Monday, 25 Nov 2024

സന്തതിക്കും യശസിനും ധനത്തിനും ശോഭനം പ്രദോഷവ്രതം

ജ്യോതിഷരത്നം വേണു മഹാദേവ്
ഭക്തരുടെ അഗ്രഹങ്ങളെല്ലാം ശിവഭഗവാൻ നൽകി അനുഗ്രഹിക്കുന്ന പുണ്യവേളയാണ് രണ്ടു പക്ഷത്തിലെയും ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ. മുപ്പത്തി മുക്കോടി ദേവകളും യക്ഷകിന്നര ഗന്ധർവന്മാരും ഋഷീശ്വരന്മാരും ഭഗവാനെ വണങ്ങുന്ന പ്രദോഷ സമയത്ത് ഭഗവാൻ അത്ര പ്രസന്നനാകും എന്നാണ് വിശ്വാസം. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെ ഇല്ലെന്ന് ബ്രഹ്മോത്തര കാണ്ഡത്തിൽ പറയുന്നുണ്ട്. പ്രദോഷ വ്രതം എടുക്കുന്നവരെ ഭഗവാൻ സകല തിന്മകളിൽ നിന്നും രക്ഷിക്കുകയും ചെയ്യും.

ഉദയത്തിൽ സൃഷ്ടിയും പ്രദോഷത്തിൽ സംഹാരവും നടക്കുന്നുവെന്നാണ് പുരാണങ്ങളും ഉപനിഷത്തുകളും പറയുന്നത്. പ്രദോഷമെന്നാൽ അളവിൽ കൂടുതൽ തിന്മകളുണ്ടാവുന്ന കാലം. അതുകൊണ്ടാണ് തിന്മകളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കുന്ന ശ്രീ പരമേശ്വരനെ ഈ സമയത്ത് വണങ്ങണമെന്ന് നിർദ്ദേശിക്കുന്നത്. മാസന്തോറും പൗർണ്ണമിക്ക് ശേഷം കറുത്തപക്ഷത്തിലും അമാവാസി കഴിഞ്ഞ് വെളുത്ത പക്ഷത്തിലും വരുന്ന ത്രയോദശി തിഥിയിലാണ് പ്രദോഷ വ്രതാനുഷ്ഠാനം. എല്ലാ ദിവസവും പ്രദോഷത്തിന് മുമ്പുള്ള ഒന്നര മണിക്കൂർ സമയവും ഏകദേശം വൈകിട്ട് 4.30 മുതൽ 6 മണിവരെ – പ്രദോഷവേള തന്നെയാണ്. ഇങ്ങനെ നിത്യവും പ്രദോഷ സമയം ഉണ്ടെങ്കിലും ത്രയോദശി തിഥിയിൽ വരുന്ന പ്രദോഷം സവിശേഷവും ശിവപ്രീതികരവും ആയതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.

ശാപമോചനം നേടാൻ അമൃത് സ്വന്തമാക്കുന്നതിനായി ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞത് ഒരു ഏകാദശി നാളിലായിരുന്നു. വ്രതശുദ്ധിയോടെ, ഉപവാസത്തോടെ അവർ വിശപ്പും ക്ഷീണവും മറന്ന് നിറുത്താതെ പാലാഴി കടഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് പ്രക്ഷുബ്ധമെങ്കിലും വെണ്മയാർന്ന കടലിന്റെ നിറം കറുത്തുതുടങ്ങി. കടലിന് മദ്ധ്യേ പുകച്ചുരുളുകൾ പൊന്തിവന്നു നിറഞ്ഞു. അതിൽനിന്നും വമിച്ച ചൂട് ദേവാസുരന്മാരെ ഒരു പോലെ ക്ഷീണിപ്പിച്ചു. കൊടിയ വിഷം അന്തരീക്ഷത്തിൽ പരക്കുകയാണെന്ന് മനസിലായി. അപകടം പരിഹരിക്കാൻ ഉടൻ തന്നെ ശിവഭഗവാന്റെ സഹായം തേടി. ഭഗവാൻ എത്തിയതും കടയുവാൻ കയറാക്കിയ വാസുകി എന്ന സർപ്പം വിഷം ശർദ്ദിച്ചു. അത് നിലത്ത് പതിച്ചാൽ പ്രപഞ്ചം തന്നെ ഭസ്മീകരിക്കും എന്ന് മനസിലാക്കിയ ശ്രീ പരമേശ്വരൻ ആ കൊടിയ വിഷം കൈക്കുമ്പിളിൽ സ്വീകരിച്ച് പാനം ചെയ്തു. ഭഗവാന്റെ ത്യാഗം കണ്ട് അമ്പരന്ന ശ്രീപാർവതി ഒട്ടും ആലോചിക്കാതെ ഭർത്താവിന്റെ തൊണ്ടയിൽ കൈ അമർത്തി. വിഷം തൊണ്ടയിൽ തടഞ്ഞുനിന്നു. വിഷത്തിന്റെ ഉഷ്ണത്താലും ഉഗ്രതയാലും പരമേശ്വരന്റെ കഴുത്ത് നീല നിറമായി മാറി. അങ്ങനെ ഭഗവാൻ നീലകണ്ഠനായി.

ഭയമകന്നപ്പോൾ പരമേശ്വരന് നന്ദിപറയാൻ പോലും മറന്ന് ദേവന്മാർ ഓടിച്ചെന്ന് വീണ്ടും പാലാഴി കടയാൻ തുടങ്ങി. അടുത്ത ദിവസമായ ദ്വാദശിക്ക് അമൃത് കിട്ടി. ദേവന്മാർ അത് ഭക്ഷിച്ചു. ഇനി വിശപ്പ്, രോഗം, വാർദ്ധക്യം, ക്ഷീണം ഇവയൊന്നും ഉണ്ടാവില്ല എന്ന സന്തോഷത്താൽ അവർ ആടിപ്പാടി. ആ ദിവസം കഴിഞ്ഞ് അടുത്ത ദിവസം പുലർന്നപ്പോഴാണ് തങ്ങളെ കാത്തു രക്ഷിച്ച ഭഗവാനെ മറന്ന കാര്യം അവർ ഓർത്തത്. ഉടൻ എല്ലാവരും കൈലാസത്തിലേക്ക് എത്തി. ഭഗവാൻ കോപിക്കുമോ എന്നവർക്ക് ഭയമുണ്ടായിരുന്നു. എന്നാൽ ഭഗവാൻ എല്ലാവരേയും സ്‌നേഹപൂർവ്വം കടാക്ഷിച്ചു. മാത്രമല്ല വിഷം കാരണം തന്റെ ആരോഗ്യത്തിന് ദോഷമൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ ആനന്ദ താണ്ഡവമാടി. എപ്പോഴും തന്നോടൊപ്പമുള്ള നന്ദിയുടെ കൊമ്പുകൾക്ക് മദ്ധ്യേ കയറിനിന്നാണ് ശ്രീപരമേശ്വരൻ
നൃത്തമാടിയത്. ആ ആനന്ദ താണ്ഡവത്തിൽ ലോകം ആഹ്‌ളാദിച്ചു. സമസ്ത ജീവജാലങ്ങളും പരമേശ്വരന്റെ ആനന്ദതാണ്ഡവം ആസ്വദിച്ച് അതിൽ ലയിച്ചു. ഇങ്ങനെ ലോകം ഒന്നടങ്കം ഭക്തിയും ശ്രദ്ധയും ശിവനിൽ കേന്ദ്രീകരിച്ച സമയമാണ് പ്രദോഷം. അന്ന് ശനിയാഴ്ചയിലെ ത്രയോദശി ആയിരുന്നതിനാൽ നിത്യവും പ്രദോഷവേളയുണ്ടെങ്കിലും ത്രയോദശിനാളിൽ വരുന്ന പ്രദോഷത്തെ വിശിഷ്ടമായി ആചരിക്കുന്നു.

ത്രയോദശി തിഥി ദിവസങ്ങളിൽ രാവിലെ കുളിച്ച് ശിവനെ ധ്യാനിച്ച് പൂജാമുറിയിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കണം. പകൽ പൂർണ്ണ ഉപവാസമെടുക്കണം. ആരോഗ്യപ്രശ്നം ഉള്ളവർ അല്പാഹാരം കഴിച്ച് വ്രത്രം എടുക്കണം. വൈകുന്നേരം ശിവഭഗവാനെ പ്രാർത്ഥിച്ച് പ്രദോഷസമയത്ത് സമീപമുള്ള ശിവക്ഷേത്രത്തിൽ ശിവദർശനം നടത്തി അവിടെ നിന്ന് നല്കുന്ന ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

“സന്തതിക്കും യശസിനും ധനത്തിനും സന്തതം ശോഭനം പ്രാദോഷികം വ്രതം ” ഇങ്ങനെയാണ് ശിവപുരാണത്തിൽ പ്രദോഷവ്രത ഫലം പറയുന്നത്.

ജ്യോതിഷരത്നം വേണു മഹാദേവ്,
+91 98474 75559

error: Content is protected !!
Exit mobile version