Wednesday, 3 Jul 2024

സത് പുത്രലാഭത്തിന് ഈ ഏകാദശി ഉത്തമം;തുടർച്ചയായ വ്രതം ഈ മാസം തുടങ്ങാം

മംഗള ഗൗരി
മകരത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി, പൗഷപുത്രദ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. സന്താനഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതികൾ ഉപവസിച്ച്, വിഷ്ണു മന്ത്ര – സ്തോത്ര ജപത്തോടെ പുത്രദ ഏകാദശി നോറ്റാൽ സത് പുത്രലാഭം ലഭിക്കുമെന്നാണ് വിശ്വാസം. 2024 ജനുവരി 21 ന് രാത്രി 07:27 ന് ഏകാദശി തിഥി അവസാനിക്കും. ജനുവരി 22 ന് വെളുപ്പിന് 1:37 വരെയാണ് ഹരിവാസരം. അന്ന് രാവിലെ 7:13 ന് ശേഷം 9:23 നകം പാരണ വിടാം.

മേടം, കർക്കടകം രാശിയിൽ പിറന്ന അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രത്തിൽ പിറന്നവർ ഏകാദശി വ്രതംമെടുക്കുന്നത് നല്ലതാണ്. വ്രതങ്ങളിൽ ശ്രേ‌ഷ്ഠം ഏകാദശി എന്നാണ് പ്രമാണം. ഇഹലോക സുഖവും പരലോക സുഖവും ഒരു പോലെ തരുന്ന വ്രതമാണിത്. മുരൻ എന്ന അസുര നിഗ്രഹത്തിന് വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശിയായത്. ദേവി ആവിർഭവിച്ച ദിവസം ഏകാദശിയായതിനാൽ ആ പേരു സ്വീകരിച്ചു. മുരനെ നിഗ്രഹിച്ചതിന് വരം ചോദിച്ച ദേവിക്ക് മഹാവിഷ്ണുവാണ് ആ തിഥി ദിനങ്ങളിൽ സ്വനാമത്തിൽ ഏകാദശിവ്രതം അനുവദിച്ചത്. മുരനെ വധിച്ചതിനാലാണ് ഭഗവാൻ മുരാരിയായി അറിയപ്പെടുന്നത്.

ചാന്ദ്രമാസത്തിലെ ഇരുപക്ഷങ്ങളിലെയും പതിനൊന്നാം തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം ഇത് വരും. വെളുപക്ഷത്തിലെ ശുക്ലപക്ഷ ഏകാദശി ഗൃഹസ്ഥർ നോൽക്കുന്നത് ശ്രേഷ്ഠമാണ്. കറുത്ത പക്ഷത്തിലുള്ളത് കൃഷ്ണപക്ഷ ഏകാദശി. ഒരു വർഷത്തിൽ 24 ഏകാദശികളുണ്ട്. ചിലപ്പോൾ ഇത് 25 എണ്ണവും ആകാം. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഒരു ഏകാദശി നാളിലാണെന്ന് വിശ്വസിക്കുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശി ഭൂരിപക്ഷ ഏകാദശി, ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷ ഏകാദശി. ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിൽ ഒരു മാസം വേണം തുടർച്ചയായുള്ള ഏകാദശിവ്രതാനുഷ്ഠാനം തുടങ്ങാൻ.

ഏകാദശിയുടെ അവസാനത്തെയും ദ്വാദശിയുടെ ആദ്യത്തെയും 15 നാഴികകൾക്ക് മദ്ധ്യേയുള്ള ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നും ഭക്ഷിക്കാതെ വിഷ്ണു ചിന്തയും ജപവുമായി കഴിയുന്നത് അത്യുത്തമമാണ്. ഈ ശ്രേഷ്ഠ സമയത്ത് മഹാവിഷ്ണുവിന്റെ സാമീപ്യം ഭൂമിയില്‍ വളരെ വളരെ കൂടുതലായി അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധിയേകും. അപ്പോൾ വിഷ്ണു മൂല മന്ത്രം ഓം നമോ നാരായണായ, വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ ജപിച്ചാൽ അളവറ്റ ഭഗവത് പ്രീതി ലഭിക്കും. ജനുവരി 21 ന് പകൽ 1:29 മണി മുതൽ 22 ന് വെളുപ്പിന് 1:37 വരെയാണ് ഹരിവാസര വേള

ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശിവ്രതത്തിന് ഏറെ പ്രധാനമാണ്. ദശമിക്കും ദ്വാദശിക്കും ഒരു നേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് ഗോതമ്പിലുള്ള ലളിത വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍, ഫലങ്ങൾ എന്നിവ കഴിക്കാം. ഏകാദശിനാൾ പൂര്‍ണ്ണ ഉപവാസമാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ച് വ്രതം എടുക്കുന്നവരുണ്ട്. അതിന് കഴിയാത്തവർ ഒരിക്കലോടെ
വ്രതം നോൽക്കുന്നു. അടുത്ത ദിവസം തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും. ഏകാദശി ദിവസം ശ്രീരാമ, ശ്രീകൃഷ്ണ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യമാംസ ഭക്ഷണം, മദ്യസേവ, ശാരീരിക ബന്ധം, പകലുറക്കം എന്നിവ പാടില്ല. രണ്ടു നേരം കുളിക്കണം. വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. മഹാവിഷ്ണുവിന് പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ക്ഷേത്രത്തിൽ സമര്‍പ്പിക്കുക, പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുക നല്ലതാണ്.

Story Summary : Importance and Benefits of Powsha putrada Ekadashi


error: Content is protected !!
Exit mobile version