Friday, 20 Sep 2024

സന്താനഭാഗ്യം, അഭിവൃദ്ധി, വിവാഹം; തൈപ്പൂയ ഉപാസനയ്ക്ക് ഇരട്ടി ഫലം

ജ്യോതിഷരത്നം വേണു മഹാദേവ്

സുഖവും സന്തോഷവും ശാന്തിയും ആഗ്രഹസാഫല്യവും സമ്മാനിക്കുന്ന ഭഗവാൻ സുബ്രഹ്മണ്യനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തി ലൗകികമായ അഭീഷ്ടങ്ങൾ കരസ്ഥമാക്കാൻ സ്കന്ദ ഷഷ്ഠിവ്രതം നോൽക്കുന്നത് പോലെ ശ്രേഷ്ഠമാണ് മകര മാസത്തിൽ തൈപ്പൂയ വ്രതം അനുഷ്ഠിക്കുന്നത്.

സന്താനമില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ ഒരുമിച്ച് ഈ വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ സന്താനഭാഗ്യം ഉണ്ടാകും. സന്താനങ്ങൾക്ക് അഭിവൃദ്ധി, ശത്രുദോഷ ശമനം, മുജന്മ ദോഷശാന്തി, വിവാഹഭാഗ്യം, പ്രണയസാഫല്യം തുടങ്ങിയ ഗുണാനുഭവങ്ങളും തൈപ്പൂയ വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കും. ചൊവ്വാദോഷം കാരണം വിവാഹം നീണ്ടു പോകുന്നവർ മകരത്തിലെ തൈപ്പൂയം മുതൽ മാസം തോറും പൂയം നക്ഷത്രത്തിന് ഒരു വർഷം വ്രതം നോറ്റാൽ ദോഷശാന്തിയുണ്ടായി മംഗല്യഭാഗ്യം കൈവരും. ജനുവരി 18 ചെവ്വാഴ്ചയാണ് തൈപ്പൂയം. തൈപ്പൂയനാളിൽ തുടങ്ങുന്ന സുബ്രഹ്മണ്യഭജനത്തിന് അതിവേഗം ഫലം ലഭിക്കുമെന്നും വിശ്വസിക്കുന്നു.

തമിഴ് പുണ്യമാസമാണ് തൈമാസം. തൈമാസത്തിലെ പൂയം നാളായതിനാലാണ് ‌തൈപ്പൂയം എന്ന് പേര് വന്നത്. ശിവപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയമെന്നും താരകാസുരനെ യുദ്ധത്തിൽ നിഗ്രഹിച്ച് വിജയം നേടിയ ദിവസമെന്നും ഇത് രണ്ടുമല്ല ഭഗവാന്റെ വിവാഹദിനമാണ് മകരത്തിലെ പൂയമെന്നും ഐതിഹ്യമുണ്ട്. ശ്രീ മുരുകനെ ദേവസേനാപതിയായി അഭിഷേകം ചെയ്ത ദിവസമെന്നും ഈ ദിനത്തെ വിശേഷിപ്പിക്കുന്നവരുണ്ട്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെല്ലാം തൈപ്പൂയം പ്രധാനമാണ്‌. എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം പതിവാണ്. അസുര നിഗ്രഹത്തിന് പോകും മുമ്പ് എല്ലാ ദേവന്മാരും ഉപഹാരങ്ങളും ശക്തികളും സുബ്രഹ്മണ്യന് നല്കി. അങ്ങനെ പൂർണ്ണ തേജസ്വിയായി ആയിരം സൂര്യപ്രഭാവത്തോടെ വിളങ്ങി. അതിനാൽ ഈ ദിവസത്തെ മുരുകോപാസനയ്ക്ക് അനേക മടങ്ങ് ഫലസിദ്ധിയുള്ളതായി വിശ്വസിക്കുന്നു.

തൈപ്പൂയത്തിന്റെ മൂന്നു ദിവസം മുമ്പ് മത്സ്യമാംസാദികൾ വെടിഞ്ഞ് വ്രതം തുടങ്ങണം. തലേദിവസം ഒരു നേരമേ അരിയാഹാരം പാടുള്ളൂ. തൈപ്പൂയദിവസം പൂർണ്ണമായും ഉപവസിക്കുന്നതാണ് ഉത്തമം. അതിന് സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിച്ച് കരിക്കും പഴവർഗ്ഗങ്ങളും കഴിച്ച് വ്രതമെടുക്കുക. വ്രതദിവസങ്ങളിൽ രാവിലെ കുളിച്ച് സുബ്രഹ്മണ്യക്ഷേത്ര ദർശനം നടത്തി ഓം വചത് ഭവേ നമഃ എന്ന സുബ്രഹ്മണ്യ മൂലമന്ത്രം 108 പ്രാവശ്യം ജപിക്കണം. പകലുറക്കം പാടില്ല. വ്രത ദിവസങ്ങളിൽ രാവിലെയും വൈകിട്ടും സുബ്രഹ്മണ്യന്റെ ധ്യാനശ്ലോകം ചൊല്ലുന്നത് ഉത്തമമാണ്. തൈപ്പൂയത്തിന്റെ പിറ്റേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കണം.

സുബ്രഹ്മണ്യന്റെ ധ്യാനം
സിന്ദൂരാരുണ കാന്തിമിന്ദുവദനം
കേയൂരഹാരാദിഭിർ
ദിവ്യയ്രാഭരണർവ്വിഭൂഷിതതനും
ദേവാരി ദുഃഖപ്രദം
അംഭോജാഭയ ശക്തികുക്കടധരം
രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം
ഭീതി പ്രണാശോദ്യതം

(സിന്ദൂര വർണ്ണകാന്തിയുളള, ചന്ദ്രന്റെ മുഖമുള്ള, കേയൂരം, ഹാരം തുടങ്ങിയ ദിവ്യാഭരണങ്ങളാൽ അലങ്കരിക്കപ്പെട്ട ദേഹത്തോട് കൂടിയ അസുരന്മാർക്ക് ദുഃഖം നൽകുന്ന, താമരപ്പൂവ്, അഭയ മുദ്ര, വേൽ, കോഴി, എന്നിവ കൈകളിൽ ഉള്ള ചുവന്ന പട്ടും കുറിക്കൂട്ടുകളും അണിഞ്ഞ ഭക്തരുടെ ഭയം നശിപ്പിക്കുന്ന സുബ്രഹ്മണ്യനെ പ്രണമിക്കുന്നു.)

പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം
ഭാവയേ കുക്കുട ധ്വജം

സുബ്രഹ്മണ്യ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്നോ ഷൺമുഖ പ്രചോദ യാത്

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Story Summary : Significance Of Thippoya Vritham and Benefits of Subramanya Swamy worshipping

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version