Friday, 22 Nov 2024

സങ്കടങ്ങളിൽ നിന്നും മുക്തി നേടാൻ 12 മന്ത്രങ്ങൾ എന്നും ജപിക്കാം

ജ്യോതിഷരത്നം വേണു മഹാദേവ്

ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് അനേകം മന്ത്രങ്ങളുണ്ട്. ഏതൊരു മന്ത്രവും ശുദ്ധിയോടെ വൃത്തിയോടെ, നിഷ്ഠയോടെ, ഏകാഗ്രതയോടെ ജപിച്ചാൽ തീർച്ചയായും ഉത്തമഫലം ലഭിക്കും. ഗണപതി മൂലമന്ത്രം തടസം മാറുന്നതിനും ദ്വാദശാക്ഷര മന്ത്രവും ശ്രീകൃഷ്ണ മൂലമന്ത്രവും ഇഷ്ടകാര്യസിദ്ധിക്കും സ്വയംവര മന്ത്രം വിവാഹതടസം മാറാനും സന്താന ശങ്കര മന്ത്രം സന്താന ഭാഗ്യത്തിനും ദുർഗ്ഗാ മന്ത്രം ദുരിതം മാറാനും ലക്ഷ്മി മന്ത്രം ഐശ്വര്യത്തിനും സരസ്വതിയുടെ മൂലമന്ത്രം വിദ്യാപുരോഗതിക്കും ലക്ഷ്മി നാരായണ മന്ത്രം ആഗ്രഹസാഫല്യത്തിനും ഭദ്രകാളി മന്ത്രം ഭയം മാറ്റുന്നതിനും നരസിംഹമന്ത്രം ശത്രുദോഷം തീരാനും മൃത്യുഞ്ജയ മന്ത്രം ദീർഘായുസിനും ധന്വന്തരി മന്ത്രം രോഗാരിഷ്ടതകൾ മാറുന്നതിനും ഉത്തമമാണ്. ഈ മന്ത്രങ്ങളെല്ലാം ചിട്ടയോടെ ജപിക്കണം. ഓരോ ആവശ്യത്തിനും ഒരോ മന്ത്രമാണെന്ന കാര്യം പ്രത്യേകം ഓർക്കണം.

തടസം അകറ്റാൻ
ഗണപതി ഭഗവാൻ

ശ്രീപരമേശ്വരന്റെയും പാർവതി ദേവിയുടെയും പുത്രനായ ഗണേശ ഭഗവാനെ വണങ്ങി നിത്യവും മൂലമന്ത്രം ജപിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും വിഘ്നേശ്വരൻ അകറ്റും. ഓം ഗം ഗണപതയേ നമഃ എന്നതാണ് ഭഗവാന്റെ മൂല മന്ത്രം. നിത്യവും100 തവണ
ചൊല്ലുക. തടസങ്ങൾ മാറി പുരോഗതിയുണ്ടാകും.

ഇഷ്ട കാര്യസിദ്ധിക്ക്
ശ്രീകൃഷ്ണൻ

ഓം നമോ ഭഗവതേ വാസുദേവായ എന്ന ശ്രീകൃഷ്ണ മന്ത്രം 108വീതം നിത്യവും 2നേരം ജപിക്കുക. തടസങ്ങൾ എല്ലാം അകന്ന് ഇഷ്ടകാര്യ സിദ്ധിക്ക് ഉത്തമമാണ് ദ്വാദശാക്ഷര മന്ത്ര ജപം. ശ്രീകൃഷ്ണ ഭഗവാന്റെ മൂല മന്ത്രമായ ഓം ക്ളീം കൃഷ്ണായ നമഃ നിത്യവും 2നേരം 108വീതം ചൊല്ലുന്നതും ഇഷ്ടകാര്യ സിദ്ധിക്ക് ഗുണകരമാണ്.

വിവാഹതടസം മാറാൻ
സ്വയംവര മന്ത്രം

പാർവതി ദേവിയെയാണ് സ്വയംവരമന്ത്രം കൊണ്ട് ഉപാസിക്കുന്നത്. സർവ്വവശ്യമാണ് ഫലം. വിവാഹ തടസം നേരിടുന്നവർക്ക് അത്യുത്തമമാണ്. മറ്റുളളവർ ഇത് പതിവായി ജപിച്ചാൽ സകലകാര്യ വിജയവും ആകർഷകത്വവും ഉണ്ടാകും. കുറഞ്ഞത് എട്ടു തവണ ജപിക്കണം. ഇതാണ് മന്ത്രം:

ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗേശ്വരി
യോഗഭയങ്കരി സകല സ്ഥാവര
ജംഗമസ്യ മുഖ ഹൃദയം മമ വശം
ആകർഷ ആകർഷയഃ സ്വാഹ

സന്താന ഭാഗ്യത്തിന്
സന്താന ശങ്കര മന്ത്രം

സന്താന ഭാഗ്യത്തിന് ഉത്തമമാണ് സന്താന ശങ്കര മന്ത്രം. കുഞ്ഞുങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്ന ദമ്പതികൾ ഇരുവരും ഒന്നിച്ചിരുന്ന് രാവിലെയും വൈകിട്ടും 84 തവണ വീതം 18 ദിവസം തുടർച്ചയായി ജപിക്കുക. തിരുവാതിര നക്ഷത്രം ജപം തുടങ്ങുവാൻ നല്ലതാണ്. 3 മാസം 18 ദിവസം വീതം ജപം ആവർത്തിക്കുക. സന്താന യോഗം ഉണ്ടാകും. മന്ത്രം ഇതാണ് :

പാർവതീശ മഹാദേവ സുതം
മേ ദേഹി ശങ്കര യുവാനം
ധർമ്മ നിരതം
ആയുഷ്മന്തം യശസ്വിനം

ദുരിതങ്ങൾ തീർക്കാൻ
ദുർഗ്ഗാമന്ത്രം

ദുരിതങ്ങൾ തീരുന്നതിനും കഷ്ടപ്പാടുകളും അലച്ചിലും അകലുന്നതിനും ദുർഗ്ഗാമന്ത്രം നല്ലതാണ്. നിത്യവും 2നേരം 28 ദിവസം 36 തവണ വീതം ചൊല്ലുക. 21ദിവസങ്ങൾ കഴിയുമ്പോൾ മാറ്റങ്ങൾ കണ്ടു തുടങ്ങും. ജപം മുടക്കാതെ തുടരുക. മന്ത്രം ഇതാണ് :
ഓം ദുർഗ്ഗാ ദേവീം
ശരണമഹം പ്രപദ്യേ

ഐശ്വര്യത്തിന്
മഹാലക്ഷ്മി മന്ത്രം

ജീവിതം ഐശ്വര്യസമൃദ്ധമാകാൻ വളരെ ഗുണകരമാണ് മഹാലക്ഷ്മി മൂല മന്ത്രം. നിത്യവും 108 തവണ വീതം ജപിക്കുക. ഓം ശ്രീം നമഃ എന്നതാണ് മഹാലക്ഷ്മി മന്ത്രം.

വിദ്യാ പുരോഗതിക്ക്
സരസ്വതി മന്ത്രം

ഓം സം സരസ്വത്യൈ നമ :എന്ന സരസ്വതി ദേവിയുടെ മൂലമന്ത്രം എല്ലാ ദിവസവും രാവിലെയും വൈകീട്ടും 108 തവണ വീതം മുടങ്ങാതെ ജപിക്കുക. സരസ്വതിദേവിയുടെ കരുണ്യത്താൽ ബുദ്ധിശക്തി വികസിക്കും. ഓർമ്മശക്തി കൂടും. അലസതയും മടിയും ഒഴിഞ്ഞു മാറി പഠിക്കുവാൻ ഉത്സാഹം ഉണ്ടാകും. മാസം തോറും ദേവി ക്ഷേത്രത്തിൽ സരസ്വതിപുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

ആഗ്രഹ സാഫല്യത്തിന്
ലക്ഷ്മീ നാരായണൻ
ആഗ്രഹിക്കുന്ന കാര്യങ്ങളിലെ തടസങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുന്നതിന് ഉത്തമമാണ് ലക്ഷ്മീ നാരായണ മന്ത്രജപം. എല്ലാ ദിവസവും 336 തവണ വീതം ജപിക്കുക.

ഓം ശ്രീം നമോ നാരായണായ എന്നതാണ് മന്ത്രം.

ശത്രുദോഷം തീരാൻ
നരസിംഹ മന്ത്രം

ശത്രു ദോഷങ്ങൾ തീരുന്നതിന് ഏറ്റവും നല്ലത് നരസിംഹ മൂർത്തിയെ ഭജിക്കുകയാണ്. അകാരണ ഭയം അകറ്റുന്നതിനും ദുരിത മോചനത്തിനും ഉത്തമമാണ് നരസിംഹ മന്ത്ര ജപം. ത്രിസന്ധ്യയാണ് ഈ മന്ത്രം ജപിക്കാൻ നല്ലത്. 3 തവണയെങ്കിലും ജപിക്കണം. ചോതി നക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്തി നൃസിംഹ മന്ത്രത്താൽ അർച്ചന കഴിപ്പിച്ചാൽ കടം തീർന്ന് സാമ്പത്തിക അഭിവൃദ്ധി ലഭിക്കും. ഇത് 7വ്യാഴാഴ്ചകൾ മുടങ്ങാതെ ചെയ്യുക. അവസാന ദിവസം പാൽ പായസം, നെയ് വിളക്ക്, ഹാരം എന്നിവ സമർപ്പിച്ചാൽ എല്ലാ ശത്രുദോഷവും തീരും. നരസിംഹ മന്ത്രം ഇതാണ് :

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

ഭയപ്പാടുകൾ മാറ്റുന്ന
ഭദ്രകാളി ഗായത്രി

ഭയവും മന:സംഘർഷവും അകറ്റി ശാന്തിയും സമാധാനവും നൽകുന്നതിനും ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കണ്ട് ഭയക്കാതിരിക്കുന്നതിനും അത്യുത്തമമാണ് ഭദ്രകാളി ഗായത്രി മന്ത്രം. എല്ലാ ദിവസവും രാവിലെയും വൈകിട്ടും 56 തവണ വീതം ജപിക്കുക. ഭദ്രകാളി ഗായത്രി ഇതാണ് :

ഓം രുദ്ര സുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ: കാളി പ്രചോദയാത്

ദീർഘായുസിന്
മൃത്യുഞ്ജയ മന്ത്രം

രോഗശമനത്തിനും അകാലമൃത്യുവും അപകട മരണവും ഒഴിഞ്ഞു പോകുന്നതിനും കാലന്റെയും കാലനായ ശിവനെ ഉപാസിക്കുന്ന അത്ഭുത മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഏറെ അനുഭവ സിദ്ധമായ മന്ത്രമാണിത്. ഇതുകൊണ്ട് അർച്ചനയും പൂജയും ഹോമവും നടത്തും. എല്ലാത്തരത്തിലുമുള്ള രോഗഭീതി അതിജീവിക്കാൻ ഈ മന്ത്രം ദിവസവും കഴിയുന്നത്ര തവണ ജപിക്കുന്നത് ഗുണകരമാണ്. മന്ത്രം ഇതാണ് :

ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ധനം
ഉർവാരുക മിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാ മൃതാത്

രോഗമുക്തിക്ക്
ധന്വന്തരി മന്ത്രം

ആയുസിന്റെയും ആരോഗ്യത്തിന്റെയും ദേവനായ ധന്വന്തരി മൂർത്തിയെ രോഗാരിഷ്ടതകൾ അകറ്റാൻ ഉപാസിക്കണം. എന്നും പ്രഭാതത്തിൽ കഴിയുന്നത്ര തവണ ധന്വന്തരി മന്ത്രം ജപിച്ച് ഈ വിഷ്ണു ചൈതന്യത്തെ ഉപാസിക്കുക. രോഗമുക്തി ലഭിക്കും. ഇതാണ് മന്ത്രം:

ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരമൂർത്തേ അമൃതകലശ
ഹസ്തായ സർവാമയ വിനാശായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണുവേ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847475559

error: Content is protected !!
Exit mobile version