഷം എന്നത് അടിസ്ഥാനമാക്കി ശാകന്മാർ രൂപം കൊടുത്ത ചന്ദ്രക്കലണ്ടറാണ് ശകവർഷം. ഇതിനെ അടിസ്ഥാനമാക്കിയാണ് ഉത്സവങ്ങൾ വരുന്നത്. നമ്മുടെ പഞ്ചാംഗത്തിൽ കലിദിന സംഖ്യ/ തദ്ദിന
കലി എന്നെല്ലാം കാണാറില്ലെ. ഈ കലിദിനസംഖ്യയെ
365 കൊണ്ട് ഹരിച്ചാൽ യുഗാബ്ദം കിട്ടും. ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണ ശേഷം രൂപപ്പെട്ടതുകൊണ്ടും കലികാലം / കറുപ്പ് – കൃഷ്ണ – ആയതു കൊണ്ടും ഇതിന് കൃഷ്ണ വർഷം എന്നും പറയുന്നു.
നക്ഷത്രം മുപ്പത് ഇല്ലാത്തത് കൊണ്ട് എല്ലാ മാസവും കുറഞ്ഞത് ഒരു നക്ഷത്രമെങ്കിലും ആവർത്തിക്കും.
32 ദിവസം വരെയുള്ള കൊല്ലവർഷ മാസത്തിൽ 5 നക്ഷത്രം വരെ ആവർത്തിക്കാം. ഇങ്ങനെ ഒരു മാസം രണ്ട് തവണ ഒരു നക്ഷത്രം വരുമ്പോൾ രണ്ടാമത് വരുന്ന നക്ഷത്രം ആചരണത്തിന് എടുക്കുന്നതാണ് നമ്മുടെ രീതി. ഇവിടെയും ശ്രദ്ധിക്കാനുള്ളത് ഒരു ദിവസം മുഴുവനും ഒരു നക്ഷത്രം വരികയും പിറ്റേന്ന് ആറു നാഴികക്ക് മേൽ ആ നക്ഷത്രം തുടരുകയും ചെയ്താലും രണ്ടാമത്തെ ദിവസമാണ് എടുക്കുക. മാസാദ്യം വന്ന നക്ഷത്രം അവസാനവും ആവർത്തിക്കുമ്പോൾ സംക്രമത്തിലല്ലെങ്കിൽ അതാകും ആചരത്തിന് കൊള്ളുക എന്നതാണ് രീതി.
ശ്രീകൃഷ്ണ ജയന്തിയുടെ കാര്യത്തിൽ മറ്റൊരു വസ്തുത കൂടി സൂചിപ്പിക്കേണ്ടതുണ്ട്. നമ്മുടെ ദിവസം ആരംഭിക്കുന്നത് ഉദയത്തെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ശ്രീകൃഷ്ണാവതാരം അർദ്ധരാത്രിയിൽ ആയിരുന്നതിനാൽ രാത്രിയിൽ നക്ഷത്രമുള്ളപ്പോഴാണ് അഷ്ടമിരോഹിണി എടുക്കുന്നത്.
ശ്രാവണമാസത്തിലെ അഷ്ടമിയാണ് ജന്മാഷ്ടമി. മാസങ്ങൾ ഋതുക്കളെ കൂടി കണക്കിലെടുക്കും. ഒരു വർഷത്തിൽ ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ഉള്ളതിൽ ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയുമാണ്. കേരളത്തിൽ കർക്കടകം മഴക്കാലമായതിനാൽ ആഘോഷങ്ങൾ ചിങ്ങമാസം മുതലാണ് തുടങ്ങുന്നത്. അതിനാൽ ആകണം ഇവിടെ ചിങ്ങത്തിലെ രോഹിണി നക്ഷത്രം ശ്രീകൃഷ്ണ ജയന്തിയായി പരിഗണിച്ച്
കൊണ്ടാടുന്നത്. ഇത് ശകവർഷത്തിലെ ഭാദ്രപദമാസം ആകും. ഇത്തരത്തിൽ ഹനുമദ് ജയന്തി ആഘോഷത്തിനും ചില വ്യത്യാസങ്ങൾ ഉണ്ട്. കേരളത്തിലും പുറത്തും മിക്കപ്പോഴും ജന്മാഷ്ടമി
രണ്ട് ദിവസങ്ങളിൽ തന്നെയാണ് വരാറുള്ളത്.
ഇക്കുറി അതിന്റെ അകലം ഏതാണ്ട് ഒരു മാസം വന്നു
എന്ന് മാത്രം.
മന്ത്രോപദേശത്തിനും സംശയപരിഹാരത്തിനും ബന്ധപ്പെടാം:
വേദാഗ്നി അരുൺ സുബ്രഹ്മണ്യം
സൂര്യഗായത്രി + 91 960 5002 047
(തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമിക്ഷേത്രത്തിൽ മേൽശാന്തി)