Friday, 20 Sep 2024

ശ്രീമുരുകന്റെ അവതാരദിനം കുമാരഷഷ്‌ഠി വെള്ളിയാഴ്ച

ഭഗവാൻ സുബ്രഹ്മണ്യന്റെ അവതാര ദിനമായി കൊണ്ടാടുന്ന മിഥുന മാസത്തിലെ വെളുത്തപക്ഷത്തിലെ ഷഷ്ഠി ജൂൺ 26 വെള്ളിയാഴ്ചയാണ്. കുമാരഷഷ്ഠി എന്ന പേരിൽ പ്രസിദ്ധമായ ഈ ദിവസം സുബ്രഹ്മണ്യ പ്രീതികരമായ പ്രാർത്ഥനകൾക്കും വ്രതാനുഷ്ഠാനത്തിനും ഉത്തമമാണ്. എല്ലാ മാസത്തെയും ഷഷ്ഠികളെക്കാൾ സവിശേഷ പ്രാധാന്യമുള്ള കുമാര ഷഷ്ഠി ദിവസം ശ്രീമുരുകനെ ഭജിക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹലബ്ധിക്കും സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും അത്യുത്തമമാണ്.

ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവരും ചൊവ്വാദോഷമുള്ളവരും ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. പഞ്ചമി മുതൽ വ്രതമെടുത്ത് ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തി ഉച്ചനേരത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചാണ് സാധാരണ വ്രതം പൂർത്തിയാക്കുന്നത്. ഇത്തവണ ക്ഷേത്ര ദർശനവും മറ്റും പ്രയാസമായതിനാൽ വ്രതമെടുത്ത് തികഞ്ഞ മാനസിക, ശാരീരിക, പരിസര ശുദ്ധി പാലിച്ച് വീട്ടിലിരുന്ന് ഭക്തിപൂർവം ശ്രീമുരുക മന്ത്രങ്ങൾ ജപിക്കുക. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നത് ഉത്തമമാണ്. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു.

മൂലമന്ത്രം
ഓം വചദ്ഭുവേ നമ:
ഓം ഷൺമുഖായ നമ:

ഷഷ്ഠി ദിവസം കഴിയുന്നത്ര തവണ മൂലമന്ത്രം ജപിക്കണം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും കുമാര ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യജപത്തിനും സുബ്രഹ്മണ്യ ഗായത്രി നല്ലതാണ്.

സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം

ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

ശ്രീമുരുകനെ ധ്യാനിച്ച് ഭഗവൽ രൂപം സങ്കല്പിച്ച് വേണം ധ്യാനശ്ലോകം ജപിക്കാൻ. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും. ശ്ലോകത്തിന്റെ അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം എന്നിവയാൽ വിഭൂഷിതനും ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയവനും ഇരുകൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമ വർണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ ധ്യാനിക്കുന്നു.

ജ്യോതിഷരത്നം വേണുമഹാദേവ്

91 9847475559

error: Content is protected !!
Exit mobile version