Friday, 22 Nov 2024

ഷഡ്തില ഏകാദശി വരുന്നു; ഫലം അളവറ്റ സ്വത്തും നല്ല ആരോഗ്യവും

ജ്യോതിഷരത്നം വേണു മഹാദേവ്
മാഘമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ് ഷഡ്തില ഏകാദശി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വരുന്ന ഷഡ്തില ഏകാദശി ചിലർ പൗഷ മാസത്തിലാണ് ആചരിക്കുന്നത്. പൂർണോപവാസത്തോടെ വിഷ്ണു പ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി ഭക്തരുടെ എല്ലാത്തരം ദുരിതങ്ങളും ദൗർഭാഗ്യങ്ങളും അവസാനിപ്പിക്കും. ഷഡ് എന്നാൽ: ആറ് തിലം: എള്ള്. ആറ് വ്യത്യസ്ത രീതിയിൽ എള്ള് ഉപയോഗിച്ച് വിഷ്ണു ഭഗവാനെ ഈ ദിവസം ആരാധിക്കണമെന്നാണ് പ്രമാണം. മാഘകൃഷ്ണ ഏകാദശി എന്നും സദ്തില ഏകാദശി എന്നുമെല്ലാം അറിയപ്പെടുന്ന ഈ ദിവസം വ്രതമെടുത്ത് അന്നദാനം നടത്തിയാൽ ജീവിതത്തിൽ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും മോചനം കിട്ടും; പിതൃപ്രീതിക്കായി അന്ന് തിലഹോമം നടത്തുന്നതും ഉത്തമമാണ്.

ഭവിഷ്യോത്തര പുരാണത്തിൽ ഷഡ്തില ഏകാദശിയുടെ പുണ്യം വിശദീകരിക്കുന്നുണ്ട്. ഇത് നോൽക്കുന്നവർക്ക് അളവറ്റ സ്വത്തും നല്ല ആരോഗ്യവും ജീവിതാന്ത്യത്തിൽ ജനിമൃതികളിൽ നിന്നും മോചനവും ലഭിക്കും. അന്ന് തിലഹോമം, എള്ളുപായസം, നീരാജനം എന്നിവ വഴിപാട് നടത്തുന്നത്, പാപമോചനത്തിനും ആഗ്രഹ സാഫല്യത്തിനും ഉത്തമാണ്. 2021 ഫെബ്രുവരി 7 ഞായറാഴ്ചയാണ് ഇത്തവണ ഷഡ്തില ഏകാദശി.

ഏകാദശികളിൽ അരിയാഹാരം ഉപേക്ഷിച്ച് ഗോതമ്പ് തുടങ്ങിയ ധാന്യമോ ഫലങ്ങളോ കഴിക്കാം. യാതൊരു നിവൃത്തിയുമില്ലെങ്കിൽ അന്ന് ഒരിക്കൽ ഊണാക്കുക. ഇത് ആദ്ധ്യാത്മിക ശുദ്ധി മാത്രമല്ല ആരോഗ്യ പുഷ്ടിയും നൽകും. മാസത്തിൽ 2 തവണ ഉദരശുദ്ധിയുണ്ടാക്കാൻ ഏകാദശി ഉപവാസം ആരോഗ്യപരമായി സഹായിക്കും..

ഏകാദശി വ്രത വിധി: ദശമിദിവസം ഒരു നേരം ഭക്ഷണം. അന്ന് വ്രതം തുടങ്ങണം. ഏകാദശി ദിവസം രാവിലെ കുളിച്ച് വെള്ളവസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ഊണുറക്കങ്ങൾ അന്ന് വർജ്ജ്യമാണ്. ഹരിവാസരസമയത്ത് വിഷ്ണു നാമ, മന്ത്ര ജപം മുടക്കരുത്. ദ്വാദശിനാൾ പുലർച്ചെ കുളിച്ച് ക്ഷേത്ര ദർശനം നടത്തി വിഷ്ണു നാമജപം ചെയ്ത് തുളസി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ദ്വാദശിയിൽ അത്താഴം ഒഴിവാക്കേണ്ടതില്ല. സൂര്യോദയത്തിൽ ദശമി സംബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും അരുണോദയത്തിൽ ദ്വാദശി സംബന്ധമുള്ള ഏകാദശിക്ക് ആനന്ദപക്ഷ ഏകാദശിയെന്നും പറയുന്നു. യഥാക്രമം പിതൃപക്ഷവും ദേവപക്ഷവും.

ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതലാണ് ദിവസം ആരംഭിക്കുന്നത്. ആനന്ദപക്ഷ ഏകാദശിക്ക് അരുണോദയം (സൂര്യോദയത്തിന് നാലു നാഴിക മുമ്പ്) മുതൽ ദിവസം തുടങ്ങും. ആനന്ദപക്ഷക്കാർ അരുണോദയത്തിൽ ഏകാദശിക്ക് ദശമിസ്പർശം വന്നാൽ ആ ദിവസം വ്രതമെടുക്കില്ല. പിറ്റേദിവസമാണ് വ്രതാനുഷ്ഠാനം. ഈ ഷഡ്തില ഏകാദശി ഭൂരിപക്ഷ ഏകാദശിയാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

error: Content is protected !!
Exit mobile version