Friday, 22 Nov 2024

ശ്രീവരാഹ ജയന്തി ഞായറാഴ്ച; ഭൂലാഭത്തിനും അളവറ്റ ധനത്തിനും സമ്പത്തിനും ഭജിക്കാം

മംഗള ഗൗരി
ഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെ തിരുഅവതാര ദിനമാണ് 2024 ഏപ്രിൽ 28 ഞായറാഴ്ച.
ഭഗവാന്റെ ദശാവതാരങ്ങളിൽ മൂന്നാമത്തേതാണ് വരാഹം. മേടമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിക്കാണ് കേരളത്തിൽ വരാഹജയന്തി ആചരിക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിൽ വൈശാഖ മാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിയിൽ വരാഹ ജയന്തി ആഘോഷിക്കുന്നു. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ
പൊതുവെ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ തൃതീയ ആണ് വരാഹ ജയന്തി; 2024 സെപ്തംബർ 6 നാണത്.
വിശേഷാൽ പൂജകളും ആഘോഷങ്ങളും ജയന്തി ആചരണ ഭാഗമായി എല്ലായിടത്തും നടക്കും.

വരാഹമൂർത്തി ക്ഷേത്രങ്ങൾ
ഹിരണ്യാക്ഷൻ ഭൂലോകത്തെ മോഷ്ടിച്ച് കടലിൽ ഒളിച്ചപ്പോൾ വിഷ്ണു ഭഗവാൻ പന്നിയായി അവതരിച്ച്
ആ അസുരനെ നിഗ്രഹിച്ച് ഭൂമിയെ രക്ഷിച്ചു എന്നാണ് ഐതിഹ്യം. വരാഹമൂർത്തിക്ക് ഏതാനും ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. തിരുവനന്തപുരം ശ്രീവരാഹത്ത് കുടികൊള്ളുന്ന ക്ഷേത്രം ചിരപുരാതനവും, അത്ഭുത ശക്തിയുള്ളതുമാണ്. അതുപോലെ തന്നെ പ്രസിദ്ധമാണ് പാലക്കാട്‌ തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലെ അതിപുരാതമായ പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം. അവിടെ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ ഭൂമി സംബന്ധമായ എല്ലാപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് അനേകം അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സന്ധ്യയ്ക്ക് ദീപാരാധന നേരത്താണ് ഈ വഴിപാട്. ട്രെയിനിലാണ് പോകുന്നതെങ്കിൽ തിരൂരിൽ ഇറങ്ങണം. അവിടെ നിന്നും റോഡുവഴി കുമ്പിടിയിലേക്ക് പോകണം. അവിടെയാണ് ക്ഷേത്രം. പോകും മുൻപ് പ്രശ്നം നേരിടുന്ന വസ്തുവിൽ നിന്നും കുറച്ചു മണ്ണെടുത്തു കൊണ്ട് പോകണം. അത് ക്ഷേത്രത്തിൽ കൊടുത്ത് ഭൂമിപൂജ ചെയ്ത് വാങ്ങണം. വീട്ടിൽ തിരിച്ചു വന്ന ശേഷം ആ മണ്ണ് ഭൂമിയുടെ നാല് അതിരുകളിലും വിതറണം. പ്രാർത്ഥനയ്ക്ക് തീർച്ചയായും ഫലമുണ്ടാകും. എറണാകുളം ചെറായിലെ വരാഹസ്വാമി ക്ഷേത്രം, വാരാപ്പുഴ ശ്രീ വരാഹ ക്ഷേത്രം, കൊളങ്ങാട്ടുകര തേങ്ങാ തൃക്കാവ് ശ്രീ ലക്ഷ്മി വരാഹ മുർത്തി ക്ഷേത്രം തുടങ്ങിയ സന്നിധികളും വരാഹ പ്രതിഷ്ഠയാൽ വളരെ പ്രസിദ്ധമാണ്. ഭൂമി ലഭ്യമാകാനും നഷ്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാനും ഭൂമി സംബന്ധമായ വ്യവഹാരങ്ങളിൽ അതിവേഗം തീരുമാനം വരാനും വരാഹ മൂർത്തിയെ ഭജിച്ചാൽ മതിയെന്നാണ് പൊതുവേയുള്ള വിശ്വാസം.

ആശ്രിതവത്സലൻ
ഭൂമിയുടെയും ആശ്രിതരായ ഭക്തജനങ്ങളുടെയും സംരക്ഷണത്തിനായി വിഷ്ണു ഭഗവാൻ ഏതുവേഷവും സ്വീകരിക്കും, എന്തും ചെയ്യും എന്നാണ് ഈ അവതാര തത്വം. ഭഗവാനിൽ അടിയുറച്ച് വിശ്വസിച്ച് ഏതൊരു കാര്യവും നമുക്ക് ചെയ്യാം. ഭഗവാൻ എപ്പോഴും എന്തു ചെയ്തും രക്ഷിക്കും. ഈ കഥയിലെ വരാഹമൂർത്തി അസുരനെ സംഹരിച്ചതിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. എത്രയും പെട്ടെന്ന് തന്റെ ഭക്തനെ വൈകുണ്ഠത്തിൽ തിരിച്ചുകൊണ്ട് പോകണം എന്നതായിരുന്നു ആ ലക്ഷ്യം.

ജയവിജയന്മാർ
വരാഹമൂർത്തി സംഹരിച്ച ഹിരണ്യാക്ഷൻ സാധാരണ ഒരു അസുരനായിരുന്നില്ല. അവന്റെ ഐതിഹ്യം ഇങ്ങനെ:
വൈകുണ്ഠത്തിലെ കാവല്ക്കാരാണ് ജയനും വിജയനും. ഒരിക്കൽ സനകാദി മഹർഷിമാർ മഹാവിഷ്ണു ദർശനത്തിന് വന്നപ്പോൾ ജയവിജയന്മാർ അവരെ അപമാനിക്കുകയും തടയുകയും ചെയ്തു. ക്രുദ്ധനായ സനകാദികൾ ജയവിജയന്മാരെ ശപിച്ചു. അസുരന്മാരായി മാറിയ ജയവിജയന്മാർ വിഷ്ണുവിന്റെ കൈകൊണ്ട് വധിക്കപ്പെട്ട് തിരികെ വൈകുണ്ഠത്തിൽ എത്തും എന്നതാണ് ശാപപരിഹാരം. തപസിലൂടെ ഏഴ് ജന്മം കൊണ്ടും വിദ്വേഷശത്രുതയിലൂടെയാണെങ്കിൽ മൂന്ന് ജന്മം കൊണ്ടും തിരിച്ചുവരാം. എത്രയും പെട്ടെന്ന് വൈകുണ്ഠത്തിൽ തിരിച്ചെത്താനായി ജയവിജയന്മാർ സ്വീകരിച്ച ജന്മമാണ് ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്നതൊക്കെ. പിന്നീട് രാവണനും, കുംഭകർണ്ണനും, ശിശുപാലനും ദന്തവക്ത്രനുമായി ഇവർ ജനിച്ചു. വരാഹം, നരസിംഹം, ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നീ അവതാരങ്ങളിലൂടെ ഭഗവാൻ ഇവരെ സംഹരിച്ചു. തിരികെ വൈകുണ്ഠത്തിൽ സ്വീകരിക്കുകയും ചെയ്തു.

ആദ്യം ശ്വേത വരാഹം
വരാഹാവതാരം രണ്ട് തവണ നടന്നതായി കഥയുണ്ട്. ഈ കല്‍പത്തില്‍ – ബ്രഹ്മദിനത്തില്‍ – തന്നെ വരാഹ മൂര്‍ത്തി രണ്ട് തവണ അവതരിച്ചു. വെളുത്ത വരാഹമായും കറുത്ത വരാഹമായും. രണ്ട് തവണയും ഭൂമിയുടെ രക്ഷയായിരുന്നു അവതാരോദ്ദേശം. ആദ്യ അവതാരം ബ്രഹ്മാവിന്‍റെ മൂക്കില്‍ കൂടെ പുറത്തുവന്ന വെളുത്ത പന്നിക്കുട്ടനായിരുന്നു. അന്നും വരാഹം ഭൂമിയെ സര്‍വ നാശത്തില്‍ നിന്ന് രക്ഷിച്ചു. അതുകൊണ്ട് ഈ അവതാരത്തെ ശ്വേത വരാഹമെന്നും ഈ കല്‍പത്തെ ശ്വേതവരാഹ കല്‍പമെന്നും പറയുന്നു.

പ്രളയ വരാഹം
ഭൂമിയെ രക്ഷിക്കാനുള്ള വരാഹത്തിന്‍റെ രണ്ടാം വരവ് കറുപ്പനായാണ്. വിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ പെട്ട വരാഹമൂര്‍ത്തി ഇതാണ്. കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയാണ് ഈ മൂര്‍ത്തിയുടെ വരവ്. ഹിരണ്യാക്ഷന്‍ ഗദ കൊണ്ടു സമുദ്രത്തെ ഇളക്കി മറിച്ചു. വരുണന്‍ വിഷ്ണുവിനോട് സങ്കടമുണര്‍ത്തി. വിഷ്ണു വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനോടടുത്തു. അവന്‍ ഭൂമിയും എടുത്തുകൊണ്ട് പാതാളത്തിലേക്ക് പാഞ്ഞു. ഭൂമിയെ ജലത്തില്‍ മുക്കി നശിപ്പിക്കാന്‍ ശ്രമിച്ച ഹിരണ്യാക്ഷനെ വരാഹം വകവരുത്തി. ആയിരം കൊല്ലത്തെ യുദ്ധമാണ് ഹിരണ്യാക്ഷനെ തോല്‍പ്പിക്കാന്‍ ഭഗവാന് വേണ്ടിവന്നത്. പിന്നെ ഭൂമിയെ വേണ്ട സ്ഥാനത്ത് യുക്തമായ സഞ്ചാര പഥത്തില്‍ കൊണ്ടുചെന്നാക്കി വിഷ്ണു അവതാര ദൗത്യം പൂര്‍ത്തിയാക്കി.

ഭൂദോഷങ്ങളെല്ലാം നീക്കും
ഭൂമിലാഭത്തിനും അളവറ്റ ധനത്തിനും സ്ഥിരമായ സമ്പത്തിനും ഐശ്വര്യാഭിവൃദ്ധിക്കും ഭാഗ്യവർദ്ധനവിനും ശ്രീവരാഹ മൂർത്തിയെ ഭജിക്കണം. ഭൂമി വാങ്ങാനും വീട് വയ്ക്കാനും ഗൃഹനിർമ്മാണ തടസ്സങ്ങൾ മാറാനും വരാഹമൂർത്തി ഉപാസന അത്ഭുതഫലസിദ്ധി പ്രദാനം ചെയ്യും. ഭൂമിസംബന്ധമായ എല്ലാ ദോഷങ്ങളും നീക്കി ശാന്തിയും സമാധാനവും നൽകാനും ഭൂമി വില്പനയിൽ നേരിടുന്ന തടസങ്ങൾ അകറ്റാനും ഭൂമി സംബന്ധമായ കേസുകൾ വേഗം പരിഹരിക്കാൻ വരാഹമൂർത്തി ഭജനം സഹായിക്കും. വിദ്യാവിജയം, ധനലാഭം, സമാധാനം, സന്തോഷം, ആയുരാരോഗ്യം, സമൃദ്ധി, ശത്രുദോഷമുക്തി എന്നിവയെല്ലാം നൽകുന്ന വരാഹമൂർത്തി ഉപാസന തുടങ്ങാൻ ബുധൻ, വ്യാഴം ആഴ്ചകൾ തൃതീയ, പൗർണ്ണമി തിഥികൾ, തിരുവോണം നക്ഷത്രം തുടങ്ങിയവ വളരെ ഗുണപ്രദമാണ്. വരാഹ മൂർത്തിയുടെ മൂലമന്ത്രം, ധ്യാനം, ഗായത്രി, അഷ്ടോത്തരം തുടങ്ങിയവ പതിവായി ജപിക്കുന്നത് നല്ലതാണ്. ഭഗവാൻ്റെ അഷ്ടോത്തരം എല്ലാ ദിവസവും ഇത് ജപിക്കാം. യാതൊരു വ്രതവും ജപിക്കുന്നവർക്ക് നിർബന്ധമില്ല. മന്ത്രോപദേശവും വേണ്ട. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക.

ശ്രീ വരാഹ മൂലമന്ത്രം
ഓം ഹും നമോ വരാഹായ ഹും ഫൾ

ശ്രീ വരാഹ ഗായത്രി
ഓം ധനുർധരായ വിദ് മഹേ
വക്രദംഷ്ട്രായ ധീമഹി
തന്നോ വരാഹാ: പ്രചോദയാത്

ശ്രീ വരാഹ ധ്യാനം, അഷ്ടോത്തരം

Story Summary : Varaha Jayanthi 2024: Varaha is the third incarnations, of the Lord Vishnu, and is depicted as a boar. The Varaha avatar is to rescue the Earth and to confront the oppressive force embodied in the demon Hiranyaksha.

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version