ശ്രീപദ്മനാഭസ്വാമിയുടെ നിര്‍മ്മാല്യധാരിക്ക് വെള്ളിയാഴ്ച രാവിലെ ശൂലപ്രതിഷ്ഠ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉപദേവനും നിര്‍മ്മാല്യമൂര്‍ത്തിയുമായ വിഷ്വക്‌സേന വിഗ്രഹത്തിന്റെ ശൂലപ്രതിഷ്ഠ ജൂലൈ 14 വെള്ളിയാഴ്ച രാവിലെ 10.40-ന് നടക്കും. അതിനാൽ അന്ന് രാവിലെ 10 മണിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതല്ല. വൈകിട്ട് പതിവ് ദർശനം ഉണ്ടായിരിക്കും.
ഭഗവാന്റെ നിര്‍മ്മാല്യം സ്വീകരിക്കുന്ന മൂര്‍ത്തിയായ വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണിത്. പല ക്ഷേത്രങ്ങളിലും വിഷ്വക് സേന വിഗ്രഹമുണ്ട്. പക്ഷേ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെപ്പോലെ ഇത്ര വലിയൊരു വിഷ്വക്‌സേന വിഗ്രഹം മറ്റെങ്ങും കാണില്ല. ശ്രീപദ്മനാഭസ്വാമിയുടെ
അനന്തശയന വിഗ്രഹം പോലെ ഈ വിഷ്വക് സേനനും കടുംശര്‍ക്കര യോഗത്തില്‍ ചെയ്തതാണ്. ഭഗവാന്റെ ഒരു ഭാഗമായാണ് ഈ വിഷ്വക് സേനനെ സങ്കല്പിക്കുന്നത്.
വിഷ്വക് സേനന് രണ്ട് സ്ഥാനമാണ്: സേനാനായകനും ബദ്ധജീവാത്മാവും. പദ്മനാഭസ്വാമിയുടെ പാര്‍ഷദനായ വിഷ്വക് സേനന്റെ പ്രതിഷ്ഠ ഒറ്റക്കൽ മണ്ഡപത്തിന്റെ വടക്കു കിഴക്കേ കോണിൽ പ്രത്യേക ശ്രീകോവിലിൽ തെക്ക് ദർശനമായാണുള്ളത്. വിഷ്ണുവിന്റെ മറ്റൊരു സ്വരൂപമായ വിഷ്വക്‌സേനൻ ശ്രീപദ്മനാഭസ്വാമിയുടെ നിധികളുടെ നോട്ടക്കാരനുമാണ്.
കടുശർക്കര യോഗത്തിൽ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ബിംബമാണ് ഇപ്പോൾ പുനർ നിർമ്മിക്കുന്നത്. പ്രകൃതിയിൽ നിന്നുള്ള ധാതുക്കളാലാണ് വിഷ്വക്‌സേന ബിംബദേഹം, അസ്ഥികൾ, നാഡികൾ തുടങ്ങിയ സപ്ത ധാതുക്കൾ നിർമ്മിക്കുന്നത്. ഉൾഭാഗത്ത് അസ്ഥികൾ ചേർന്ന ശൂലഘടന കരിങ്ങാലി കൊണ്ട് നിർമ്മിക്കുന്നു. പ്രധാനഭാഗങ്ങൾ കരിങ്ങാലി കൊണ്ടും നാഡികൾ കയർ കൊണ്ടും, കൈപ്പത്തി, വിരലുകൾ എന്നിവ ലോഹം കൊണ്ടും നിർമ്മിച്ച് തമ്മിൽ ബന്ധിച്ചാണ് ആദ്യം ശൂലപ്രതിഷ്ഠാ കർമ്മം ചെയ്യുന്നത്. പിന്നീട് കടുശർക്കര കൂട്ട് ഉപയോഗിച്ച് ബാക്കി അംഗങ്ങൾ നിർമ്മിക്കുന്നു. ഇതാണ് പാരമ്പര്യ രീതി. കടുശർക്കരയോഗത്തിൽ നൂറ്റാണ്ടിന് ശേഷമാണ് ഇപ്പോൾ പ്രത്യേകരീതിയിലുള്ള ബിംബം പുനർനിർമിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് ശൂലം ശില്പിമാർ തന്ത്രി തരണനല്ലൂർ എൻ.ആർ.സതീശൻ നമ്പൂതിരിപ്പാടിന് കൈമാറുന്ന
ചടങ്ങായ ബിംബപരിഗ്രഹം നടന്നു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരടങ്ങിയ മൂലബിംബ പുനരുദ്ധാരണ സമിതിയാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്.
Story Summary: Sree Padmanabha Swamy Temple is gearing for Vishvaksena Soola Pratistha On 14 July, 2023