Monday, 8 Jul 2024

ശ്രീ ഏറ്റുമാനൂരപ്പൻ അഘോരശിവൻ; ദൃഷ്ടിദോഷ ശമനത്തിന് അഘോരമന്ത്രം

പുതുമന മഹേശ്വരൻ നമ്പൂതിരി
സര്‍വ്വവിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. അഘോര മന്ത്രം
ജപിക്കുന്നിടത്ത് പ്രവേശിക്കുവാന്‍ ഒരു പൈശാചിക ശക്തിക്കും കഴിയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജം. അതിവേഗം ഫലസിദ്ധി നൽകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് അഘോരമന്ത്രം.

വളരെ ശ്രദ്ധയോടെ തെറ്റുകൂടാതെ വേണം ഇത് കൈകാര്യം ചെയ്യാന്‍. ജപത്തിന് മുമ്പും പിമ്പും 108 തവണ ഗായത്രി ചൊല്ലുന്നത് മന്ത്രജപത്തിലെ പിഴയ്ക്ക് രക്ഷയാണ്. തെറ്റ് പറ്റിയെന്ന് തോന്നിയാൽ 108 തവണ ഗായത്രി ചൊല്ലുന്നതാണ് പ്രായശ്ചിത്തം. വ്യക്തികൾക്ക് ദോഷം സംഭവിക്കണം എന്ന ഉദ്ദേശത്തോടെ ഈ മന്ത്രം ആരെങ്കിലും ജപിച്ചാൽ അങ്ങനെ ചെയ്യുന്നവർക്ക് തീർച്ചയായും തിരിച്ചടി സംഭവിക്കും. അഘോരമന്ത്രം നിത്യവും രാവിലെയും വൈകിട്ടും 48 തവണ വീതമാണ് ജപിക്കേണ്ടത്. തീർച്ചയായും ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവ അകറ്റി ജീവിത വിജയം നല്കും. ശക്തിയേറിയ മന്ത്രം ആയതിനാല്‍ ഒരു ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ജപിക്കാവൂ.

അഘോരമന്ത്രം കൊണ്ട് പൂജനടത്തി അതിൻ്റെ പ്രസാദമായ ഭസ്മം നിത്യേന രാവിലെയും വൈകിട്ടും
ധരിച്ചാൽ ശത്രുദോഷവും ദൃഷ്ടി ദോഷവും ശമിക്കും. ഈ ഭസ്മം ചേര്‍ത്തജലം ഗൃഹത്തിലും സ്ഥാപനത്തിലും ഒക്കെ തളിക്കാം. 21 ദിവസം തുടർച്ചയായി ഇങ്ങനെ ചെയ്താല്‍ ദൃഷ്ടിദോഷങ്ങൾ നീങ്ങും. തിങ്കളാഴ്ച, പ്രദോഷം തുടങ്ങിയ ദിവസങ്ങൾ അഘോരമന്ത്രം ജപത്തിന് ഏറ്റവും നല്ലതാണ്.

അഘോരമന്ത്രം
ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര
പ്രസ്ഫുര
ഘോരഘോര തര തനുരൂപ
ചടചട പ്രചട പ്രചട
കഹകഹ വമവമ ബന്ധബന്ധ
ഘാതയഘാതയ ഹും ഫട് സ്വാഹാ

ഭക്തർക്ക് അങ്ങേയറ്റം സൗമ്യനും ദുഷ്ടർക്ക് അതിഭയങ്കര ഘോരനുമാണ് അഘോരശിവൻ. മഹാദേവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തേതാണ് അഘോര ഭാവം. അഘോര ഭാവത്തെ ആശ്രയിച്ചുള്ള സങ്കല്പമായത് കൊണ്ടാണ് അഘോരശിവൻ എന്ന് മൂർത്തിക്ക് പേര് ലഭിച്ചത്. തെക്കോട്ടാണ് ദർശനം. കേരളത്തിൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവ സങ്കല്പത്തിലാണ്. അതുകൊണ്ടാണ് ശത്രുദോഷ, ദൃഷ്ടി ദോഷശമനത്തിന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ദർശനം ഉത്തമമാകുന്നത്.

Story Summary: Significance of Aghora Shiva Worshipping

പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version