Monday, 30 Sep 2024

സങ്കട നിവാരണത്തിന് ഏകദന്ത ഉപാസന

എല്ലാ തടസ്സങ്ങളും നീക്കുന്ന ശ്രീമഹാഗണപതിയുടെ  അവതാരങ്ങളില്‍ പ്രധാനമാണ്  ഏകദന്തന്‍ ഗണപതി.   ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്ത ഭഗവാനും.  ഗം എന്നതാണ്   ഭഗവാന്റെ ഏകാക്ഷരീ മന്ത്രം.  സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്‌സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍  സങ്കടങ്ങളെല്ലാം അകലും.ഏക ദന്തനെന്ന ഭഗവാന്റെ  നാമം രണ്ട് പദങ്ങളുടെ സങ്കലനമാണ്. ഏക എന്നും  ദന്ത എന്നും.  ഈ രണ്ടു പദങ്ങളുടെ ഏകരൂപമാണ് ഏകദന്തം. ഏക  എന്ന ശബ്ദം മായാസൂചകമാണ്. അത് മായാദേഹരൂപത്തെയും മായാവിലാസങ്ങളെയും കുറിക്കുന്നു. ദന്ത  എന്ന ശബദം അന്ത:സത്തയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. ഭഗവാന്‍ മഹാഗണപതി മായാ രൂപധാരകനായും, പരമാത്മാവായും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട്  ഭഗവാനെ ഏകദന്തനെന്നു സ്തുതിക്കുന്നു:

ഏകദന്തം ചതുര്‍ബാഹും ഗജവക്ത്രം മഹോദരം സിദ്ധിബുദ്ധിസമായുക്തം മൂഷികാരൂഢമേഖവച നാഭിശേഷം സപാശംവൈ പരശും കമലം ശുഭം അഭയം ദധതം ചൈവ പ്രസന്നവദനാംബുജം ഭവതേഭ്യോവരദം നിത്യ– മഭക്താനാം നിഷൂദനം


അർത്ഥം: ഏകദന്തനും, ചതുര്‍ഭുജനും, ഗജമസ്തകത്തോടുകൂടിയവനും, ലംബോദരനുമായ ഭഗവാന്‍ ഗണേശൻ സിദ്ധി–ബുദ്ധി സമേതനായി മൂഷികാരൂഢനായി സഞ്ചരിക്കുന്നു . തിരുനാഭിയില്‍ ആദിശേഷനെ ആഭരണമായി അണിഞ്ഞിട്ടുള്ള ഭഗവാന്റെ തൃക്കരങ്ങളില്‍ പാശം, പരശു, താമര  എന്നിവയും, അഭയവരദമുദ്രകളും കാണാം. വികസിച്ച താമരപ്പൂവെന്നതുപോലെ ഭഗവാന്റെ തിരുവദനം എപ്പോഴും പ്രസന്നതയോടെ പ്രകാശിക്കുന്നതാണ്. ഭക്തന്മാരെ സദാ പരിപാലിച്ചുകൊണ്ടിരിക്കുന്ന ഭഗവാന്‍ ദുഷ്ടരെ നിഗ്രഹിക്കും. മന: ശരീര ശുദ്ധിയോടുകൂടി  കൊളുത്തി വച്ച നിലവിളക്കിന് മുന്നിലിരുന്ന് ദിവസേനകാലത്തും വൈകിട്ടും 108 പ്രാവശ്യം  ഏകദന്ത സ്തുതി  ചൊല്ലുക.  ദാരിദ്ര്യദുഃഖം, സന്താന ദുഃഖം, കുടുംബകലഹം, വസ്തുതര്‍ക്കം, തൊഴിലില്ലായ്മ തുടങ്ങി നിത്യ ജീവിതത്തില്‍  അഭിമുഖീകരിക്കുന്ന എല്ലാദുരിതങ്ങള്‍ക്കും  പരിഹാരം ഉണ്ടാക്കിത്തരും ശ്രീവിഘ്‌നഹരേശ്വരൻ.

error: Content is protected !!
Exit mobile version