Friday, 22 Nov 2024

ശ്രീരാമ മൂലമന്ത്ര ജപം ധനവും സർവൈശ്വര്യവും നൽകും

ചൈത്രമാസ വെളുത്തപക്ഷത്തിലെ ഒൻപതാം ദിവസമായ 2021 ഏപ്രിൽ 21 ബുധനാഴ്ച ശ്രീരാമനവമിയാണ്. ലോകം മുഴവൻ ശ്രീരാമജയന്തിയായി ആഘോഷിക്കുന്ന ഈ പുണ്യദിനം ശ്രീരാമ മന്ത്രങ്ങൾ ജപിച്ച് ഈശ്വര പ്രീതി നേടാൻ അത്യുത്തമമാണ്. അതിവിശിഷ്ടമായ ചൈത്രമാസ നവരാത്രിയിലെ അവസാന ദിവസമായ രാമനവമി അയോദ്ധ്യ മുതൽ രാമേശ്വരം വരെയുള്ള രാമപഥത്തിലെമ്പാടും എല്ലാ വർഷവും ഏറെ ആഘോഷ പൂർവമാണ് കൊണ്ടാടുന്നത്. എന്നാൽ ഇത്തവണ മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ കുറച്ച് വീടുകളിൽ തന്നെ ശ്രീരാമ ഭക്തർ പ്രാർത്ഥനകളുമായി കഴിഞ്ഞു കൂടും.

ശ്രീ മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീ രാമദേവനൊപ്പം ഈ നവമി ദിനത്തിൽ സീതാദേവിയെയും ഹനുമാൻ സ്വാമിയെയും ലക്ഷ്മണനെയുമെല്ലാം ഭക്തർ രാമായണം വായിച്ചും രാമ- സീതാ- ഹനുമദ് മന്ത്രങ്ങൾ ജപിച്ചും സ്തുതിഗീതങ്ങൾ ആലപിച്ചും ആരാധിക്കുന്നു. ശ്രീരാമനവമി ദിവസം രാമായണം വായിക്കുന്നത് സര്‍വ്വൈശ്വര്യത്തിനുതകും. പാപശാന്തിക്കും കാര്യസിദ്ധിക്കും ഇത് ഗുണകരമാണ്. ഈ ദിവസം മാത്രമല്ല കഴിയുമെങ്കിൽ നിത്യവും രാമായണം പാരായണം ചെയ്യാം. കര്‍ക്കടകം ഒന്ന് മുതല്‍ മാസം മുഴുവനും പാരായണം ചെയ്യുന്നതാണ് കേരളത്തിൽ ഏറ്റവും പ്രചാരമുള്ള രീതി. സാധാരണ വ്യാഴാഴ്ചയാണ് രാമായണ പാരായണം തുടങ്ങാൻ ഉത്തമം. പുണര്‍തം ശ്രീരാമന്റെ ജന്മനക്ഷത്രമാണ്. ആ ദിവസവും പാരായണം തുടങ്ങാന്‍ നല്ലതാണ്.

രാമായണത്തിലെ ഓരോ ഭാഗം വായിക്കുന്നതിനും പ്രത്യേകം ഫലസിദ്ധി ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളിലൂടെ അവര്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ധാരാളം ഭക്തര്‍ക്ക് ക്ഷിപ്രഫലം നല്കിയിട്ടുണ്ട്. അതിനാല്‍ ശ്രദ്ധയോടെയുള്ള രാമായണപാരായണം കൊണ്ടുമാത്രം അസാധ്യമായ ഏതൊരു കാര്യവും നേടി ജീവിതവിജയം നേടാം.

രാവിലെ കുളിച്ച് പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ നിലവിളക്ക് ശുദ്ധമാക്കിവച്ച് നെയ്യോ എണ്ണയോ ഒഴിച്ചു വിളക്ക് കൊളുത്തണം. അതിനു മുന്നില്‍ വെറും പലകയിലോ, പട്ട് വിരിച്ചോ, പായയിലോ ഇരുന്ന് പാരായണം തുടങ്ങാം. ശുഭ്രവസ്ത്രം ധരിച്ച് പാരായണം ചെയ്യണം. ഗുരുക്കന്മാരെയും ഇഷ്ടദേവതമാരെയും സങ്കല്പിച്ച് പ്രാര്‍ത്ഥിച്ചുവേണം പാരായണം തുടങ്ങാന്‍. വളരെ ശ്രദ്ധയോടെ, ഏകാഗ്രതയോടെ പാരായണം ചെയ്യണം. അക്ഷരത്തെറ്റ് ഉണ്ടാകരുത്. വാക്കുകള്‍ മുറിയരുത്. വളരെ ഉച്ചത്തിലോ, തീരെ മൗനമായോ പാരായണം പാടില്ല. മിതമായും, ഭംഗിയായും പാരായണം ചെയ്യണം. ഗ്രന്ഥം നിലത്തുവയ്ക്കരുത്. സരസ്വതീ പീഠം, വ്യാസപീഠം എന്നൊക്കെ വിവിധനാമങ്ങളില്‍ അറിയപ്പെടുന്ന ഗ്രന്ഥപീഠത്തില്‍ വയ്ക്കുന്നത് ഉത്തമം. ഗ്രന്ഥപീഠം ഇല്ലാത്തവര്‍ക്ക് തളികയിലോ പലകയിലോ ഗ്രന്ഥം വക്കാം. പാരായണത്തിനിടക്ക് ചുമയ്ക്കുക, തല ചൊറിയുക, കൈ കടിക്കുക, തുമ്മുക ഇതൊന്നും പാടില്ല. യാദൃശ്ചികമായി അങ്ങനെ സംഭവിച്ചാല്‍ കൈകഴുകിയിട്ട് പാരായണം തുടരണം. ഓരോ ഭാഗങ്ങള്‍/കഥ പൂര്‍ത്തിയാക്കിയിട്ടേ പാരായണം നിര്‍ത്താവൂ. പുല, വാലായ്മ ഉള്ളപ്പോഴും അശുദ്ധിയായി ഇരിക്കുമ്പോഴും പാരായണം പാടില്ല. രാമായണ പാരായണത്തിന് മുമ്പും പിമ്പും കഴിയുന്നത്ര രാമനാമം ജപിക്കുന്നത് നല്ലതാണ്. മൂലമന്ത്രം ജപിച്ചാല്‍ ഏറ്റവും നല്ലത്.

‘ഓം രാം രാമായ നമ:’ എന്നതാണ് ശ്രീരാമന്റെ മൂലമന്ത്രം. നിത്യേന ഈ മന്ത്രം 108 വീതം രാവിലെയും വൈകിട്ടും ജപിക്കുന്നത് പാപദുരിതങ്ങൾ ഇല്ലാതാക്കും. മത്സ്യമാംസാദികൾ ത്യജിച്ച് വ്രതചര്യയോടെ 64 ദിവസം രണ്ട് നേരം ഈ മന്ത്രം 108 വീതം ജപിക്കുന്നത് ഭാഗ്യം തെളിയാന്‍ ഗുണകരമാണ്. ധനലബ്ധിക്കും കിട്ടുന്ന ധനം നിലനില്ക്കുന്നതിനും ഉത്തമം. 21 ദിവസം രണ്ട് നേരം 108 വീതം മൂലമന്ത്രം ജപിക്കുന്നത് ദൃഷ്ടിദോഷത്തിന് പരിഹാരമാണ്. ദൃഷ്ടിദോഷം മൂലമുള്ള ദൗര്‍ഭാഗ്യങ്ങൾ നീങ്ങി ശാന്തിയും ഐശ്വര്യവും ലഭ്യമാകും.

രാമായണത്തിലെ പുത്രകാമേഷ്ടി ഭാഗം പാരായണം ചെയ്യുന്നത് ഉത്തമ പുത്രലാഭത്തിന് നല്ലതാണ്. 21 ദിവസം രാവിലെ ഇതേഭാഗം പാരായണം ചെയ്യുക. രാവിലെ കിഴക്ക് അഭിമുഖമായിരുന്നാണ് പാരായണം ചെയ്യേണ്ടത്. ആ ദിവസങ്ങളിൽ അരയാലിന് 7 പ്രദക്ഷിണം ചെയ്യുന്നതും വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും നല്ലതാണ്. കുട്ടികള്‍ ഇല്ലാത്തവര്‍ തികഞ്ഞ ഭക്തിയോടെ ഈ അനുഷ്ഠാനം
നടത്തുന്നത് സന്താനലബ്ധിക്ക് നല്ലതാണ്.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി (സംശയ നിവാരണത്തിന് വിളിക്കാം : + 91 944702 0655)

error: Content is protected !!
Exit mobile version