Friday, 22 Nov 2024

സങ്കഷ്ടഹര ചതുർത്ഥി, ബുധ രാശിമാറ്റം; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

(2024 ജനുവരി 28 – ഫെബ്രുവരി 3)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2024 ജനുവരി 28 ന് മകം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം ഗണേശ സങ്കഷ്ട ചതുർത്ഥിയാണ്. ഗണപതി ഉപാസനയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഏറ്റവും ഉത്തമായ ദിനമാണ് കൃഷ്ണപക്ഷ ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാൾ വരുന്ന ഈ ചതുർത്ഥിയെ സങ്കഷ്ടഹര ചതുർത്ഥി എന്നും പറയാറുണ്ട്. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും അകലുകയും ആഗ്രഹങ്ങളെല്ലാം സഫലമാകുകയും ചെയ്യും. 2024 ജനുവരി 29 തിങ്കളാഴ്ചയാണ് സങ്കഷ്ടി ചതുർത്ഥി. ഗണേശ ഭഗവാന്റെ അനുഗ്രഹത്താൽ സങ്കടങ്ങൾക്ക് അറുതി വരുത്തുന്ന ദിവസമായതിനാലാണ് ഈ ദിവസത്തെ സങ്കഷ്ടഹര ചതുർത്ഥിയെന്ന് വിളിക്കുന്നത്.
ബുധൻ്റെ രാശിമാറ്റമാണ് ഈ ആഴ്ചയിലെ ജ്യോതിഷ വിശേഷം. ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് ബുധൻ മാറുന്നത് ഫെബ്രുവരി 1 വ്യാഴാഴ്ചയാണ്. ഈ മാറ്റം മീനം, മേടം, മിഥുനം, ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ഫെബ്രുവരി 20 വരെ സദ്ഫല പ്രദമാണ്. ഫെബ്രുവരി 3 ന് ശനിയാഴ്ച വിശാഖം നക്ഷത്രത്തിൽ വാരം അവസാനിക്കും.

ഈ ആഴ്ചയിലെ നക്ഷത്ര ഫലം:

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
ആത്മീയപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കും. ആരോഗ്യം അത്ര അനുകൂലമായിരിക്കില്ല. പുതിയ ചില പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിന് സമയം വളരെ നല്ലതാണ്. കുടുംബാംഗങ്ങൾക്കൊപ്പം സമൂഹത്തിന്റെ പ്രയോജനത്തിനായി ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. ദാമ്പത്യത്തിലെ വിഷമതകൾ പരിഹരിക്കും. ജോലിയിൽ മികവ് തെളിയിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.
നിത്യവും 108 തവണ വീതം ഓം ശരവണ ഭവഃ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1 , 2 )
ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളുടെ തൊഴിൽ രംഗത്ത് തടസ്സങ്ങൾ സൃഷ്ടിക്കും. പണം സമ്പാദിക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയും. കരാറുകളിലും
പ്രമാണത്തിലും ഒപ്പിടുന്നതിന് മുമ്പ് അവ ശാന്തമായി വായിച്ച് മനസ്സിലാക്കണം. പ്രതികൂല സാഹചര്യങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കും. പുതിയ കാറോ, ബൈക്കോ വാങ്ങാനാകും. പരസ്പര ധാരണയിലൂടെ ദാമ്പത്യം ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുക. എന്നും 108 തവണ വീതം ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
കഠിനാദ്ധ്വാനവും അർപ്പണബോധവും പ്രദർശിപ്പിക്കും. പണം സമ്പാദിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ തുറന്നു കിട്ടും. നിക്ഷേപങ്ങളിൽ നിന്ന് വൻപിച്ച നേട്ടം കൈവരിക്കും. ആരോഗ്യ പ്രശ്നങ്ങൾ കാരണം പങ്കാളി, കുടുംബാംഗങ്ങൾ എന്നിവർ ബുദ്ധിമുട്ട് അനുഭവിക്കും. കുടുംബകാര്യങ്ങളിൽ വിവേചനാധികാരം ബുദ്ധിപൂർവം ഉപയോഗിക്കണം . മക്കളുടെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. യാത്രകളും ധാരാളം നേട്ടങ്ങൾ നൽകും
നിത്യവും 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ക്രിയാത്മകമായി ചിന്തിക്കും. മധുരമായി സംസാരിച്ച് കാര്യങ്ങൾ സാധിക്കും. പണം കൈകാര്യം ചെയ്യുന്നതിൽ സൂക്ഷിക്കണം. നിക്ഷേപങ്ങൾ നടത്തുമ്പോൾ കൂടുതൽ
ശ്രദ്ധിക്കണം. ദു:ശീലങ്ങൾ കാരണം സ്വന്തം വീട്ടുകാർക്ക് വളരെയധികം സങ്കടമുണ്ടാകും. ദേഷ്യം വർദ്ധിക്കുന്നത് ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. പങ്കാളിയുമായി മാനസികവും ആത്മീയവുമായ ഐക്യം അനുഭവപ്പെടും.
മറ്റുള്ളവരെ വിമർശിക്കുന്നതിന് സമയവും ഊർജ്ജവും പാഴാക്കരുത്. നിത്യവും ഓം ദും ദുർഗ്ഗായ നമഃ ജപിക്കുക

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
കുടുംബജീവിതത്തിലെ ചില സമ്മർദ്ദങ്ങൾ കാരണം, ഏകാഗ്രത നശിക്കാൻ അനുവദിക്കരുത്. അനുഭവങ്ങൾ പാഠങ്ങളായി ഉൾക്കൊണ്ട് മുന്നോട്ട് പോകണം. പ്രണയം പൂവണിയും. തൊഴിൽ സംബന്ധമായ നേട്ടങ്ങളുടെ അവകാശം എടുക്കാൻ ആരെയും അനുവദിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തിൽ സമയം വളരെയധികം പ്രധാനമാണ്. സാമ്പത്തിക തടസ്സങ്ങൾ ഒഴിവാക്കാൻ ബുദ്ധിപൂർവം നീങ്ങണം. വിദേശത്ത് നേട്ടങ്ങൾ ലഭിക്കും.
ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
അനാവശ്യ ചെലവിന് സാധ്യത വളരെ കൂടുതലാണ്. പക്ഷേ വരുമാനത്തിലെ മികച്ച വർദ്ധനവ് കാരണം, ഈ ചെലവുകളുടെ ഭാരം ജീവിതത്തിൽ അനുഭവിക്കില്ല. ആരോഗ്യം അത്ര അനുകൂലമായിരിക്കില്ല. പരുഷമായി പെരുമാറും. ദേഷ്യം വർദ്ധിക്കും. വേണ്ടപ്പെട്ടവരുമായി യോജിച്ചു പോകുന്നത്തിൽ പരാജയപ്പെടും. വീട്ടിൽ ചില അറ്റകുറ്റ പണികൾ നടത്താൻ തീരുമാനിക്കും. ജോലി, ബിസിനസ് തുടങ്ങിയ കാര്യങ്ങളിൽ തന്ത്രവും പദ്ധതിയും വിലമതിക്കപ്പെടും. ഓം ഹം ഹനുമതേ നമഃ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സാമ്പത്തികമായ പ്രശ്നങ്ങളും ജോലിസ്ഥലത്തെയും കുടുംബത്തിലെയും പ്രതിസന്ധികളും മന:സംഘർഷം സൃഷ്ടിക്കും. എന്നാൽ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു വീടും ഉണ്ടാകില്ലെന്ന് മനസ്സിലാക്കി നീങ്ങി ആശ്വസിക്കാം. ശമ്പളം വർദ്ധിക്കും. പങ്കാളിയുമായി ഈ സന്തോഷം പങ്കിടാൻ ആഗ്രഹിക്കും. യാത്ര പോകാൻ പദ്ധതിയിടും. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതിരിക്കാൻ സാധ്യതയുണ്ട്. ഉദരരോഗങ്ങൾ വരാതെ നോക്കണം. ദുഃശീലങ്ങളും അഹന്തയും ഒഴിവാക്കാൻ ശ്രമിക്കണം.
എന്നും ഓം നമോ നാരായണായ ജപിക്കുന്നത് ഉത്തമം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ഒരു ചെറിയ കാര്യം സംസാരിച്ച് വഷളാക്കി ഒരു വലിയ വിവാദമായി മാറാൻ സാധ്യത കാണുന്നു. ഇത് മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കാം. സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. എന്ത് കാര്യത്തിലും പുതിയ അവസരങ്ങൾ ധാരാളം ലഭിക്കും. ശരിയായ തന്ത്രവും ആസൂത്രണവും ഗുണം ചെയ്യും. തിടുക്കത്തിൽ തീരുമാനം എടുക്കരുത്. കുടുംബങ്ങളോടുള്ള പെരുമാറ്റം പരുഷമാകാതെ നോക്കണം. ബിസിനസിൽ ശുഭകരമായ ഫലങ്ങൾ ഉണ്ടാകും. ശത്രുക്കൾ പോലും മിത്രങ്ങളാകും. ഓം ഭദ്രകാള്യൈ നമഃ നിത്യവും 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തികമായി നേരിട്ട പ്രശ്നങ്ങൾ പൂർണ്ണമായും മറികടക്കും. ലക്ഷ്മിദേവിയുടെ കടാക്ഷത്താൻ വലിയ നേട്ടങ്ങളുണ്ടാകും. സുഹൃത്തിന്റെ സ്വാർത്ഥപരമായ പെരുമാറ്റം മാനസിക സമാധാനം കെടുത്തും. വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ വളരെയധികം സന്തോഷം ലഭിക്കും. ഈ സമയത്ത്, കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരുന്ന എല്ലാ പൊരുത്തക്കേടുകളും ഇല്ലാതാക്കാൻ കഴിയും. ജീവിത പങ്കാളിയുമായി കുറവുകൾ പറഞ്ഞ് കലഹിക്കും.
ഓം ശ്രീം നമഃ, ലക്ഷ്മി അഷ്ടോത്തരം ഇവ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
കലാപരമായ കഴിവുകൾ ശരിയായി ഉപയോഗിക്കും. സുപ്രധാന ജോലികൾ ഏറ്റെടുത്ത് വിജയിപ്പിക്കും. പുതിയ ചില സുഹൃത്തുക്കളെ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും. പ്രണയ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ കഴിയും. വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. ഒരു കുടുംബാംഗത്തിൻ്റെ വിവാഹം നിശ്ചയിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം സംജാതമാകും. ഭാഗ്യത്തിന് അനുകൂലമാവുകയും എല്ലാ മേഖലയിലും പൂർണ്ണ വിജയം ലഭിക്കുകയും ചെയ്യും.
ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ദിവസവും ജപാ

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
പണം അമിതമായി ചെലവഴിക്കുന്ന ശീലം ഒഴിവാക്കണം. ചിരകാല സ്വപ്നം സാക്ഷാത്കരിക്കും. സുപ്രധാനമായ ഒരു ചടങ്ങിലേക്കുള്ള ക്ഷണം സന്തോഷം സമ്മാനിക്കും. അമിത ആത്മവിശ്വാസം ദോഷം ചെയ്യും. വ്യക്തിപരമായ കാര്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്തുന്നത് ഒഴിവാക്കണം. ആരോഗ്യത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടാകാം. ജോലിയുമായി ബന്ധപ്പെട്ട യാത്രയിൽ നല്ല ഫലങ്ങൾ ലഭിക്കും. ഈ യാത്ര പുതിയ അവസരങ്ങൾ സൃഷ്ടിക്കും. വിദേശ ഇടപാടുകളിൽ നേട്ടങ്ങളുണ്ടാകും.
നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മാനസികമായ വിഷമങ്ങൾ മാറും. സംസാരിക്കുമ്പോൾ മനസ്സിനെ നിയന്ത്രിക്കണം. ദീർഘകാല നിക്ഷേപങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. പുതിയ
പദ്ധതിക്ക് മുതിർന്നവരുടെയോ കൂടപ്പിറപ്പുകളുടെയോ സഹായം വേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് അഭിപ്രായ വ്യത്യാസം അനുഭവപ്പെടും. ഓഫീസിൽ പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ കഴിയുന്നതിൽ
അഭിമാനിക്കും. സർക്കാർ ആനുകൂല്യവും അനുമതിയും നേടാനുള്ള ശ്രമങ്ങൾ തുടരും. ചികിത്സ ഫലപ്രദമാകും.
നിത്യവും 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

error: Content is protected !!
Exit mobile version