Saturday, 23 Nov 2024

ശ്രീ കോവില്‍ നട തുറന്നൂ…..അയ്യനെ സായാഹ്ന ദർശനത്തിന് ഉണർത്തുന്ന സ്വരഗാംഭീര്യം

ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടാണ് ‘ഹരിവരാസനം’ ഗാനം എന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട് ഇതുപോലെ തന്നെ പ്രാധാന്യമുള്ള രണ്ടു ഗാനങ്ങൾ കൂടിയുണ്ട്. അതിൽ ഒന്ന് എന്നും പ്രഭാതത്തിൽ സന്നിധാനത്ത് നട തുറക്കുന്ന സമയത്ത് കേൾക്കുന്ന വന്ദേ വിഘ്നേശ്വരം തം കമല ജതയിതാം പന്തളേശസ്യ സൂനും സ്മൃത്വാ താ ഭക്തി നമ്ര/സ്തവ/മിമ/മമലം സ്വാമി ഭക്തി പ്രധാനം സാക്ഷാത്കാരാത്‌ വിനീതോ ഹരിഹരജ ഭവത് പാദയുഗ്മേ അര്‍പ്പയേഹം ഗേയം സ്യാത്‌ നിത്യമേതത് സകല ജന മനോ മോദകം സുപ്രഭാതം എന്ന ശ്ലോകമാണ്. ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് ആലപിച്ച ഈ ഗാനത്തിനൊപ്പം പ്രസിദ്ധമാണ് ഉച്ചതിരിഞ്ഞ് ആദ്യമായി നട തുറക്കുമ്പോൾ കേൾക്കുന്ന ‘ ശ്രീ കോവില്‍ നട തുറന്നൂ… പൊന്നമ്പലത്തില്‍ ശ്രീ കോവില്‍ നട തുറന്നൂ’ എന്ന ഗാനം. അയ്യപ്പ ഭക്തർക്കിടയിൽ വളരെയേറെ പ്രസിദ്ധമാണ് ഈ ഗാനമെങ്കിലും ഇതിന്റെ ചരിത്രം അത്ര പരിചിതമല്ല.

1976 ൽ പിറവിയെടുത്ത ഈ ഗാനം രചിച്ചത് കൈപ്പള്ളി കൃഷ്ണപിള്ളയാണ്. ആഭിരാഗത്തിൽ സംഗീതം നല്‍കി ഇത് ആലപിച്ചത് പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞരായ ജയവിജയയും; ഇരട്ട സഹോദരങ്ങളായ കെ.ജി ജയനും കെ.ജി വിജയനും.

ശ്രീകോവില്‍ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ സംക്രമസന്ധ്യാ സിന്ദൂരം ചാർത്തിയ പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ ദീവാവലി ഉണർന്നൂ ശരണം വിളി ഉയർന്നൂ സ്വാമിയേ ശരണമയ്യപ്പ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചവരിൽ കെ.ജി വിജയൻ ഇപ്പോൾ നമ്മോടൊപ്പം ഇല്ല. ഇപ്പോള്‍ 88 വയസുള്ള പത്മശ്രീ കെ.ജി ജയന്‍ പ്രസിദ്ധനടൻ മനോജ് കെ ജയന്റെ അച്ഛനാണ്.

മണ്ഡല – മകരവിളക്ക് കാലത്ത് ദിവസവും ഉച്ച ഒരു മണിക്ക് ശബരിമല നട അടച്ചശേഷം വൈകിട്ട് മൂന്നിനും മാസ പൂജയ്ക്ക് നട തുറക്കുന്ന വൈകിട്ട് അഞ്ചിനും
അയ്യപ്പ സ്വാമിയെ ഉണര്‍ത്തുന്നത് പതിറ്റാണ്ടുകളായി ജയന്റെ ഈ സ്വരഗാംഭീര്യമാണ്. 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനം എന്ന് മുതലാണ് ശബരിമലയില്‍ കേള്‍ക്കാന്‍ തുടങ്ങിയതെന്ന് കൃത്യമായി അറിയില്ലെങ്കിലും ദശാബ്ദങ്ങളായിട്ട് ഈ ഗാനം കേട്ടുകൊണ്ടാണ് വൈകിട്ട് നട തുറക്കാറുള്ളതെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറയുന്നു.

പുലര്‍ച്ചെ മൂന്നിന് നട തുറക്കുമ്പോള്‍ ‘ അയ്യപ്പ സുപ്രഭാതം’, ഉച്ചയ്ക്ക് നട അടച്ച് വൈകീട്ട് മൂന്നിന് തുറക്കുമ്പോള്‍ ‘ശ്രീ കോവില്‍ നട തുറന്നൂ…’, രാത്രി 11 ന് നടയടക്കുമ്പോള്‍ ‘ഹരിവരാസനം’ എന്നീ മൂന്ന് ഗാനങ്ങളാണ് അനേകം വര്‍ഷങ്ങളായി ശബരിമലയിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉയരുന്നതെന്ന് 21 വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ അനൗണ്‍സറായ എ.പി ഗോപാലകൃഷ്ണന്‍ നായര്‍ പറയുന്നു. ‘അയ്യപ്പനെ കാണാന്‍ കാത്ത് മണിക്കൂറുകളായി വരിയില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് സ്വാമിമാരുടെ പ്രതീക്ഷകളുടെ സാക്ഷാത്കാരം കൂടിയാണ് ആ ഗാനം. ഭഗവാനെ കാണാനുള്ള അവസരം ഇതാ ആഗതമായിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്ന ഗാനം പ്രത്യേക അനുഭൂതി പ്രദാനം ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Summary: Story of Ayyappa Devotional Songs Sreekovil Nada Thurannu by Jaya Vijaya

error: Content is protected !!
Exit mobile version