Saturday, 23 Nov 2024

ശ്രീമൂലസ്ഥാനത്ത് സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ഭദ്രകാളീക്ഷേത്രം

ദേവനന്ദൻ

സ്ത്രീകൾക്ക് ശ്രീമൂലസ്ഥാനത്ത് പ്രവേശനം പാടില്ല.  പ്രതിഷ്ഠയുടെ വിശദാംശങ്ങൾ തന്ത്രിയും ശാന്തിക്കാരനും അല്ലാതെ ആരും അറിയരുത്. ഇവർ ശ്രീകോവിലിൽ കണ്ട കാര്യങ്ങളൊന്നും പുറത്ത് പറയരുത്. ശ്രീകോവിലിനുള്ളിൽ പ്രവേശിക്കും മുൻപ്ഇവർ ഇത് സത്യം ചെയ്യണം. ദർശനത്തിനെത്തുന്നവർ ശ്രീ കോവിലിൽ എന്താണെന്ന് കാണാൻ പാടില്ല……….

നൂറ്റാണ്ടുകൾക്ക് മുൻപ് വില്വമംഗലം സ്വാമിയാർ വിധിച്ച വ്യവസ്ഥകൾ ഇന്നും അഭംഗുരം പാലിച്ച് ദർശനം നടക്കുന്ന ക്ഷേത്രം ആണ് ഇലഞ്ഞിമേൽ വള്ളിക്കാവ് ഭദ്രകാളീക്ഷേത്രം. ആലപ്പുഴ ജില്ലയിൽ മാവേലിക്കര നിന്നും പൊറ്റമേൽ കടവ് വഴി ചെങ്ങന്നൂരിന് പോകുന്ന പാതയിലാണ് പുരാതനമായ ഈ ഭദ്രകാളി സന്നിധി. എട്ടു ഏക്കറോളം വരുന്ന കാവിനുള്ളിലാണ് ക്ഷേത്രം. കാവിലെ ആരാധനയുടെ ആരംഭം ചരിത്രപരമായി ഗണിക്കുക അസാധ്യമാണ്. പ്രചാരത്തിലുള്ള ഐതിഹ്യങ്ങളെ ആശ്രയിക്കുകയാണ് എളുപ്പം. മലയാള ദേശത്തെ ആദിമ ദൈവസങ്കല്പം കാളിയുടേതാണ്. കാവുകളായിരുന്നു ആരൂഢങ്ങൾ. പിൽക്കാലത്തു വാസ്തു വിധി പ്രകാരം ക്ഷേത്ര പ്രകാരങ്ങളുണ്ടായി. കാലത്തിന്റെ കുത്തൊഴുക്കിൽ കാവ് പലയിടത്തും ക്ഷേത്രത്തിന്റെ പേരിൽ മാത്രം ഒതുങ്ങി. എന്നാൽ ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രത്തിൽ കാവ് ഇപ്പോഴും നിലനിർത്തി പോരുന്നുണ്ട്.  

വില്വമംഗലത്തു സ്വാമിയാരുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം. വില്വമംഗലത്തിന്റേത് ഒരു പരമ്പരയാണത്രേ. ശ്രീകൃഷ്ണ കർണാമൃതത്തിന്റെ കർത്താവായ ലീലാശുകനാണ് തുടക്കക്കാരൻ. 8, 9, 13 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നവർ ഈ പരമ്പരയിലെ അതി പ്രഗത്ഭന്മാരായിരുന്നെന്ന് പറയപ്പെടുന്നു. ഇതിൽ ഉൾപ്പെട്ട ഒരു വില്വമംഗലം ദേശ സഞ്ചാരത്തിന് ഇടയിൽ ഈ കാവിനുള്ളിലെ കാളീ ചൈതന്യം തിരിച്ചറിയുകയും  ദേശപ്രമുഖരെ അറിയിച്ച് ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്താൻ  ഏർപ്പാടുണ്ടാക്കുകയും ചെയ്തത്രേ. ക്ഷേത്രം പണിപൂർത്തിയാക്കി പ്രതിഷ്ഠ നടത്തുന്നതിനു മുൻപാണ് ആദ്യം പറഞ്ഞ സ്ത്രീകൾക്ക് പ്രവേശനമരുത്, തന്ത്രിയും ശാന്തിയും അകത്ത് കണ്ടത് പുറത്ത് പറയരുത്, തുടങ്ങിയ നിബന്ധനകൾ കല്പിക്കപ്പെട്ടത്.  ഇവിടുത്തെ തന്ത്രം അടിമറ്റത്തു ഇല്ലക്കാർക്കാണ്. അതും വില്വമംഗലം കല്പ്പിച്ചു നൽകിയതാണ്. ശാന്തിക്കാരായി വരുന്നത് കുറുപ്പന്മാരാണ്. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ മാത്രമേ രുധിര മഹാകാളി കുടികൊള്ളുന്ന പ്രധാന കാവിൽ പൂജയുള്ളൂ. ശ്രീകോവിലിന്റെ ഒരു വാതിലേ തുറക്കൂ. തന്ത്രി നിയോഗിക്കുന്ന കുറുപ്പന്മാരിലെ ശാന്തിക്കാരൻ ശ്രീകോവിൽ വാതിലടച്ച് പൂജ ചെയ്യുന്നു. ആർക്കും ആ പൂജ കണ്ട് തൊഴാനാകില്ല.

കളപ്പൊടിയാണ്ഇവിടുത്തെ പ്രസാദം. അരിപ്പൊടി, മഞ്ഞൾപ്പൊടി, വാകയിലപ്പൊടി കരിപ്പൊടി തുടങ്ങിയവ ചേർത്താണ് കളപ്പൊടി ഉണ്ടാക്കുന്നത്‌. സ്ത്രീകൾ ഇവിടെ പോകരുത്.  എന്നാൽ വിഗ്രഹം കണ്ടു തൊഴുന്നതിനും എല്ലാവർക്കും ദർശനം നടത്തുന്നതിനും വേണ്ടി കാവിൽ തെക്കോട്ടു മാറി ഒരു ക്ഷേത്രമുണ്ട്. ഇത് പിന്നീട് പണിതതാണ്.  ശ്രീ കോവിലും മണ്ഡപവും തിടപ്പള്ളിയുമെല്ലാം സാധാരണ ക്ഷേത്രങ്ങളിലേത് പോലെ തന്നെയാണ് ഇവിടെ. പ്രതിഷ്ഠ അഷ്ടബാഹുക്കളോടുകൂടിയ ദാരു വിഗ്രഹമാണ്. കുറേ കാലം മുൻപ് കണ്ണാടി ബിംബം മാത്രമായിരുന്നു. സൗമ്യ ഭാവത്തിൽ ഭദ്രകാളി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും ബ്രാഹ്മണരീതിയിൽ സാത്വിക പൂജയുണ്ട്. രണ്ടുനേരം സാധാരണക്ഷേത്രത്തിലെ പോലെ പൂജ. തേൻ, വറപ്പൊടി, തിരളി തുടങ്ങിയവ ഇവിടെ നിവേദ്യം.

കായങ്കുളം രാജാവിന്റെ സാമന്തന്മാരായിരുന്ന കോയിക്കൽ കൊട്ടാരത്തിന്റേതായിരുന്നു ക്ഷേത്രം.  കാര്യസ്ഥന്മാരായിരുന്ന മുണ്ടപ്പള്ളി തറവാടിന് പിന്നീട് നടത്തിപ്പ്  അവകാശം കൈമാറി. 1947 മുതൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ്.  കാവിനുള്ളിൽ  ധാരാളം വാനരന്മാർ ചേക്കേറിയിട്ടുണ്ട്.  അവർക്ക് നിത്യവും വാനരയൂട്ട് നടത്തുന്നതിന് പ്രത്യേകമായി ഒരു പന്തലും പണികഴിപ്പിച്ചിട്ടുണ്ട്. തെക്കേ കാവിനോട് ചേർന്നു ഗണപതിക്ക്‌ ക്ഷേത്രവും പ്രത്യേക മണ്ഡപവുമുണ്ട്. സിദ്ധി, ബുദ്ധി സമേതനായി ഇരിക്കുന്ന അപൂർവ ഗണപതി പ്രതിഷ്ഠയാണ് ഇവിടെ. വടക്കേ കാവിൽ കരിങ്കാളി, നാഗങ്ങൾ തുടങ്ങിയ മൂർത്തികൾക്ക് പ്രത്യേകം തറകളുണ്ട്.

ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും ചില പ്രത്യേകതകൾ ഉണ്ട്. കുംഭമാസത്തിലെ കച്ചയേറാണ് പ്രധാനം. അതിനു പ്രത്യേകം ദിവസം കുറിക്കും. ദേവി ദാരികനെ വധിച്ചു കുടൽമാല വലിച്ചെറിഞ്ഞു എന്ന വിശ്വാസത്തിൽ ചുവന്ന കച്ചകൾ ഉണ്ടാക്കി തകിൽ വാദ്യത്തിന്റെ അകമ്പടിയോടെ വലിച്ചെറിയുന്നതാണ് കച്ചയേറ്ചടങ്ങ്. കുംഭത്തിൽ ഓരോ പ്രദേശങ്ങളിൽ ഗംഭീരമായ അൻപൊലി സ്വീകരണവുമുണ്ട്. ചൂട്ടു വലത്താണ് ഉത്സവക്കാലത്തെ മറ്റൊരു ചടങ്ങ്.  പടയണിക്ക് ഇവിടെ കോലങ്ങളും ഉറഞ്ഞു തുള്ളലുമില്ല. വ്യത്യസ്തമായ ഈ പടയണി ഇലഞ്ഞിമേൽ വള്ളിക്കാവിലെ ഒരു പ്രധാന വിശേഷമാണ്. ചിങ്ങത്തിലെ ചതയം നാളിൽ കൊടിയേറി 
മകത്തിന് മകം മഹോത്സവം നടക്കും. ഈ 14 ദിവസവും കളമെഴുത്തും പാട്ടും ഉണ്ടാകും.

ദേവനന്ദൻ

Story Summary: Ilanjimel Vallikavu Bhadrakali Temple, Chengannur, Alappuzha: History, Myth, Festivals and Rituals

error: Content is protected !!
Exit mobile version