Friday, 22 Nov 2024

സന്താനങ്ങളുടെ സ്നേഹവും കരുതലും ലഭിക്കാൻ സ്‌കന്ദവ്രതം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
സമ്പന്നരായാലും ദരിദ്രരായാലും വളരെയേറെ കരുതലോടും സ്‌നേഹത്തോടുമാണ് സന്താനങ്ങളെ വളർത്തി വലുതാക്കുന്നത്. മക്കൾക്ക് എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അതെല്ലാം മറന്ന് തൻ കുഞ്ഞിനെ പൊൻകുഞ്ഞ് എന്ന പോലെയാണ് ഒരോരുത്തരും അവരെ സംരക്ഷിച്ച് ജീവിക്കാൻ പ്രാപ്തരാക്കുന്നത്. എന്നാൽ പറക്കമുറ്റിക്കഴിയുമ്പോൾ പലരും മാതാപിതാക്കളുടെ ത്യാഗവും കഷ്ടപ്പാടുകളും നിഷ്കരുണം മറന്നുകളയും. കൂടുതൽ സുഖസൗകര്യങ്ങൾക്കായുള്ള പാച്ചിലും പുതിയ ബന്ധങ്ങളുമാകും അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

വിവാഹശേഷം കുടുംബവും പ്രാരാബ്ധവുമായി തിരക്കുള്ളവരാകുമ്പോൾ ചിലർക്ക് മാതാപിതാക്കൾ ബാധ്യതയായി മാറും. ഒടുവിൽ അവർ വൃദ്ധസദനങ്ങളിൽ എത്തപ്പെടും. ഇത്തരത്തിലുള്ള ഒറ്റപ്പെടലും ഏകാന്തതയും നിരാസവും ഒഴിവാക്കാനും മക്കൾക്ക് എക്കാലവും തങ്ങളോട് സ്‌നേഹവും താത്പര്യവും തോന്നാനും ഭഗവാൻ ശ്രീ സുബ്രഹ്മണ്യന്റെ പ്രീതി നേടുന്നത് ഉത്തമമാണ്. കൈലാസത്തിൽ വച്ച് ജ്ഞാനപ്പഴത്തിനു വേണ്ടി ഗണപതിയും കുമാരനും തമ്മിൽ കലഹിച്ചപ്പോൾ ആദ്യം ലോകം ചുറ്റി വരുന്നയാൾക്ക് പഴം നൽകാമെന്ന് ശിവപാർവ്വതിമാർ പറഞ്ഞു. ഇത് കേട്ട് മുരുകൻ മയിലിന് പുറത്തേറി ലോകം ചുറ്റാൻ തിരിച്ചു. എന്നാൽ ഗണപതി പാർവ്വതീ പരമേശ്വരന്മാരെ പ്രദക്ഷിണം ചെയ്ത് ജ്ഞാനപ്പഴം സ്വന്തമാക്കി.

തിരിച്ചു വന്ന മുരുകൻ കഥയറിഞ്ഞ് പരിഭവിച്ചു. അങ്ങനെ കൈലാസത്തിൽ നിന്നും പിണങ്ങിയിറങ്ങിയ മുരുകൻ പഴനി മലയിൽ വാസമാക്കി. അവിടെയെത്തി ജ്ഞാനപ്പഴം നീ തന്നെയെന്ന് പറഞ്ഞ് ശിവപാർവതിമാർ മുരുകനെ ശാന്തനാക്കി. പഴം നീ എന്ന പ്രയോഗത്തിൽ നിന്നാണ് പഴനി എന്ന പേരുവന്നത്. അവിടെ വച്ചാണ് ഭഗവാൻ ശ്രീ പരമേശ്വരൻ മകനെ തന്റെ അവതാര ലക്ഷ്യങ്ങൾ ഓർമ്മപ്പെടുത്തിയത്. അതോടെ ശ്രീമുരുകന്റെ പിണക്കം മാറി. അങ്ങനെ മാനസാന്തരം വന്ന് നിൽക്കുന്ന ഭാവത്തിൽ മുരുകനെ ഷഷ്ഠി നാളിൽ വ്രതമെടുത്ത് ആരാധിച്ചാൽ എപ്പോഴും സന്താനങ്ങളുടെ സ്നേഹവും കരുതലും ലഭിക്കും. ഷഷ്ഠിനാളിലും പൂയം നാളിലും വിശാഖത്തിനും മാത്രമല്ല ചൊവ്വാഴ്ചകളിലും സ്കന്ദ വ്രതം എടുക്കാം. രാവിലെ കുളിച്ച് ശുദ്ധമായ വസ്ത്രങ്ങൾ ധരിച്ച് ഓം ഗുഹായ നമ: എന്ന മന്ത്രം ജപിച്ചു കൊണ്ട് ഭസ്മം ധരിക്കണം. തുടർന്ന് മുരുകക്ഷേത്രത്തിൽ ദർശനം നടത്തണം. അപ്പോൾ

ഓം പാർവ്വതീ തനയായ നമ:
ഓം ഗണേശ സോദരായ നമ:
ഓം സക്ന്ദായ നമ:
ഓം കുമാരായ നമ:
ഓം ത്രികാലജ്ഞാനവേ നമ:
ഓം ഐക്യബന്ധകാരണായ നമ:

എന്നീ 6 മന്ത്രങ്ങൾ 108 തവണ വീതം ജപിക്കണം. ഇതിനു പുറമെ കഴിയുന്നത്ര മുരുക കീർത്തനങ്ങളും മന്ത്രങ്ങളും ജപിക്കണം. അന്ന് ഉച്ചയ്ക്ക് പച്ചരി വറ്റിച്ച ചോറ് കഴിക്കാം. പകൽ ഉറങ്ങരുത്. ശ്രീമുരുകനെ സ്തുതിക്കുന്ന മന്ത്രങ്ങൾ, സ്തോത്രങ്ങൾ, അഷ്‌ടോത്തരശതനാമാവലി എന്നിവ ജപിക്കണം. വൈകുന്നേരവും കുളിച്ച് ഭസ്മം ധരിച്ച് ക്ഷേത്രദർശനം നടത്തണം. ക്ഷേത്രനടയിൽ കർപ്പൂരം ശിര‌സിൽ ഉഴിഞ്ഞ് ഓം വചത്ഭുവേ നമ: , ഓം ഷൺമുഖായ നമ:, ഓം കാർത്തികേയായ നമ:, ഓം ഉമാസുതായ നമ:, പാർവ്വതീ പ്രിയനന്ദനായ നമ: , സുബ്രഹ്മണ്യയായ നമ: എന്നീ മന്ത്രങ്ങൾ ജപിക്കണം. അടുത്ത ദിവസം രാവിലെ ക്ഷേത്രദർശന ശേഷം വ്രതം മുറിക്കാം. ഇങ്ങനെ 18 ആഴ്ച തുടർച്ചയായി ചെയ്താൽ സന്താനങ്ങളുടെ സ്നേഹം ലഭിക്കും; അവരുടെ പിണക്കങ്ങൾ എല്ലാം മാറും. മന:സന്തോഷവും ഗൃഹ സുഖവും കൈവരും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ,
+91 98475 75559

error: Content is protected !!
Exit mobile version