ശ്രീ രാമകൃഷ്ണ പരമഹംസർ കാളീ ദർശനം നേടിയ ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം
സുജാത പ്രകാശൻ
കൊൽക്കത്തയിലെ ഏറ്റവും പ്രസിദ്ധമായ കാളി ക്ഷേത്രങ്ങളിൽ ഒന്നാണ് ദക്ഷിണേശ്വർ ക്ഷേത്രം. പശ്ചിമ ബംഗാളിൽ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്തെ
പ്രസിദ്ധമായ ഹിന്ദു നവരത്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ഭവതാരിണി ദേവിയാണ്. പത്തൊൻപതാം നൂറ്റാണ്ട് മദ്ധ്യത്തിൽ കാളീഭക്തയായ റാണി റാഷ്‌മോണി സ്ഥാപിച്ചതാണ് ക്ഷേത്രം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേര് കേട്ട റാണി കാളീമാതാവിന്റെ പരമഭക്തയായിരുന്നു. ഒരിക്കൽ റാണി ബന്ധുക്കളും സേവകരുമൊത്ത് അവശ്യ സാധന സാമഗ്രികളുമായി 24 ബോട്ടുകളിൽ കാശിയിലേക്ക് യാത്ര പോകാൻ തീരുമാനിച്ചു. എന്നാൽ തീർത്ഥാടനം ആരംഭിക്കുന്നതിന്റെ തലേദിവസം രാത്രി റാണിക്ക് കാളീ മാതാവ് സ്വപ്നത്തിൽ ദർശനം നൽകി. “ബനാറസിലേക്ക് പോകേണ്ട ആവശ്യം ഇല്ല. ഗംഗാ നദിയുടെ തീരത്തുള്ള ക്ഷേത്രത്തിൽ കാളീ വിഗ്രഹം സ്ഥാപിച്ച് ആരാധനക്കായി ക്രമീകരിക്കുക. അപ്പോൾ ആ വിഗ്രഹത്തിൽ കുടിയിരുന്ന് താൻ ആ സ്ഥലത്ത് ആരാധന സ്വീകരിക്കുകയും ചെയ്യും “
തുടർന്ന് റാണി റാഷ്‌മോണിയുടെ നിർദ്ദേശാനുസരണം 1845 ൽ ദക്ഷിണേശ്വരത്ത് ക്ഷേത്രം നിർമ്മാണം തുടങ്ങി. 1855 മേയ് 31 ന് കാളീ മാതാവിന്റെ വിഗ്രഹം സ്ഥാപിച്ച് ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു. എട്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ ഈ ക്ഷേത്രത്തിന് അന്ന് ചെലവായത് 11 ലക്ഷം രൂപയാണ്.
അതിമനോഹരമായ രീതിയിലാണ് ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ഭഗവാൻ ശ്രീ പരമശിവന് സമർപ്പിക്കപ്പെട്ട പന്ത്രണ്ട് ക്ഷേത്രങ്ങളും രാധ കൃഷ്ണ ക്ഷേത്രവും ഇവിടെയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ധ്യാത്മികാചാര്യന്മാരിൽ പ്രമുഖനായ ശ്രീ രാമകൃഷ്ണ പരമഹംസർ ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഈ ക്ഷേത്രത്തിൽ വച്ചാണ് ശ്രീ രാമകൃഷ്ണ പരമഹംസർക്ക് കാളീ മാതാവ് ദർശനം നൽകിയതെന്ന് ചരിത്രം പറയുന്നു. ക്ഷേത്രത്തിലെ ആദ്യ പൂജാരിയായി നിയമിതനായ ജ്യേഷ്ഠൻ രാംകുമാറിന്റെ സഹായിയായിരുന്നു ആദ്യം രാമകൃഷ്ണ പരമഹംസർ.
അന്ന് അദ്ദേഹത്തിന്റെ പേര് ഗദാധർ എന്നായിരുന്നു. ക്ഷേത്രം തുറന്ന് ഏതാനും വർഷം കഴിഞ്ഞപ്പോൾ രാംകുമാർ ദിവംഗതനായതോടെ ക്ഷേത്രത്തിന്റെ എല്ലാ ചുമതലകളും പരമഹംസർക്കായി. ദക്ഷിണേശ്വർ ക്ഷേത്രത്തിന്റെ അപാരമായ പ്രസിദ്ധിക്കും തീർത്ഥാടക പ്രവാഹത്തിനും കാരണം പരമഹംസരുടെയും ഭാര്യ
ശാരദാ ദേവിയുടെയും തപോനിഷ്ഠമായ 30 വർഷത്തെ സേവനമാണ്. വിശാലഹൃദയയും പരോപകാരിയുമായ റാണി റാഷ്‌മോണി തുടക്കം മുതൽ തന്നെ ജാതി മത
ഭേദമന്യേ എല്ലാവർക്കും പ്രവേശനം അനുവദിച്ചിരുന്നു. ആ ചിട്ടകൾ ഇന്നും തുടരുന്നു. ഇവിടെ കാളീ മാതാവിന്റെ അനുഗ്രഹത്തിന് ആയിരക്കണക്കിന് ആളുകളാണ്
പതിവായി എത്തുന്നത്.
സുജാത പ്രകാശൻ, ജ്യോതിഷി,
+91 9995 960 923
Story Summary: Spritual history of Dakshineshwar Kali Temple located on the eastern banks of the Hooghly River Kolkata