Saturday, 23 Nov 2024

ഷഷ്ഠി വിഷുവിന്; രോഗശാന്തിക്കും സല്‍പുത്രലാഭത്തിനും ശ്രേഷ്ഠം

അശോകൻ ഇറവങ്കര

ഉദ്ദിഷ്ടകാര്യ സിദ്ധിക്ക്‌ ഏറ്റവും ഫലപ്രദമായ ആചരണമാണ് സുബ്രഹ്മണ്യ പ്രീതികരമായ ഷഷ്ഠി. സന്താന സൗഖ്യത്തിനും, ദാമ്പത്യ സൗഖ്യത്തിനും, കടബാധ്യതാ മോചനത്തിനും എല്ലാ മാസവും വെളുത്ത
പക്ഷത്തിലെ ഷഷ്ഠി വ്രതം ഏറെ ഗുണകരമാണ്. മേടമാസത്തിലെ അതായത് ചൈത്രമാസത്തിലെ ഷഷ്ഠിനാളില്‍ സ്‌കന്ദനെ പൂജിച്ചാല്‍ സല്‍പുത്രലാഭവും രോഗശാന്തിയും സിദ്ധിക്കും. അന്നേദിവസം വ്രതം അനുഷ്ഠിച്ചാല്‍ സ്‌കന്ദനെ പോലെ തേജസ്വിയും ദീര്‍ഘായുഷ്മാനും ശക്തനുമായ പുത്രനെ ലഭിക്കും. 2024 ഏപ്രിൽ 14 വിഷു നാളിലാണ് മേടമാസ ഷഷ്ഠി.

സുബ്രഹ്മണ്യന്‍ താരകാസുരനെ വധിച്ചതോടെ അവന്റെ രക്തം പ്രവഹിച്ച് ഒട്ടേറെ മുനിമാർ കാലപുരി പ്രാപിച്ചു.
ഇത് കണ്ടു സ്‌കന്ദ ഭഗവാന്‍ അമൃത് കൊണ്ട് അവരെ പുനര്‍ജനിപ്പിക്കുകയും താരകാസുരന്റെ ശരീരത്തില്‍ നിന്നും ഉത്ഭവിച്ച രക്തത്തെ പര്‍വ്വതമാക്കി മാറ്റുകയും ചെയ്തു. ആ പര്‍വ്വതത്തിന് സ്‌കന്ദപര്‍വ്വതം എന്ന് പേര് വന്നു. സ്‌കന്ദന്‍ ആ പര്‍വ്വതത്തില്‍ സ്ഥിരവാസമാക്കി. ഇപ്രകാരം ചെയ്തത് ഒരു ചൈത്രമാസത്തിലെ ഷഷ്ഠി തിഥിക്കാണ്. അന്ന് തന്നെ പൂജിക്കുന്ന എല്ലാവര്‍ക്കും രോഗശാന്തി സിദ്ധിക്കുമെന്ന് ഭഗവാന്‍ അരുളിച്ചെയ്തു.
ഇതാണ് മേടമാസത്തിലെ ഷഷ്ഠി സംബന്ധമായ കഥ.

മകയിരം, ചിത്തിര, അവിട്ടം നാളുകാർ ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍, ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവർ ചൊവ്വാ ദോഷമുള്ളവർ
തുടങ്ങിയവർ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്. വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് പ്രധാനമായും വ്രതം എടുക്കുന്നത്. അമാവാസി മുതൽ ഷഷ്ഠി വരെയുള്ള ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് കഠിനഷഷ്‌ഠി നോക്കുന്നവരുമുണ്ട്. പഞ്ചമി ദിവസം ഒരു നേരം ഭക്ഷണം കഴിച്ച്, ഷഷ്ഠിനാളിൽ സുബ്രഹ്മണ്യ ക്ഷേത്രദർശനവും വഴിപാടുകളും മറ്റും നടത്തിയ ശേഷം ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചാണ് സാധാരണ വ്രതം പൂർത്തിയാക്കുന്നത്. ഷഷ്ഠിനാൾ സന്ധ്യയ്ക്ക് സുബ്രഹ്മണ്യ അഷ്ടോത്തരം, സ്കന്ദ് ഷഷ്ഠി കവചം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കരാവലംബ സ്തോത്രം, സുബ്രഹ്മണ്യ ഭുജംഗം, ഷഷ്‌ഠി ദേവിസ്‌തുതി എന്നിവ ചൊല്ലുന്നത് നല്ലതാണ്. പിറ്റേന്ന് തുളസീതീർഥം സേവിച്ച് പാരണ വിടുന്നു.

സുബ്രഹ്മണ്യ മൂലമന്ത്രമായ ഓം വചദ്ഭുവേ നമഃ വ്രതം നോൽക്കുന്നവരും അല്ലാത്തവരും ഷഷ്ഠി ദിവസം കഴിയുന്നത്ര തവണ ജപിക്കുന്നത് വളരെ നല്ലതാണ്. ഈ ദിവസം സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് മക്കളുടെ ഉയര്‍ച്ചയ്ക്ക് ഉത്തമമാണ്. ഓം ശരവണ ഭവഃ ഈ ദിവസം കുറഞ്ഞത് 21 തവണ ജപിക്കണം. സുബ്രഹ്മണ്യ ധ്യാനം
സുബ്രഹ്മണ്യ ഗായത്രി, മൂലമന്ത്രം, സുബ്രഹ്മണ്യ രായം എന്നിവ നിത്യജപത്തിനും ശ്രേഷ്ഠമാണ്

സുബ്രഹ്മണ്യ ധ്യാനം
സ്ഫുരൻ മകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

(ഭഗവാനെ ധ്യാനിച്ച് ഭഗവൽ രൂപം സങ്കല്പിച്ച് വേണം ധ്യാനശ്ലോകം ജപിക്കാൻ. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും. അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം ഇവയാൽ വിഭൂഷിതനും ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോട് കൂടിയവനും കൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും മഞ്ഞപ്പട്ട് ഉടുത്തവനുമായ ശ്രീ സുബ്രഹ്മണ്യ സ്വാമിയെ ധ്യാനിക്കുന്നു.)

സുബ്രഹ്മണ്യ ഗായത്രി
സനൽ കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

Story Summary: Significance and Benefits of Chitra Masa (Medam Month) Shasti Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version